ജല-ഊര്‍ജ സുരക്ഷക്ക് ജി.സി.സിയുടെ അടിയന്തര നടപടി വേണം-ലോക ബാങ്ക് മേധാവി

റിയാദ്: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ജല-ഊര്‍ജ സുരക്ഷാഭീഷണികള്‍ നേരിടാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളോട് ലോകബാങ്കിന്റെ റീജനല്‍ ഡയറക്ടര്‍ ഇസ്സാം അബൗസ്‌ലൈമാന്‍ ആവശ്യപ്പെട്ടു.മേഖലയിലെ ഏകദേശം ആറ് കോടി വരുന്ന ജനസംഖ്യയുടെ ജല-ഊര്‍ജ സുരക്ഷ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട വര്‍ധിച്ചുവരുന്ന ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിന് വേഗത്തിലുള്ള നടപടി ആവശ്യമാണെന്ന് പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥിതിയില്‍ ഉണ്ടാകുന്ന ആഘാതങ്ങള്‍ പലപ്പോഴും ജല-ഊര്‍ജ മേഖല കൈകാര്യം ചെയ്യുന്നതിന്റെ അനന്തരഫലങ്ങളാണ്. ഉയര്‍ന്ന ബാഷ്പീകരണ നിരക്കും ശുദ്ധജലത്തിന്റെ ഒഴുകിയെത്താത്തതും കാരണം അറേബ്യന്‍ ഉള്‍ക്കടലിലും ചെങ്കടലിലും മറ്റു സമുദ്രങ്ങളെക്കാള്‍ ഉപ്പു കൂടുതലുള്ള വെള്ളമാണ്. അതുകൊണ്ട് തന്നെ വെള്ളം ശുദ്ധീകരിക്കാന്‍ ചെലവ് വളരെ കൂടുതലാണ്.

കടല്‍ജല സംസ്കരണത്തിന് നൂറുകണക്കിന് ഡീസലൈനേഷന്‍ പ്ലാന്റുകളാണുള്ളത്. കൂടാതെ പല ജി.സി.സി രാജ്യങ്ങളിലും ‘ഡീസലൈനേഷന്‍’ ഗണ്യമായി വിപുലീകരിക്കാന്‍ പദ്ധതിയുണ്ട്. എന്നാല്‍ ഈ പ്ലാന്റുകള്‍ പുറന്തള്ളുന്ന ‘ഹൈപ്പര്‍സലൈന്‍’ മാലിന്യങ്ങള്‍ ആഴം കുറഞ്ഞ തീരപ്രദേശങ്ങളില്‍ അടിഞ്ഞുകൂടുന്നുണ്ട്. ഈ മാലിന്യങ്ങളില്‍ ഉപ്പിന്റെ സാന്ദ്രത കൂടുതലാണ്. അതുകൊണ്ട് തന്നെ പുതിയ കടല്‍ജലം ഡീസാലിനേഷനായി എടുക്കുമ്പോള്‍ ആ ഉപ്പ് നീക്കം ചെയ്യാന്‍ കൂടുതല്‍ ഊര്‍ജം ആവശ്യമായി വരുന്നു.

ഉപ്പുവെള്ളം സംസ്‌കരിക്കുമ്പോള്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജത്തോടൊപ്പം ഡീസാലിനേഷനായി പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പ്രതിവിധികാണാന്‍ ജി.സി.സി നടപടി കൈക്കൊണ്ട് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി.സി.സിക്ക് അവരുടെ നിലവിലുള്ള എല്ലാ പ്ലാന്റുകളും കാര്‍ബണ്‍ രഹിത സാങ്കേതിക വിദ്യയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കഴിയുമെങ്കില്‍ പ്രതിദിനം അഞ്ച് ലക്ഷം ബാരല്‍ എണ്ണ ലാഭിക്കാനും പൂജ്യം ഹരിതഗൃഹ വാതകം ഉപയോഗിച്ച്‌ ഊര്‍ജോപയോഗം ഗണ്യമായി കുറയ്ക്കാനും കഴിയും. ഇത് അവരുടെ സാമ്പത്തിക മേഖലയില്‍ നല്ല സ്വാധീനം ചെലുത്തും. മേഖലയിലെ ഊര്‍ജ, ജലവിതരണ സംവിധാനങ്ങളുടെ പ്രശ്നങ്ങള്‍, ഉപഭോഗവും ഡിമാന്‍ഡും കുറയ്ക്കുന്നതിനുള്ള രീതികള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള രീതികളും പഠനവിധേയമാക്കണം. മെച്ചപ്പെട്ട മീറ്ററിങ്, നിരക്ക് നിര്‍ണയ ഘടനകള്‍, ഫാമുകളിലെ ഭൂഗര്‍ഭജലം പുനര്‍നിര്‍മിക്കല്‍ എന്നിവയിലൂടെ ഗണ്യമായി ജലവും ഊര്‍ജവും ഭാവിയില്‍ ലഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Sharing

Leave your comment

Your email address will not be published. Required fields are marked *