ഇന്ത്യന്‍ രൂപ ശക്തമാവുന്നു; വിനിമയ നിരക്ക് താഴേക്ക്
മസ്കത്ത്: ഒമാനി റിയാലിന്‍റെ വിനിമയ നിരക്ക് 215.50 വരെ എത്തിയ ശേഷം താഴേക്കുവരാന്‍ തുടങ്ങി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒരു റിയാലിന് 212.35 രൂപയാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്.1000 രൂപക്ക് 4.709 റിയാലാണ് ഇപ്പോള്‍ നല്‍കേണ്ടത്. ഒക്ടോബര്‍ 20ന് വിനിമയ നിരക്ക് ഒരു റിയാലിന് 215.50 രൂപവരെ ഉയര്‍ന്നിരുന്നു. 1000 രൂപക്ക് 4.637 റിയാലാണ് നല്‍കേണ്ടിയിരുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ 214 ഉം 215നും ഇടയിലായിരുന്നു വിനിമയ നിരക്ക്. എന്നാല്‍, കഴിഞ്ഞ ഏതാനും ദിവസമായി വിനിമയ നിരക്ക് താഴേക്ക് പോവുകയായിരുന്നു. ഒക്ടോബര്‍ നാല് മുതലാണ് വിനിമയ നിരക്ക് പുതിയ ഉയരങ്ങളിലേക്കെത്തിയത്.
മറ്റ് ഏഷ്യന്‍ കറന്‍സികളോടൊപ്പം ഇന്ത്യന്‍ രൂപയും നില മെച്ചപ്പെടുത്തിയതാണ് റിയലിന്റെ വിനിമയ നിരക്ക് കുറയാന്‍ കാരണം. എന്നാല്‍, ചൈനീസ് കറന്‍സിയുടെ നില മെച്ചപ്പെട്ടിട്ടില്ല. തിങ്കളാഴ്ച ഒരു മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഇന്ത്യന്‍ രൂപ എത്തുകയായിരുന്നു. ചൊവ്വാഴ്ച ഗുരു നാനാക്ക് ജയന്തിയായതിനാല്‍ ഇതേ നിരക്ക് തന്നെയാണ് ലഭിച്ചത്. ഇപ്പോള്‍ ഡോളര്‍ വില 81.92 രൂപയാണ്. ഇത് മുന്‍ ദിവസത്തേക്കാള്‍ 0.63 ശതമാനം ഉയര്‍ന്നതാണ്. ഒക്ടോബര്‍ മൂന്നിന് ശേഷമുള്ള ഇന്ത്യന്‍ രൂപയുടെ ഉയര്‍ന്ന മൂല്യമാണിത്. നിലവില്‍ ഇന്ത്യന്‍ രൂപ മെച്ചപ്പെട്ട പ്രകടനത്തിലേക്ക് നീങ്ങുന്നതിന്‍റെ പ്രവണതയാണ് കാണിക്കുന്നത്. എന്നാല്‍, എണ്ണ വില ബാരലിന് 100 ഡോളറിന് അടുത്തെത്തുകയാണ്. എണ്ണ വില ഇനിയും ഉയരുന്നതും ഡോളര്‍ ശക്തമാക്കാനുള്ള തീരുമാനം അമേരിക്കന്‍ അധികൃതര്‍ എടുക്കുന്നതും ഇന്ത്യന്‍ രൂപയെ പ്രതികൂലമായി ബാധിക്കും.
ഡോളര്‍ ശക്തി കുറയുന്നതാണ് ഇന്ത്യന്‍ രൂപക്ക് അനുഗ്രഹമാവുന്നത്. ഡോളറിന്റെ മൂല്യം മറ്റ് കറന്‍സികളെ അപേക്ഷിച്ച് 0.3 ശതമാനം കുറഞ്ഞ് 110.40 പോയന്‍റില്‍ എത്തി. സെപ്റ്റംബര്‍ മുതല്‍ ഡോളര്‍ ശക്തമാവാന്‍ തുടങ്ങിയതോടെയാണ് ഇന്ത്യ അടക്കമുള്ള എല്ലാ രാജ്യങ്ങളുടെയും കറന്‍സിയെ തകര്‍ച്ചയിലേക്ക് നയിച്ചത്. എല്ലാ രാജ്യങ്ങളുടെയും കറന്‍സി ശക്തി പ്രാപിച്ചെങ്കിലും ചൈനീസ് യുവാന്‍ തകര്‍ച്ച നേരിടുകയാണ്. ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവുവരുത്തുമെന്നും വിദേശികള്‍ക്കുള്ള ക്വാറന്റീന്‍ ലഘൂകരിക്കുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ചൈനീസ് അധികൃതര്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചതാണ് ചൈനീസ് യുവാനെ പ്രതികൂലമായി ബാധിച്ചത്. ഈ വര്‍ഷം ജനുവരി 12ന് 191 രൂപയായിരുന്നു റിയാലിന്റെ വിനിമയ നിരക്ക്. പിന്നീട് വിനിമയ നിരക്ക് മേല്‍പോട്ട് ഉയരുകയായിരുന്നു. മേയ് 11നാണ് റിയാലിന് 200 രൂപ എന്ന നിരക്കിലെത്തിയത്. പിന്നീട് ഒരിക്കലും നിരക്ക് 200 രൂപക്ക് താഴെ എത്തിയിട്ടില്ല. വിനിമയ നിരക്ക് ഉയര്‍ന്ന് റിയാലിന് 215 രൂപയും കടന്ന ശേഷമാണ് നിരക്ക് താഴേക്കുവരുന്നത്.