യുക്രേനിയന്‍ നഗരമായ മരിയുപോളില്‍ 1500 പേരുടെ കൂട്ടക്കുഴിമാടങ്ങള്‍
മരിയുപോള്‍: ദക്ഷിണ യുക്രേനിയന്‍ നഗരമായ മരിയുപോളില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി. സാറ്റലൈറ്റ് ഇമേജുകള്‍ പരിശോധിച്ചു ബിബിസി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് 1500 കുഴിമാടങ്ങള്‍ കണ്ടെത്തിയെന്ന വിവരമുള്ളത്.ആയിരത്തിലധികം ആളുകളെ ഇവിടെ സംസ്കരിച്ചതായി യുക്രെയ്ന് അധികൃതരും പ്രദേശവാസികളും സ്ഥിരീകരിച്ചു.റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന തുറമുഖ നഗരമാണു മരിയുപോള്‍. നയതന്ത്രപരമായി വലിയ പ്രാധാന്യമുള്ള ഈ നഗരം നിയന്ത്രണത്തിലാക്കുന്നതിനു റഷ്യ വന്‍ ആക്രമണമാണ് നടത്തിയത്.
യുദ്ധത്തിന്റെ ആരംഭഘട്ടം മുതല്‍ കരയിലൂടെയും ആകാശത്തുകൂടിയും റഷ്യ തുടര്‍ ആക്രമണങ്ങള്‍ നടത്തി. മേയില്‍ മരിയുപോള്‍ നഗരം റഷ്യന്‍ നിയന്ത്രണത്തിലായി. റഷ്യന്‍ ആക്രമണത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുകയും നഗരം പൂര്‍ണമായി തകര്‍ന്നടിയുകയും ചെയ്തു.മാക്സറിന്റെ പുതിയ ഉപഗ്രഹദൃശ്യങ്ങള്‍ പരിശോധിച്ചാണു ബിബിസി കുഴിമാടങ്ങള്‍ തിരിച്ചറിഞ്ഞത്. സ്റ്റാര്യി ക്രൈം, മന്‍ഹുഷ്, വൈനോര്ദ്നെ എന്നിവിടങ്ങളിലാണ് ഈ മൃതദേഹങ്ങള്‍ കൂട്ടമായി അടക്കിയ ഇടങ്ങള്‍ കണ്ടെത്തിയിട്ടുള്ളതെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.യുദ്ധം ആരംഭിച്ചതിനുശേഷം മരിയുപോളില്‍ 4,600 കുഴിമാടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണു കണക്ക്. ഈ കുഴിമാടങ്ങളില്‍ എത്രപേരെ മറവുചെയ്തെന്ന കാര്യത്തില്‍ വ്യക്തതയില്ല.
റഷ്യന്‍ ആക്രമണത്തില്‍ മരിയുപോളില്‍ മാത്രം 25,000 പേര് കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ത്തന്നെ 5,000നും 7000നും ഇടയില്‍ ആളുകള്‍ ബോംബിംഗില്‍ തകര്‍ന്ന കെട്ടിടങ്ങള്ക്കടിയില്പ്പെട്ടു മരിച്ചിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.
തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍നിന്നു റഷ്യന്‍ സൈനികര്‍ മൃതദേഹങ്ങള്‍ പുറത്തെടുത്ത്, സംസ്കരിക്കാന്‍ കൊണ്ടുപോയതു കണ്ടതായി ദൃക്സാക്ഷി ബിബിസിയോടു പറഞ്ഞു.