യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ് എട്ടിന്; കളത്തിലിറങ്ങി ബൈഡനും ട്രംപും
വാഷിങ്ടണ്‍: അമേരിക്കയില്‍ പാര്‍ലമെന്റ് ഇടക്കാല തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ നൂറില്‍ 35 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്.ഒപ്പം 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവികളിലേക്കും വോട്ടെടുപ്പ് നടക്കും. ഒരു ദിവസം കൊണ്ടുതന്നെ ഫലം അറിയാം. പ്രസിഡന്റ് ജോ ബൈഡന്റെ രണ്ടു വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലും രണ്ടു വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ജനമനസ്സിന്റെ സൂചനയുമായി ഇടക്കാല തെരഞ്ഞെടുപ്പ് മാറും. അടുത്ത തവണ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ പക്ഷത്തും നിലവിലെ പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഡെമോക്രാറ്റുകള്‍ക്കു വേണ്ടിയും പ്രചാരണ പക്ഷത്ത് സജീവമായിരുന്നു.
നിലവില്‍ സെനറ്റില്‍ റിപ്പബ്ലിക്കുകള്‍ക്ക് 50 സീറ്റും ഡെമോക്രാറ്റുകള്‍ക്ക് 48 സീറ്റും സ്വതന്ത്രര്‍ക്ക് രണ്ടു സീറ്റുമാണുള്ളത്. അതുകൊണ്ടുതന്നെ 35 സെനറ്റ് സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും ഭൂരിപക്ഷം നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതിന് സഹായകമാണ്. റിപ്പബ്ലിക്കുകള്‍ സഭയില്‍ ഭൂരിപക്ഷം നേടിയാല്‍ ബൈഡന് ഭരണകൂടത്തിന് വെല്ലുവിളിയാകും. ഹൗസ് ഓഫ് റെപ്രസന്റേറ്റിവില്‍ ഡെമോക്രാറ്റുകള്‍ക്ക് 220 അംഗങ്ങളും റിപ്പബ്ലിക്കുകള്‍ക്ക് 212 അംഗങ്ങളുമാണുള്ളത്. മൂന്നു സീറ്റ് ഒഴിഞ്ഞുകിടക്കുന്നു.