വീണ്ടും മിസൈല്‍ വിക്ഷേപിച്ച് ഉത്തരകൊറിയ; ബോംബര്‍ വിമാനമയച്ച് അമേരിക്ക
പ്യോങ് യാങ്: കൊറിയന്‍ മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ശനിയാഴ്ച ഉത്തരകൊറിയ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചു.കഴിഞ്ഞദിവസങ്ങളില്‍ ഉത്തരകൊറിയ ഹ്രസ്വദൂര മിസൈലുകളും ദീര്‍ഘദൂര മിസൈലും വിക്ഷേപിച്ചിരുന്നു. അമേരിക്കയും ദക്ഷിണകൊറിയയും സംയുക്തമായി നടത്തുന്ന സൈനിക പരിശീലനത്തിന് മറുപടിയായാണ് ഉത്തരകൊറിയ നിരന്തരം മിസൈല്‍ വിക്ഷേപണം നടത്തുന്നത്. യു.എസ്, ദക്ഷിണ കൊറിയ സൈനിക പരിശീലനം പുതിയ സാഹചര്യത്തില്‍ നീട്ടി. വിജിലന്റ് സ്റ്റോം എന്ന പേരില്‍ നടക്കുന്ന പരിശീലനത്തില്‍ കഴിഞ്ഞ ദിവസം അമേരിക്ക സൂപ്പര്‍സോണിക് ബി -1ബി ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍ അയച്ചു.
ചൈനയും റഷ്യയും ദക്ഷിണകൊറിയയിലെ സൈനിക പരിശീലനത്തിന്റെ പേരില്‍ അമേരിക്കയെ വിമര്‍ശിച്ചു. അനാവശ്യ ഇടപെടലിലൂടെ മേഖലയെ സംഘര്‍ഷഭരിതമാക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്ന് ചൈന ആരോപിച്ചു.
അതേസമയം, സഖ്യരാജ്യവുമായുള്ള സൈനിക പരിശീലനം പതിവ് ഷെഡ്യൂള്‍ അനുസരിച്ചുള്ളതാണെന്നും ഇത് മറ്റൊരു രാജ്യത്തിനും ഭീഷണിയല്ലെന്നും യു.എന്‍ രക്ഷാസമിതിയിലെ അമേരിക്കന്‍ അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു.