യുഎന്‍ കമ്മീഷനില്‍ നിന്ന് നീക്കം ചെയ്യും; ഇറാനെതിരെ പ്രതികരിച്ച് അമേരിക്ക
ടെഹ്റാന്‍ : യുഎന്‍ കമ്മീഷനില്‍ നിന്ന് ഇറാനെ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ച് അമേരിക്ക. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഇത്തരം സംഘടനകളില്‍ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്ന ഒരു രാജ്യത്തേയും അനുവദിക്കരുതെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു .
ഹിജാബ് നിയമം ലംഘിച്ചതിന് സെപ്തംബറില്‍ സദാചാര പോലീസിന്റെ കസ്റ്റഡിയില്‍ മരിച്ച 22 കാരിയായ മഹ്സ അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായി. ഈ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയുടെ പശ്ചാത്തലത്തിലാണ് ഇറാനെതിരെ അമേരിക്കയുടെ ഈ നീക്കം.
യുഎന്‍ കമ്മീഷന്‍ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇറാന്‍ അവരുടെ ജനങ്ങള്‍ക്കെതിരായ ക്രൂരമായ അടിച്ചമര്‍ത്തല്‍ നടപടിയാണ് സ്വീകരിക്കുന്നത്. അവരുടെ ഈ പ്രവൃത്തി കമ്മീഷനില്‍ പ്രവര്‍ത്തിക്കാന്‍ ഇറാനെ അയോഗ്യരാക്കുന്നുവെന്ന് ഹാരിസ് പറഞ്ഞു. ഇറാന്റെ സാന്നിധ്യം സംഘടനയുടെ അംഗത്വങ്ങളെയും പ്രവര്‍ത്തനത്തെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്നും അവര്‍ വ്യക്തമാക്കി.
ഇറാനില്‍ സദാചാര പോലീസിന്റെ നടപടികള്‍ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെയാണ് പോലീസിനെതിരെ തെരുവിലിറങ്ങുന്നത്. 280 ലധികം പ്രതിഷേധക്കാരാണ് ഇതുവരെ അടിച്ചമര്‍ത്തലില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. നിലവില്‍ അധികാരികളുടെ നടപടികള്‍ക്കെതിരെ ശിരോവസ്ത്രം കത്തിച്ചും, മുടിവെട്ടിയും ഒക്കെയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.