പരിസ്ഥിതി സൗഹൃദ ഊര്‍ജ ഉല്‍പാദനത്തിൽ വന്‍ നിക്ഷേപത്തിന് യു.എ.ഇ-യു.എസ് കരാര്‍
ദുബൈ: പരിസ്ഥിതി സൗഹൃദ ഊര്‍ജ ഉല്‍പാദന മേഖലയില്‍ 100 ശതകോടി ഡോളര്‍ നിക്ഷേപിക്കുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്ത കരാറില്‍ യു.എ.ഇയും യു.എസും ഒപ്പുവെച്ചു.2035ഓടെ ആഗോളതലത്തില്‍ 100 ജിഗാവാട്ട് ശുദ്ധമായ ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതിനാണ് കരാറിലൂടെ ലക്ഷ്യം വെക്കുന്നത്.
യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍റെ സാന്നിധ്യത്തില്‍ അബൂദബി ഇന്‍റര്‍നാഷനല്‍ പെട്രോളിയം എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സിലാണ് (അഡിപെക്) കരാര്‍ ഒപ്പുവെച്ചതെന്ന് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി അറിയിച്ചു.
യു.എ.ഇ വ്യവസായ, അഡ്വാ ന്‍സ്ഡ് ടെക്നോളജി മന്ത്രി ഡോ. സുല്‍ത്താന്‍ അല്‍ ജാബറും യു.എസ് പ്രത്യേക ദൂതനും സ്‌പെഷല്‍ പ്രസിഡന്‍ഷ്യല്‍ കോഓഡിനേറ്ററുമായ ആമോസ് ഹോഷ്‌സ്റ്റീനുമാണ് പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചത്.ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച കരാര്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുമെന്ന് ഡോ. സുല്‍ത്താന്‍ അല്‍ ജാബര്‍ പ്രസ്താവിച്ചു.
2050ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായും കുറക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും ‘നെറ്റ് സീറോ എമിഷന്‍’ ലക്ഷ്യത്തിലേക്ക് പരസ്പരം സഹായിക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായി. കാര്‍ബണ്‍ ഡയോക്‌സൈഡ്, മീഥേന്‍ തുടങ്ങിയ പരിസ്ഥിതിക്ക് ഹാനികരമായവയുടെ പുറന്തള്ളല്‍ നിയന്ത്രിക്കുന്നതിനും നൂതന ആണവ സാങ്കേതിക വിദ്യയുടെ വികസനത്തിനും വ്യാവസായിക, ഗതാഗത മേഖലകളിലെ കാര്‍ബണൈസേഷനും ഇരുരാജ്യങ്ങളും നിക്ഷേപം നടത്തുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ സന്നദ്ധമായതിനും അടുത്ത വര്‍ഷത്തെ കാലാവസ്ഥ വ്യതിയാന ഉച്ചകോടിക്ക് (കോപ്28) ആതിഥ്യമരുളുന്നതിലും യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദിനെ യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ അഭിനന്ദിച്ചതായും വൈറ്റ്ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു.
ഇരു രാജ്യങ്ങളും പങ്കിടുന്ന ആഴത്തിലുള്ള തന്ത്രപരമായ ബന്ധത്തിന്‍റെയും മിഡില്‍ ഈസ്റ്റ് മേഖലയിലെ സാമ്ബത്തിക അഭിവൃദ്ധി, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്ന യു.എസ് സമീപനത്തിന്‍റെയും ഭാഗമാണ് കരാറെന്നും പ്രസ്താവന വ്യക്തമാക്കി