ലോക സമ്പദ്‌വ്യവസ്ഥ വീണ്ടും മാന്ദ്യത്തിലേക്ക്

ലോകം വീണ്ടും ഒരു സാമ്പത്തിക മാന്ദ്യത്തിന്‍റെ പിടിയിലേക്ക് നീങ്ങുകയാണോ? അമേരിക്കയില്‍ തുടര്‍ച്ചയായി രണ്ടു ത്രൈമാസങ്ങളില്‍ സാമ്പത്തിക വളര്‍ച്ച പൂജ്യത്തിലും താഴെ പോയതോടെ സാങ്കേതികമായി മാന്ദ്യം യാഥാര്‍ഥ്യമാണ്.

അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയാല്‍ അത് ലോക സമ്പത്ത് വ്യവസ്ഥക്കുള്ള മുന്നറിയിപ്പു കൂടിയാണ്. കോര്‍പറേറ്റ് ലോകം ഈ ഭീതിയെ ചെറുക്കാനുള്ള തയാറെടുപ്പും തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയും ഇതില്‍നിന്ന് മുക്തമല്ല. യു.എസ്, യൂറോപ്പ് തുടങ്ങിയ വിപണികളെ ആശ്രയിക്കുന്ന ഐ.ടിപോലുള്ള മേഖലകളിലെ കമ്പനികള്‍ പുതിയ നിയമനങ്ങളില്‍നിന്ന് പിന്‍വാങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു.

ലോകബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ പഠനം മാന്ദ്യത്തെക്കുറിച്ച്‌ ലോകത്തിന് അതിശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്. മാന്ദ്യത്തെ തുടര്‍ന്നുണ്ടാകാവുന്ന സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെപ്പോലെ വളര്‍ന്നുവരുന്ന സമ്ബദ്വ്യവസ്ഥയുള്ള രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും 2023ല്‍ ദീര്‍ഘനാള്‍ നിലനിന്നേക്കാവുന്ന പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് ആ പഠനം മുന്നറിയിപ്പ് നല്‍കുന്നു.

പണപ്പെരുപ്പമാണ് ഈ മാന്ദ്യത്തിന് വഴിയൊരുക്കിയ വില്ലന്‍. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും മത്സരിച്ച്‌ സാമ്പത്തിക പാക്കേജുകള്‍ നടപ്പാക്കിയതോടെ വിപണികളില്‍ പണലഭ്യത കുത്തനെ വര്‍ധിച്ചു. ഇതാണ് ആഗോള തലത്തില്‍ തന്നെ പണപ്പെരുപ്പത്തിന് തുടക്കമിട്ടത്. തൊട്ടുപിറകെ റഷ്യ യുക്രെയ്നെ ആക്രമിച്ചതോടെ ലോകവിപണികളില്‍ അസംസ്കൃത എണ്ണ ഉള്‍പ്പെടെ സുപ്രധാന ഉല്‍പന്നങ്ങളുടെ ലഭ്യത താളംതെറ്റിയത് പണപ്പെരുപ്പം നിയന്ത്രണാതീതമാക്കി. ഇത് മറികടക്കാന്‍ യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വിപണിയില്‍ പണലഭ്യത കുറക്കുകയെന്ന ലക്ഷ്യത്തോടെ പലിശ നിരക്ക് വര്‍ധിപ്പിച്ചുതുടങ്ങി. ഇത് ഒരു ചങ്ങലപ്രതിഭാസമായി ലോകത്തെ മുഴുവന്‍ വരിഞ്ഞുമുറുക്കുകയാണ്.

ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചുതുടങ്ങിയതോടെ യു.എസ് കടപ്പത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറി. ഇത് മറ്റു കറന്‍സികള്‍ക്കെതിരെ ഡോളര്‍ ശക്തിപ്പെടുന്നതിന് കാരണമായി. സ്വന്തം കറന്‍സികള്‍ ദുര്‍ബലമാകുന്നതു തടയാന്‍ മറ്റു രാജ്യങ്ങള്‍ക്കു മുന്നിലും പലിശ നിരക്ക് വര്‍ധിപ്പിക്കുക എന്ന വഴിമാത്രമാണ് ഉണ്ടായിരുന്നത്. ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളെല്ലാം ആ വഴിക്കാണ് നീങ്ങുന്നതും.

വരുംനാളുകളില്‍ കൂടുതല്‍ പലിശ നിരക്ക് വര്‍ധന ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് യു.എസ് കേന്ദ്ര ബാങ്ക് ഒടുവിലത്തെ റിപ്പോര്‍ട്ടിലും നല്‍കിയിരിക്കുന്നത്. ഫലത്തില്‍ ലോകത്തെമ്ബാടും പലിശ നിരക്കുകള്‍ ഇനിയും ഉയരും. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ ഇത്തരത്തില്‍ ലോകരാജ്യങ്ങള്‍ മുഴുവന്‍ ഒരുമിച്ച്‌ പലിശ നിരക്ക് വര്‍ധിപ്പിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *