ചെറുകിടക്കാര്‍ക്ക് വിലക്ക്; ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വഴിവെട്ടി സപ്ലൈകോ
ചെറുകിട, തദ്ദേശ ഉല്പാദകരുടെ നിത്യോപയോഗ സാധനങ്ങളുടെ വില്പനക്ക് ഷോറൂമുകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി സപ്ലൈകോ.അതേസമയം, ബഹുരാഷ്ട്ര കമ്പനികളുടെ ഉല്പന്നങ്ങള് യഥേഷ്ടം വിതരണം ചെയ്യാനും അനുമതി.
ചെറുകിട-സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന സര്‍ക്കാര്‍ നിലപാടുകളെ കാറ്റില്‍ പറത്തിയാണ് ഈ നീക്കം. പത്തുകോടിയിലധികം വിറ്റുവരവുള്ള സി.സി.ഐ.എസ് കമ്പനികള്‍, പത്തോ അതിലധികമോ ഡിപ്പോകളില്‍ വില്പനയും അഞ്ചുകോടിയുടെ വാര്‍ഷിക വില്പനയുമുള്ള സി.എല്‍.സി കമ്പനികള്‍, ഉല്പാദകര്തന്നെ വിതരണക്കാരായ പ്രാദേശിക എല്‍.എല്‍.സി കമ്പനികള്‍ എന്നിവ വഴിയാണ് സപ്ലൈകോ ഡിപ്പോകളില്‍ ഉല്പന്നങ്ങള് എത്തിക്കുന്നത്. എന്നാല്‍, രണ്ടുമാസമായി ഇതിലെ ചെറുകിടക്കാരായ സി.എല്‍.സി, എല്‍.എല്‍.സി കമ്പനികള്‍ക്ക് ഔട്ട്ലെറ്റ് മാനേജിങ് സിസ്റ്റം (ഒ.എം.എസ്), പ്രീ ഓഡിറ്റ് എന്നിവ ഏര്‍പ്പെടുത്തി. സപ്ലൈകോ ഔട്ട്ലെറ്റുകളില് വില്പനക്ക് വെക്കുന്ന ഉല്പന്നങ്ങളില് നിശ്ചിതദിവസം ബാക്കിയാകുന്ന എണ്ണം കണക്കാക്കി അടുത്ത ഓര്‍ഡറില്‍ കുറവുവരുത്തുന്ന കമ്ബ്യൂട്ടറൈസ്ഡ് സംവിധാനമാണിത്.
ഇതോടെ ചെറുകിട, ഇടത്തരം ഉല്പാദകരുടെയും വിതരണക്കാരുടെയും ഉല്പന്നങ്ങള് ഔട്ട്ലെറ്റുകളില്‍നിന്ന് ഇല്ലാതായിത്തുടങ്ങി. എന്നാല്‍, ഇതേ ഇന്‍ഡന്റ് സമ്ബ്രദായം വന്‍കിട കമ്പനികളുടെ ഉല്പന്നങ്ങള്ക്ക് ബാധകമല്ലെന്ന് വിവരിച്ച് സപ്ലൈകോ എഫ്.എം.സി.ജി മാനേജര്‍ വ്യാഴാഴ്ച ഉത്തരവും ഇറക്കി. ഔട്ട്ലെറ്റുകളിലെ വിറ്റുവരവ് മനസ്സിലാക്കി ഇന്ത്യന്‍, വിദേശ, പ്രാദേശിക ബ്രാന്‍ഡുകളുടെ സ്റ്റോക്ക് ആവശ്യാനുസരണം ഡിപ്പോ മാനേജര്‍മാര്‍ക്ക് ആവശ്യപ്പെടാമെന്നും (ഇന്റന്‍ഡ്) അതേ ഉത്തരവില്‍ പറയുന്നുമുണ്ട്. വന്‍കിട കമ്ബനികള്‍ക്ക് യഥേഷ്ടം ഉല്പന്നം നല്കാന് മാത്രം സഹായകമാകുന്ന നിലപാടാണ് ഇതെന്ന് ചൂണ്ടിക്കാട്ടി ചെറുകിട ഉല്പാദകരുടെയും വിതരണക്കാരുടെയും സംഘടന വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.സപ്ലൈകോയിലെ വിതരണത്തില്‍നിന്നും 500ലേറെ ചെറുകിട ഉല്പാദകരെ ഒഴിവാക്കിയും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയും നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ഉദ്യോഗസ്ഥ ലോബിയാണെന്നാണ് ആരോപണം. ചെറുകിടക്കാരുടെ ഇന്‍ഡന്റ് വിലക്കി ഡിപ്പോ മാനേജര്‍മാര്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്നതായും അറിയുന്നു.