റഷ്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അടച്ച്‌ പോളണ്ടും ചെക്ക് റിപ്പബ്ലിക്കും;ഉപരോധവുമായി കൂടുതല്‍ രാജ്യങ്ങള്‍

ലണ്ടന്‍: ഉക്രൈന്‍ ആക്രമണത്തിന് പിന്നാലെ റഷ്യക്കെതിരെ നടപടി കടുപ്പിച്ച്‌ ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍.റഷ്യയുടെ സ്വകാര്യ വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ നിരോധനം ഏര്‍പ്പെടുത്തി. റഷ്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത പോളണ്ടും ചെക്ക് റിപ്പബ്ലിക്കും അടച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവിനുമെതിരെ ഉപരോധമേര്‍പ്പെടുത്തുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി.

പുടിന്റേയും ലാവ്‌റോവിന്റെയും അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ആസ്തികളും സ്വത്തുവകകളുമെല്ലാം മരവിപ്പിക്കും. ഇരുവര്‍ക്കും യാത്രാനിരോധനവും ഏര്‍പ്പെടുത്തിയതായി രാജ്യങ്ങള്‍ അറിയിച്ചു. റഷ്യന്‍ വിമാനക്കമ്ബനിയായ എയ്‌റോഫ്‌ലോട്ടിന് രാജ്യത്തിന്റെ വ്യോമപരിധിയില്‍ നിന്നും ബ്രിട്ടന്‍ കഴിഞ്ഞദിവസം വിലക്കേര്‍പ്പെടുത്തിയിരുന്നു.

ബാങ്കുകള്‍ക്ക് അമേരിക്കന്‍ ഉപരോധം

റഷ്യയുടെ നാലു പ്രധാന ബാങ്കുകള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. റഷ്യയില്‍ നിന്നുള്ള സാങ്കേതികമേഖലയിലെ ഇറക്കുമതിയുടെ പകുതിയിലധികം വെട്ടിക്കുറച്ചു. വാതക മേഖലയിലെ ഭീമന്‍ കമ്ബനി ഗാസ്‌പ്രോം ഉള്‍പ്പെടെ 12 കമ്ബനികളെ പാശ്ചാത്യ സാമ്ബത്തിക വിപണിയില്‍ നിന്നും മൂലധനം സ്വരൂപിക്കുന്നതില്‍ നിന്നും വിലക്കി. റഷ്യയിലേക്കുള്ള പ്രതിരോധ വ്യോമയാന സാങ്കേതികവിദ്യ കയറ്റുമതിക്കും നിയന്ത്രണങ്ങളുണ്ട്.

കടുത്ത നടപടിയുമായി യൂറോപ്യന്‍ യൂണിയന്‍

റഷ്യന്‍ ബാങ്കിങ് മേഖലയുടെ 70 ശതമാനത്തേയും പ്രതിരോധ മേഖലയിലുള്‍പ്പെടെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രധാനപ്പെട്ട കമ്ബനികള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല ഫണ്‍ ഡെര്‍ ലെയെന്‍ പറഞ്ഞു. റഷ്യയുടെ എണ്ണ ശുദ്ധീകരണശാലകള്‍ നവീകരിക്കാന്‍ ആവശ്യമായ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടേയും കയറ്റുമതിയും നിരോധിക്കും.

പുടിനെതിരെ ഉപരോധവുമായി കാനഡ

റഷ്യന്‍ ബാങ്ക് വിടിബി.യുടെയും ആയുധനിര്‍മാതാക്കളായ റോസ്‌റ്റെകിന്റെയും ആസ്തികളും ബ്രിട്ടന്‍ മരവിപ്പിച്ചു. പുടിന്റെ അടുത്ത സഹായികളായ അഞ്ചുപേര്‍ക്കും ഉപരോധമുണ്ട്. പൊതുമേഖല, സ്വകാര്യ കമ്ബനികളെ ബ്രിട്ടനില്‍നിന്നും പണം സ്വരൂപിക്കുന്നതില്‍ നിന്ന് ബ്രിട്ടന്‍ തടയും. റഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരും വാഗനര്‍ ഗ്രൂപ്പും അടക്കം 58 വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരേ കാനഡ ഉപരോധം ഏര്‍പ്പെടുത്തി. ബഹിരാകാശം, ഐ.ടി., ഖനനം മേഖലകളിലേക്കുള്ള 4146 കോടിരൂപയുടെ ചരക്കുകളുടെ കയറ്റുമതി റദ്ദാക്കി.

റഷ്യക്കാര്‍ക്ക് വിസയില്ലെന്ന് ജപ്പാന്‍

രാജ്യത്തെ റഷ്യന്‍ പൗരന്മാരുടെയും സംഘടനകളുടെയും സ്വത്തുക്കള്‍ മരവിപ്പിക്കുകയും വിസ അനുവദിക്കുന്നത് നിര്‍ത്തുകയും ചെയ്യുമെന്ന് ജപ്പാന്‍ അറിയിച്ചു. സെമികണ്ടക്ടര്‍ അടക്കമുള്ള വസ്തുക്കളുടെ കയറ്റുമതിയും റഷ്യന്‍സൈന്യവുമായി ബന്ധപ്പെട്ട സംഘടനകള്‍ക്കുള്ള കയറ്റുമതിയും നിര്‍ത്തും. റഷ്യയിലെ 25 വ്യക്തികള്‍ക്കും നാലു സാമ്ബത്തിക സ്ഥാപനങ്ങള്‍ക്കും ആയുധങ്ങള്‍ വിതരണം ചെയ്യുന്ന കമ്ബനികള്‍ക്കുമെതിരേ ഓസ്‌ട്രേലിയ ഉപരോധം ഏര്‍പ്പെടുത്തി

Sharing

Leave your comment

Your email address will not be published. Required fields are marked *