റോഡ് സുരക്ഷ അതോറിറ്റിക്ക് ഒരുവര്‍ഷം ചെലവ് 40 കോടി; അപകടങ്ങള്‍ക്ക് കുറവില്ല
കൊച്ചി: സംസ്ഥാനത്തെ റോഡ് സുരക്ഷ പദ്ധതികള്‍ നടപ്പാക്കാനും ഏകോപിപ്പിക്കുന്നതിനുമായി സ്ഥാപിക്കപ്പെട്ട അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിവര്‍ഷം ചെലവഴിക്കുന്നത് കോടികള്‍.എന്നാല്‍, അപകടങ്ങള്‍ വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ല.40.46 കോടി രൂപയാണ് റോഡ് സുരക്ഷ അതോറിറ്റി 2021ല്‍ മാത്രം വിവിധ പദ്ധതികള്‍ക്കും മറ്റുമായി ചെലവഴിച്ചതെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. ഇതില്‍ സിംഹഭാഗവും ചെലവഴിച്ചത് പദ്ധതികള്ക്കുതന്നെയാണ്-38.92 കോടി രൂപ. എന്നാല്‍, അതോറിറ്റിക്കു കീഴില്‍ നടപ്പാക്കിയ റോഡ് സുരക്ഷ പദ്ധതികള്‍ എന്തൊക്കെയെന്ന ചോദ്യത്തിന് മറുപടി നല്‍കിയിട്ടില്ല.
സ്ഥിരം ജീവനക്കാര്‍, ദിവസവേതന, കരാര്‍ ജീവനക്കാര്‍ എന്നിവരുടെ ശമ്പളയിനത്തില്‍ 1.07 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ചെലവിട്ടത്. റോഡ് സുരക്ഷ കമീഷണര്‍ ഉള്‍പ്പെടെ 16 പേരാണ് അതോറിറ്റിയുടെ കീഴിലെ ജീവനക്കാര്‍. വൈദ്യുതി, ടെലിഫോണ്‍ ചാര്‍ജിനത്തില്‍ 3.24 ലക്ഷം രൂപയും ഓഫിസ് വാടകയിനത്തില്‍ 29 ലക്ഷം രൂപയും മറ്റിനങ്ങളിലായി 13 ലക്ഷം രൂപയും അതോറിറ്റി ചെലവഴിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബര്‍ 31 വരെ അതോറിറ്റിയുടെ പേരില്‍ 127.82 കോടി രൂപ നീക്കിയിരിപ്പുണ്ടെന്നും വിവരാവകാശ പ്രവര്ത്തകന് രാജു വാഴക്കാലക്ക് ലഭിച്ച മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാറിന്റെ ബജറ്റ് വിഹിതമാണ് അതോറിറ്റിയുടെ പ്രവര്‍ത്തനഫണ്ട്. 2007ലെ കെ.ആര്.എസ്.എ ആക്ട് പ്രകാരം നിലവില്‍ വന്ന അതോറിറ്റിയുടെ ചെയര്മാന് ഗതാഗത മന്ത്രിയും വൈസ് ചെയര്മാന് പൊതുമരാമത്ത് മന്ത്രിയുമാണ്.
2021ല്‍ മാത്രം സംസ്ഥാനത്തെ നിരത്തുകളില്‍ ഉണ്ടായത് 33,321 അപകടമാണെന്ന് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കുകള്‍ വ്യക്തമാക്കുന്നു.ഈ അപകടങ്ങളില്‍ 3426 പേര്‍ക്ക് ജീവന് നഷ്ടമാവുകയും 36,803 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2020നെ അപേക്ഷിച്ച് അപകടങ്ങളിലും മരണത്തിലും വലിയ വര്‍ധനയാണ് കഴിഞ്ഞവര്‍ഷം ഉണ്ടായത്. ആ വര്‍ഷം 27,877 അപകടത്തിലായി 2979 പേര് മരിച്ചു, പരിക്കേറ്റത് 30,510 പേര്‍ക്കും.