വാട്സാപ്പ് ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് കേരള ഹൈക്കോടതി
വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് കേരള ഹൈക്കോടതി.ഇതിനെ തുടര്‍ന്ന് അശ്ലീല ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്തതിന്‍റെ പേരില്‍ ഒരു വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനെതിരെ എടുത്ത കേസ് കോടതി റദ്ദാക്കി.ആലപ്പുഴ ചേര്‍ത്തല സ്വദേശി മാനുവലിനെതിരേ എറണാകുളം പോക്സോ കോടതിയിലുള്ള കേസ് റദ്ദാക്കിയുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുക. ഗ്രൂപ്പില്‍ ഇടുന്ന പോസ്റ്റുകളില്‍ അഡ്മിന് ഒരുനിയന്ത്രണവുമില്ല. ഗ്രൂപ്പില്‍ പങ്കുവെക്കുന്ന സന്ദേശങ്ങള്‍ നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ അഡ്മിന് കഴിയില്ല. അതിനാല്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്വം അഡ്മിന് ഉണ്ടാകില്ലെന്നാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവില്‍ പറയുന്നത്.
‘ഫ്രണ്ട്സ്’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ആയിരുന്നു ഹര്‍ജിക്കാരന്‍. രണ്ടുപേരെ ഗ്രൂപ്പ് അഡ്മിനായും ചേര്‍ത്തിരുന്നു. ഇതിലൊരാള്‍ ഗ്രൂപ്പില്‍ കുട്ടികളുടെ അശ്ലീല വീഡിയോ ഷെയര്‍ ചെയ്തതിന് എറണാകുളം സിറ്റി പോലീസ് ഇയാളെ ഒന്നാംപ്രതിയാക്കി ഐ.ടി. നിയമപ്രകാരവും പോക്‌സോ ആക്‌ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിന് രൂപംനല്‍കിയ ആളെന്ന നിലയില്‍ ഹര്‍ജിക്കാരനെ കേസിലെ രണ്ടാംപ്രതിയാക്കി കോടതിയില്‍ അന്തിമ റിപ്പോര്‍ട്ടും പോലീസ് ഫയല്‍ ചെയ്തു. തുടര്‍ന്നാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുന്ന സന്ദേശങ്ങളുടെ കാര്യത്തില്‍ അഡ്മിന്‍ ഉത്തരവാദിയായിരിക്കില്ലെന്ന് ബോംബെ, ഡല്‍ഹി ഹൈക്കോടതികളും വ്യക്തമാക്കിയിട്ടുണ്ടെന്നത് കോടതി ചൂണ്ടിക്കാട്ടി.