
ബംഗ്ലാദേശികളുടെ അറസ്റ്റിന് പിന്നാലെ കൂടെ താമസിക്കുന്ന ‘അതിഥി’കളെ കാണാനില്ലെന്ന് തൊഴിലാളികള്‍; എരൂരില്‍ ഒരു സ്ത്രീയടക്കം മൂന്ന് പേര് അറസ്റ്റില്‍
എറണാകുളം: എരൂരില്‍ ഒരു സ്ത്രീയടക്കം മൂന്ന് ബംഗ്ലാദേശികളെ പൊലീസ് പിടികൂടി. പാഴ്വസ്തു ശേഖരിക്കുന്നവർ എന്ന വ്യാജേനെ താമസിച്ച സംഘത്തെ വാടക വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും ബംഗ്ലാദേശി രേഖകള്‍ പൊലീസ് പിടിച്ചെടുത്തു. മതിയായി രേഖകള്‍ ഇല്ലാതെയാണ് ഇവർ ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം പെരുമ്ബാവൂരില്‍ നിന്നും ബംഗ്ലാദേശികളെ പിടികൂടിയിരുന്നു. സമാനരീതിയില്‍ ഇന്നലെ അങ്കമാലിയില്‍ നിന്നും ഒരാളെ പിടികൂടിയിരുന്നു. ദില്‍വാർ ഹുസൈനെയാണ് അറസ്റ്റിലായത്. ഇതോടെ ഈ ആഴ്ച എറണാകുളത്ത് പിടിയിലാവരുടെ എണ്ണം ആറായി.അതിനിടെ പെരുമ്ബാവൂരില്‍ പിടിയിലായ തസ്ലീമയുടെ കൂടെ താമസിച്ചിരുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ബംഗാളികളെന്ന വ്യാജേനയാണ് ബംഗ്ലാദേശി സ്വദേശികള്‍ ഇവർക്കൊപ്പം തങ്ങിയിരുന്നത്. ബംഗ്ലാദേശി കലാപകാരികള്‍ സംസ്ഥാനത്ത് നുഴഞ്ഞുകയറിയെന്ന സൂചനയില്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും പരിശോധനകള്‍ ശക്തമാക്കിയതോടെയാണ് പെരുമ്ബാവൂർ, ആലുവ മേഖലകള്‍ സുരക്ഷിത താവളമാക്കിയ ബംഗ്ലാദേശികളില്‍ പലരും മുങ്ങിയത്.100 ഓളം ബംഗ്ലാദേശികള്‍ എറണാകുളം റൂറലില്‍ തങ്ങുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇവരില്‍ മിക്കവരും ബംഗ്ലാദേശില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. ബംഗാള്‍ സ്വദേശികള്‍ എന്ന പേരില്‍ കഴിഞ്ഞ പലരേയും കാണാനില്ലെന്ന് തൊഴിലാളികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനിടെ ബംഗ്ലാദേശി കലാപകാരികള്‍ നുഴഞ്ഞുകയറി താമസമാരംഭിച്ചുണ്ടെന്ന സൂചനയെ തുടർന്ന് ഐബിയും കേന്ദ്ര ഏജൻസികളും എറണാകുളം റൂറല്‍ മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.