പിജെ ജോസഫിൻ്റെ മകൻ അപു ജോണ്‍ ജോസഫ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിൻ്റെ നേതൃനിരയിലേയ്ക്ക്;
എറണാകുളം: പി ജെ ജോസഫിൻ്റെ മകൻ അപു ജോണ്‍ ജോസഫ് കേരളാ കോണ്‍ഗ്രസ് (ജോസഫ്) നേതൃ നിരയിലേക്കെത്തും. അപു ജോണ്‍ ജോസഫിന് പാർട്ടിയിലെ പ്രധാന പദവികളിലൊന്ന് നല്‍കാനാണ് നീക്കം.അപുവിനെ പാർട്ടിയുടെ സംസ്ഥാന കോ-ഓർഡിനേറ്റർ ആക്കാനാണ് ആലോചന. ഇന്നത്തെ ഹൈപ്പവർ കമ്മിറ്റിയില്‍ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. നിലവില്‍ ഹൈപ്പവർ കമ്മിറ്റി അംഗമാണ് അപു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അപു തൊടുപുഴയില്‍ സ്ഥാനാർത്ഥിയാകുമെന്ന നിലയിലുള്ള ചർച്ചകള്‍ നേരത്തെ മുതല്‍ സജീവമാണ്. ഈയൊരു സാഹചര്യത്തിലാണ് അപു കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിൻ്റെ നേതൃനിരയിലേയ്ക്ക് പരിഗണിക്കപ്പെടുന്നത്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ അപു മത്സരിക്കണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ ഉയർന്നിരുന്നു. അപു തിരുവമ്ബാടിയില്‍ മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ വികാരമെന്നും മലബാറിലെ ജില്ലാ കമ്മിറ്റികള്‍ ഇക്കാര്യം ഒറ്റക്കെട്ടായി പിജെ ജോസഫിനോട് ആവശ്യപ്പെടുമെന്നും ഈ ഘട്ടത്തില്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രതികരണം നടത്തിയിരുന്നു.