ചിതയ്ക്ക് തീ കൊളുത്തി തിരിച്ചെത്തി; അച്ഛന്റെ ഷര്‍ട്ടും മാലയുമണിഞ്ഞ്, സങ്കടം മറച്ച് ഓടക്കുഴലൂതി;
തിരുവനന്തപുരം: ഗായകൻ കലാഭവൻ അയ്യപ്പദാസിന്റെ ഷർട്ടും ഷൂവും മാലയും വാച്ചുമണിഞ്ഞ് ഹരിഹർദാസ് വേദിയിലേക്ക് കയറി. കൂട്ടുകാരോടൊപ്പം വൃന്ദവാദ്യം അവതരിപ്പിക്കുന്നത് കാണാൻ സദസ്സില്‍ അച്ഛനുമുണ്ടെന്ന് ഉറച്ചു വിശ്വസിച്ചു. ആ അച്ഛന്റെ ചിതയ്ക്കാണ് മണിക്കൂറുകള്‍ക്ക് മുൻപ് തീ കൊളുത്തിയതെന്ന് ഹരി മറന്നു; കൂട്ടുകാർക്കും അച്ഛനും വേണ്ടി. അത്രയും കൊതിച്ചതല്ലേ.കലോത്സവം തുടങ്ങിയ ശനിയാഴ്ച തന്നെ എത്തിയതാണ് ഹരി. കോട്ടയം ളാക്കൂട്ടൂർ എം.ജി.എം.എൻ.എസ്.എസ്.എച്ച്.എസ്.എസ്സിലെ പ്ലസ് ടു വിദ്യാർഥിയാണ്. ഞായറാഴ്ച ഓടക്കുഴലും തിങ്കളാഴ്ച വൃന്ദവാദ്യവുമായിരുന്നു മത്സരം. ഗാനമേള ബുക്കിങ് ഉള്ളതിനാല്‍ അയപ്പദാസിന് കൂടെ വരാൻ പറ്റിയില്ല. പിന്നാലെ വരാമെന്നേറ്റതാണ്. വിധി ആ രാത്രി അവർക്കായി മാറ്റിവെച്ചത് മറ്റൊന്നായിരുന്നു. കോട്ടയം-എറണാകുളം റോഡില്‍ കാണക്കാരി കവലയില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടം അയ്യപ്പദാസിന്റെ ജീവൻ തട്ടിയെടുത്തു. വിവാഹച്ചടങ്ങില്‍ പാട്ടുപാടി വീട്ടിലേക്കുള്ള മടക്കം കോട്ടയം സ്റ്റാർ വോയിസ് ഗാനമേള സംഘത്തിലെ ഗായകന്റെ അന്തായാത്രയായി.വിവരമറിഞ്ഞതോടെ അധ്യാപകർ ഹരിയെക്കൂട്ടി നാട്ടിലേക്ക് മടങ്ങി. ഏറെ കൊതിച്ചിരുന്ന ഓടക്കുഴല്‍ മത്സരവും അച്ഛനൊപ്പം നഷ്ടമായി. തിങ്കളാഴ്ച വേദി ആറിലെ വൃന്ദവാദ്യത്തിലും ഓടക്കുഴല്‍ വായിക്കേണ്ടത് അവനാണ്. ഹരി എത്തിയില്ലെങ്കിലും മത്സരത്തിനിറങ്ങാനായിരുന്നു ബാക്കി ആറു പേരുടെയും തീരുമാനം; അവന്റെ അച്ഛനുള്ള പ്രണാമമായി. ഞായറാഴ്ച രാത്രി ഒൻപതിനായിരുന്നു അയപ്പദാസിന്റെ സംസ്കാരം. മൂത്ത മകൻ ഹരി തന്നെയാണ് കർമങ്ങള്‍ ചെയ്തത്. അതുകഴിഞ്ഞ് അവനൊരു തീരുമാനമെടുത്തു. അച്ഛന്റെ സ്വപ്നം നിറവേറ്റാൻ കലോത്സവത്തിലേക്ക് മടങ്ങണം. തിങ്കളാഴ്ച ഉച്ചയോടെ തിരിച്ചെത്തി പരിശീലനും കഴിഞ്ഞാണ് വേദിയിലേക്ക് കയറിയത്. ഓടക്കുഴല്‍ വായിക്കുമ്ബോള്‍ അവൻ എല്ലാം മറന്നു. തിരശീല വീണപ്പോള്‍ പക്ഷെ. ഏഴുപേരും കരയുകയായിരുന്നു. സദസ്സിലും കണ്ണീർ നിറഞ്ഞു.