ട്രൂഡോ പടിയിറങ്ങി, കാനഡയെ യു.എസില്‍ ചേര്‍ക്കാന്‍ ട്രംപ്, എല്ലാം മസ്‌കിന്റെ പ്ലാന്‍! ;
കനേഡിയന്‍ പ്രധാനമന്ത്രി കസേരയില്‍ നിന്ന് ജസ്റ്റിന്‍ ട്രൂഡോ വൈകാതെ പുറത്തുപോകും, കഴിഞ്ഞ വര്‍ഷം നവംബറിന്റെ തുടക്കത്തില്‍ സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് കുറിച്ച വാക്കുകളാണിവ മാസങ്ങള്‍ക്കുള്ളില്‍ മസ്‌കിന്റെ പ്രവചനം ശരിയായിരിക്കുന്നു. പ്രധാനമന്ത്രി സ്ഥാനം രാജിവക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ട്രൂഡോ പ്രഖ്യാപിച്ചത്. മറ്റൊരാളെ തിരഞ്ഞെടുത്തതിനാല്‍ ലിബറല്‍ പാര്‍ട്ടിയിലെ തന്റെ പദവികളും രാജിവച്ചൊഴിഞ്ഞ അദ്ദേഹം കാനഡയില്‍ പുതിയ പ്രധാനമന്ത്രി സ്ഥാനമേല്‍ക്കുന്നത് വരെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖാലിസ്ഥാനി വിമത നേതാവ് ഹര്‍ദീപ്‌സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യയുമായി മോശം ബന്ധം തുടരുന്നതിനിടെയാണ് ട്രൂഡോയുടെ രാജിയെന്നതും പ്രസക്തമാണ്. നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യയാണെന്ന് കാനഡ നിരന്തരം ആരോപിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട ഒരു തെളിവും ഹാജരാക്കാന്‍ ട്രൂഡോ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. കാനഡയിലെ ഖാലിസ്ഥാന്‍ വാദികളുടെ പിന്തുണക്ക് വേണ്ടി ഇന്ത്യക്കെതിരെ തിരിഞ്ഞ ട്രൂഡോ ഒടുവില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും പിന്തുണ ലഭിക്കാതെയാണ് പുറത്തുപോകുന്നത്. കാനഡയിലെ നേതൃമാറ്റം ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തെ എങ്ങനെ ബാധിക്കും. 14 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ കാനഡയില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. അവരുടെ ജീവിതത്തില്‍ എന്ത് മാറ്റമുണ്ടാകും. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കുടിയേറ്റ മോഹങ്ങള്‍ എങ്ങനെ മാറും. അടുത്ത പ്രധാനമന്ത്രി ആരായിരിക്കും. അടുത്ത പ്രധാനമന്ത്രിയാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യന്‍ വംശജയായ അനിത ആനന്ദ് ആരാണ്. പരിശോധിക്കാം. 75 വര്‍ഷത്തിനിടെ കാനഡയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയാണ് ട്രൂഡോ. 2015ല്‍ അധികാരമേറ്റെടുത്തു. ആദ്യകാലങ്ങളില്‍ മികച്ച ഭരണം കാഴ്ച്ചവച്ച ട്രൂഡോക്ക് സ്വന്തം പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളാണ് വിനയായത്. അടുത്ത തിരഞ്ഞെടുപ്പില്‍ മികച്ച ഒരാളെ തിരഞ്ഞെടുക്കേണ്ടത് ഈ രാജ്യത്തിന് ആവശ്യമാണെന്നും നിലവിലെ സാഹചര്യത്തില്‍ തനിക്കതിന് കഴിയില്ലെന്നുമാണ് അദ്ദേഹം രാജി വക്കുമ്ബോള്‍ വിശദീകരിച്ചത്. നല്ല ഭരണം കാഴ്ചവക്കാന്‍ അധികാരത്തിലെത്തിയ ട്രൂഡോയുടെ ജനപ്രീതി പതിയെ ഇടിയുകയായിരുന്നു. ഇതിനിടയില്‍ അഴിമതി ആരോപണങ്ങളും പലയിടങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നു. കൊവിഡിന് ശേഷം വീട്ടുവാടകയും ഭക്ഷണ ചെലവുകളും വര്‍ധിച്ചത് നേരിടാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. പിന്നാലെ കുടിയേറ്റക്കാര്‍ക്കെതിരെ വാളെടുക്കാനായിരുന്നു ട്രൂഡോയുടെ പ്ലാന്‍. 2024ന്റെ അവസാനമെത്തിയപ്പോള്‍ ട്രൂഡോയുടെ ജനപ്രീതി 22 ശതമാനമായി കുറഞ്ഞെന്ന് പോളിംഗ് ട്രാക്കര്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കണക്കുകള്‍ അനുസരിച്ച് പ്രതിപക്ഷ സ്ഥനാര്‍ത്ഥിയേക്കാള്‍ 20 പോയിന്റുകള്‍ക്ക് പിന്നിലായിരുന്നു ട്രൂഡോ. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയെ പ്രതിസ്ഥാനത്ത് നിറുത്തി ജനശ്രദ്ധയാകര്‍ഷിക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞിരുന്നില്ല. ഇതും വീഴ്ച്ചക്ക് ആക്കം കൂട്ടിയെന്നാണ് വിലയിരുത്തല്‍. ഇതിനിടയില്‍ യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതും കാര്യങ്ങള്‍ വഷളാക്കി. പിന്നില്‍ ട്രംപ്-മസ്‌ക് ടീം .പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ട്രംപ് നടത്തിയ താരിഫ് ഭീഷണിയില്‍ കാനഡയും ഉള്‍പ്പെട്ടിരുന്നു. കാനഡ, ചൈന, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. രാഷ്ട്രീയമായും വാണിജ്യപരമായും നിരവധി കനേഡിയന്‍ വംശജരെ നേരിട്ട് ബാധിക്കുന്ന വിഷയത്തില്‍ ട്രൂഡോ നടത്തിയ ഇടപെടലുകള്‍ കാര്യക്ഷമമായില്ലെന്നാണ് വിലയിരുത്തല്‍. കാനഡയെ രാജ്യമായി അംഗീകരിക്കാതിരുന്ന ട്രംപ് ട്രൂഡോയെ യു.എസിന്റെ 51ാമത്തെ സ്‌റ്റേറ്റിലെ ഗവര്‍ണര്‍ എന്ന് വിളിച്ച് കളിയാക്കുകയും ചെയ്തിരുന്നു. ഇതും അദ്ദേഹത്തിന്റെ അനിവാര്യമായ പതനം വേഗത്തിലാക്കി. രാജിവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ 51ാമത്തെ സംസ്ഥാനമായി കാനഡയെ യു.എസിനൊപ്പം ചേര്‍ക്കുമെന്ന ഓഫര്‍ വീണ്ടും പുറത്തെടുക്കാന്‍ ട്രംപ് മറന്നിരുന്നില്ല. ഇതിനിടയില്‍ ട്രംപും ഇലോണ്‍ മസ്‌കും ചേര്‍ന്ന് ട്രൂഡോയെ പുറത്താക്കിയതാണെന്ന തരത്തിലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കുന്നുണ്ട്. ട്രൂഡോയുടെ രാജിക്ക് പിന്നാലെ മസ്‌ക് നടത്തിയ പ്രതികരണങ്ങളും ചര്‍ച്ചയായിട്ടുണ്ട്. ഇന്ത്യയുമായുള്ള ബന്ധത്തില്‍ എന്ത് മാറ്റം.രണ്ട് സാഹചര്യങ്ങളാണ് ഇനി കാനഡക്ക് മുന്നിലുള്ളത്. ഒന്നുകില്‍ ലിബറല്‍ പാര്‍ട്ടിയിലെ മറ്റൊരു നേതാവ് തന്നെ വീണ്ടും പ്രധാനമന്ത്രിയാകും. അങ്ങനെയെങ്കില്‍ വ്യാപാര-നയതന്ത്ര ബന്ധം ഏറ്റക്കുറച്ചിലുകളില്ലാതെ തുടരാനാണ് സാധ്യത. നിജ്ജാറിന്റെ കൊലപാതകം സംബന്ധിച്ച ആരോപണങ്ങളും വിവാദങ്ങളും തുടരാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മുഖ്യപ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കാനഡയുടെ വിദേശനയങ്ങളില്‍ കാര്യമായ മാറ്റമുണ്ടായേക്കും. കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പൊയ്‌ലിവര്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുമായുള്ള വ്യാപാര-നയതന്ത്ര ബന്ധത്തില്‍ പുരോഗതിയുണ്ടാകും. ട്രൂഡോ ഇന്ത്യക്കെതിരെ നടത്തിയ നീക്കങ്ങളെ നിശിതമായി വിമര്‍ശിക്കുന്നയാളാണ് പിയറി. എന്നാല്‍ 2022ല്‍ ദീപാവലി ആഘോഷങ്ങളില്‍ നിന്നും പിന്മാറിയത് അടക്കമുള്ള വിവാദ തീരുമാനങ്ങളെടുക്കുന്ന പിയറിയുടെ നയങ്ങളില്‍ കാനഡയിലെ ഇന്ത്യന്‍ വംശജര്‍ക്ക് ആശങ്കയുമുണ്ട്. വ്യാപാര ബന്ധം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയുടെ ഒരു ശതമാനമാണ് കാനഡയിലേക്കുള്ളത്. ഇന്ത്യയിലേക്ക് പയര്‍ വര്‍ഗങ്ങളാണ് കൂടുതലായും ഇറക്കുമതി ചെയ്യുന്നത്. 8.4 ബില്യന്‍ ഡോളറിന്റേതാണ് ഇന്ത്യ-കാനഡ വ്യാപാര ബന്ധം. ഇന്ത്യയിലേക്കുള്ള കയറ്റുമതി 4.6 ബില്യന്‍ ഡോളറിന്റേത്. ഇന്ത്യയുടേത് 3.8 ബില്യന്‍ മാത്രവും. വ്യാപാര ബന്ധത്തില്‍ മാറ്റം വരുത്തിയാല്‍ നഷ്ടം കാനഡക്ക് തന്നെ, പ്രത്യേകിച്ചും ട്രംപിന്റെ താരിഫ് ഭീഷണി നിലനില്‍ക്കുമ്ബോള്‍. കുടിയേറ്റത്തെ എങ്ങനെ ബാധിക്കും.ഇന്ത്യയില്‍ നിന്നടക്കമുള്ള വിദേശവിദ്യാര്‍ത്ഥികളെ സാരമായി ബാധിക്കുന്ന നിരവധി തീരുമാനങ്ങള്‍ ട്രൂഡോ നടപ്പിലാക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫാസ്റ്റ്ട്രാക്ക് വീസകള്‍ റദ്ദാക്കിയ ട്രൂഡോ സ്ഥിരതാമസക്കാരുടെ എണ്ണം കുറക്കാനും ടെംപററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാം (ടി.എഫ്.ഡബ്ല്യൂ) നിറുത്തലാക്കാനും തീരുമാനിച്ചിരുന്നു. 4.27 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും കാനഡയിലേക്ക് കുടിയേറാന്‍ കാത്തിരുന്നവരെയും സാരമായി ബാധിച്ച തീരുമാനങ്ങളായിരുന്നു ഇത്. എന്നാല്‍ പ്രതിപക്ഷത്തുള്ള പിയറി ഇക്കാര്യത്തില്‍ വിപരീത നിലപാടുകാരനാണ്. മികച്ച കഴിവുകളുള്ള വിദ്യാര്‍ത്ഥികളെയും വിദഗ്ധ തൊഴിലാളികളെയും രാജ്യത്തെത്തിക്കണമെന്നാണ് പിയറിയുടെ പക്ഷം. പിയറിയുടെ നിലപാടുകള്‍ തിരിച്ചടിയാകുമെന്ന ആശങ്കയും ഇന്ത്യന്‍ വംശജര്‍ക്കുണ്ട്. ഒക്ടോബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലെ ഫലത്തെ ആശ്രയിച്ചാകും കാനഡയും ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര-നയതന്ത്ര ബന്ധങ്ങള്‍ രൂപപ്പെടുകയെന്നാണ് വിലയിരുത്തല്‍. ആരാണ് അനിത ആനന്ദ് കാനഡയിലെ ഗതാഗത വകുപ്പ് മന്ത്രിയും ഇന്ത്യന്‍ വംശജയുമായ അനിത ആനന്ദും അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന വ്യക്തികളില്‍ ഒരാളാണ്. കാനഡയില്‍ ജനിച്ച് വളര്‍ന്ന അനിത കൊവിഡ് മഹാമാരിയെ നേരിടുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. സൈന്യത്തിലെ ലൈംഗിക അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അനിത നടത്തിയ ഇടപെടലുകളും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒക്ടോബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് ലിബറല്‍ പാര്‍ട്ടി ഇടക്കാല പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചാല്‍ അനിതക്ക് നറുക്ക് വീഴുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യയുമായി അത്ര രസത്തിലല്ലാത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവായി ഇന്ത്യന്‍ വംശയെത്തുമ്ബോള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നും കാത്തിരുന്ന് കാണണം.