വമ്ബൻ മിസൈല്‍ സന്നാഹങ്ങളുമായി ഭൂഗര്‍ഭ നഗരങ്ങള്‍ നിര്‍മിച്ച് ഇറാൻ; യുദ്ധപ്രഖ്യാപനത്തിന് കാത്തിരിക്കുകയാണെന്ന് വിപ്ലവ ഗാര്‍ഡ്
തെഹ്‌റാൻ: അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉള്‍പ്പെടെയുള്ള വമ്ബൻ യുദ്ധസന്നാഹങ്ങളുമായി ഭൂഗർഭ നഗരങ്ങള്‍ നിർമിച്ച് ഇറാൻ . പേർഷ്യൻ ഉള്‍ക്കടലിനും ഒമാൻ സമുദ്രത്തിനും ഇടയിലാണു വൻ ആയുധ സജ്ജീകരണങ്ങള്‍ ഒരുങ്ങുന്നത്. ഇറാൻ വിപ്ലവ ഗാർഡ്(ഐആർജിസി) പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി ബ്രിഗേഡിയർ ജനറല്‍ അലി മുഹമ്മദ് നൈനിയാണു പദ്ധതിയുടെ പ്രഖ്യാപനം നടത്തിയതെന്ന് ഇറാൻ മാധ്യമമായ ‘പ്രസ് ടിവി’ റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന്റെയും അമേരിക്കയുടെയും ഭാഗത്തുനിന്ന് ആക്രമണഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണു പുതിയ സൈനിക സന്നാഹങ്ങള്‍ ഇറാൻ വെളിപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച ഇറാന്റെ പടിഞ്ഞാറൻ പ്രവിശ്യയില്‍ ആരംഭിച്ച ‘പയ്ഗമ്ബറേ അഅ്‌സം’ എന്ന പേരിലുള്ള വിപുലമായ സൈനികാഭ്യാസത്തിനിടയിലാണ് ആയുധശേഖരമായി നിർമിച്ച രണ്ട് ഭൂഗർഭനഗരങ്ങള്‍ അവതരിപ്പിക്കാനിരിക്കുന്നത്. ഐആർജിസിയുടെ എയറോസ്‌പേസ് ഫോഴ്‌സിനാണ് നഗരത്തിന്റെ മേല്‍നോട്ട ചുമതല. അത്യാധുനികമായ മിസൈലുകളും ആയുധങ്ങളുമാണ് ഇവിടെയുണ്ടാകുക. ഇതോടൊപ്പം ഒരു നാവികതാവളവും ഇറാൻ പുതുതായി നിർമിച്ചിട്ടുണ്ട്. കൂടുതല്‍ സങ്കീർണവും ദീർഘവുമായ പോരാട്ടത്തിന് വിപ്ലവ ഗാർഡ് സജ്ജമാണെന്ന് ബ്രിഗേഡിയർ അലി മുഹമ്മദ് നൈനി വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇസ്രായേലിനെ ആക്രമിക്കാനുള്ള ഉത്തരവ് വരാൻ കാത്തിരിക്കുകയാണു സൈന്യം. രൂപകല്‍പനയിലും ശേഷിയിലും വലിപ്പത്തിലും ആയുധങ്ങളുടെ കരുത്തും ഉല്‍പാദനവും ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ആയുധശേഷികളും ഞങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഒരു യുദ്ധത്തിലും ശത്രുക്കള്‍ക്ക് മേല്‍ക്കൈ നേടാനാകില്ല. ഇറാൻ ഒരിക്കല്‍ പോലും ശത്രുവിന്റെ ഭാഗത്തുനിന്ന് ഇന്റലിജൻസ് തലത്തിലുള്ള തിരിച്ചടി നേരിട്ടിട്ടില്ല. ഇറാൻ വിപ്ലവ ഗാർഡില്‍നിന്ന് നേരിട്ട സൈനിക-ഇന്റലിജൻസ് പരാജയങ്ങള്‍ മറയ്ക്കാൻ വേണ്ടി ശത്രുക്കള്‍ പുതിയ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുകയാണെന്നും ബ്രിഗേഡിയർ അലി മുഹമ്മദ് ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങള്‍ വ്യാജ ഉത്സാഹത്തിലേക്കും തെറ്റിദ്ധാരണയിലേക്കുമാണ് ഇസ്രായേല്‍ ഭരണകൂടത്തെ നയിച്ചിരിക്കുന്നതെന്നും സിറിയയിലെ രാഷ്ട്രീയ മാറ്റത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ഏതു നിമിഷവും ഞങ്ങള്‍ ആക്രമണത്തിന് ഒരുക്കവും സജ്ജവുമാണെന്നാണു ശത്രുക്കളെ അറിയിക്കാനുള്ളത്. മടിച്ചുനില്‍ക്കുകയോ തീരുമാനം മാറ്റുകയോ ഒന്നും ചെയ്തിട്ടില്ല. ഉത്തരവ് വരുന്ന മുറയ്ക്ക് ഞങ്ങളുടെ കരുത്ത് പ്രദർശിപ്പിക്കാനിരിക്കുകയാണ്. ശത്രുവിന്റെ കണക്കുകൂട്ടലുകളും ധാരണകളും ഞങ്ങള്‍ മാറ്റിക്കൊടുക്കും. ഇറാൻ ഒരൊറ്റ ദിവസം പോലും മിസൈല്‍ നിർമാണം നിർത്തിയിട്ടില്ല. രാജ്യത്തെ മിസൈല്‍ പ്രതിരോധ സംവിധാനം പൂർണമായി പ്രവർത്തനസജ്ജമാണെന്നും ഐആർജിസി പബ്ലിക് റിലേഷൻസ് തലവൻ അറിയിച്ചു. അധിനിവിഷ്ട പ്രദേശങ്ങളിലെ ആകാശം ഇറാൻ സൈന്യത്തിനു മുന്നില്‍ തുറന്നുകിടക്കുകയാണെന്ന് സയണിസ്റ്റ് സൈന്യത്തിന് നല്ല തിരിച്ചറിവുണ്ടെന്ന് വാർത്താസമ്മേളനത്തില്‍ സംബന്ധിച്ച ഐആർജിസി കമാൻഡർ മേജർ ജനറല്‍ ഹുസൈൻ സലാമി പറഞ്ഞു. കൂടുതല്‍ വേഗത്തിലും കൃത്യതയോടെയും ശക്തമായും ഇസ്രായേല്‍ സ്വത്തുക്കള്‍ ആക്രമിക്കാൻ സൈന്യത്തിനാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാനിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിച്ചതായും പ്രഖ്യാപനം വന്നിട്ടുണ്ട്. വ്യോമസേനയുടെ ഭാഗമായ ഖത്താം അല്‍അമ്ബിയ എയർ ഡിഫൻസ് ബേസിലെ കമാൻഡർ ബ്രിഗേഡിയർ ജനറല്‍ ഖാദിർ റഹീംസാദയാണ് ഇക്കാര്യം അറിയിച്ചത്. ഇത് എവിടെയൊക്കെയാണെന്ന് വെളിപ്പെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത സൈനികാഭ്യാസങ്ങളില്‍ പുതിയ സജ്ജീകരണങ്ങള്‍ പരീക്ഷിക്കുമെന്നും ഖാദിർ റഹീംസാദ അറിയിച്ചു. അതിനിടെ, പേർഷ്യൻ ഉള്‍ക്കടലില്‍ ഇറാൻ നാവികസേന യുദ്ധപരിശീലനവും നടത്തുന്നുണ്ട്. 300 യുദ്ധക്കപ്പലുകളാണ് അഭ്യാസത്തില്‍ പങ്കെടുക്കുന്നത്. 2,000ത്തിലേറെ വരുന്ന സൈനിക-സിവിലിയൻ കപ്പലുകള്‍ ഭാഗമാകുന്ന നാവിക പരേഡും ഇതിന്റെ ഭാഗമായി നടക്കും. വിപ്ലവ ഗാർഡിനു കീഴിലുള്ള അർധസൈനിക വിഭാഗമായ ബാസിസ് സേനയിലെ 1,10,000ത്തോളം അംഗങ്ങള്‍ പങ്കെടുക്കുന്ന സൈനികാഭ്യാസവും ഉടൻ തെഹ്‌റാനില്‍ നടക്കുമെന്ന് ഐആർജിസി അറിയിച്ചിട്ടുണ്ട്.