
കേരളത്തിലുള്ളവര്‍ക്ക് ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം നേരിട്ട് കാണാനാകും;
കോഴിക്കോട്: അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് കേരളത്തിന് മുകളിലൂടെ കടന്നുപോകുമെന്ന് അമച്വർ വാനനിരീക്ഷകൻ സുരേന്ദ്രൻ പുന്നശ്ശേരി. ഇന്നു രാത്രി ഏകദേശം 7.25-ഓടെ കേരളത്തിന്റെ ആകാശത്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയം ദൃശ്യമാകും. തെക്ക്പടിഞ്ഞാറൻ മാനത്ത് പ്രത്യക്ഷപ്പെടുന്ന ബഹിരാകാശ നിലയം വടക്ക് കിഴക്കൻ ദിശയിലേക്ക് സഞ്ചരിക്കും. ശുക്രന്റെയും ചന്ദ്രന്റെയും സമീപത്തുകൂടി നീങ്ങി ഏഴരയോടെ വടക്ക് കിഴക്കൻമാനത്ത് അപ്രത്യക്ഷമാകുകയും ചെയ്യും. കേരളത്തില്‍ എല്ലായിടത്തും ഇന്നു രാത്രിയില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണാനാകും. എന്നാല്‍, പ്രാദേശികമായി സമയത്തില്‍ ഏതാനും സെക്കൻഡുകളുടെ വ്യത്യാസമുണ്ടാകാം. ചിലയിടങ്ങളില്‍ ശുക്രനെയും ചന്ദ്രനെയും മറ്റും മറച്ചുകൊണ്ടാകും അന്താരാഷ്ട്ര ബഹിരാകാശ നിലയം കടന്നുപോകുക .357 അടി നീളവും 240 അടി വീതിയും 89 അടി ഉയരവുമുള്ള ഈ പടുകൂറ്റൻ ആകാശക്കപ്പല്‍ ഭൂമിയില്‍നിന്ന് ഏതാണ്ട് 400 കിലോമീറ്റർ ഉയരത്തില്‍ മണിക്കൂറില്‍ ഏതാണ്ട് 27,000 കിലോമീറ്റർ വേഗത്തിലാണ് കുതിക്കുന്നത്. സുനിതാ വില്യംസ് അടക്കം ഏഴ് ഗഗനചാരികള്‍ ഇപ്പോള്‍ അതിലുണ്ട്. ഒരു സാധാരണ മൊബൈല്‍ കാമറയില്‍ ഇതിന്റെ വീഡിയോദൃശ്യം പകർത്താം. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു വാസയോഗ്യമായ കൃത്രിമ ഉപഗ്രഹമാണ് അന്തർദേശീയ ബഹിരാകാശ നിലയം. അമേരിക്ക, റഷ്യ, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെയും പിന്നെ പതിനൊന്ന് യൂറോപ്യൻ രാജ്യങ്ങളിലെയും ബഹിരാകാശ സംഘടനകളുടെ സംയുക്തമായ പദ്ധതിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. അമേരിക്കയുടെ നാസയാണ് ഈ പദ്ധതിയ്ക്ക് നേത്യത്വം കൊടുക്കുന്നത്. പ്രതിദിനം 15.7 ഭ്രമണങ്ങള്‍ പൂർത്തിയാക്കുന്ന ഇത് 330 കിലോമീറ്ററിനും 410 കിലോമീറ്ററിനും ഇടയിലുള്ള ഭ്രമണ പഥത്തിലാണ് സഞ്ചരിക്കുന്നത്. ഭൂഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന ഏറ്റവും വലിപ്പം കൂടിയ കൃത്രിമ വസ്തുവാണിത്.റഷ്യയുടെ പ്രോട്ടോണ്‍,സോയുസ് റോക്കറ്റുകളും അമേരിക്കയുടെ സ്പൈസ് ഷട്ടിലുകളും ചേർന്നാണ് ഇതിന്റെ ഭാഗങ്ങള്‍ ബഹിരാകാശത്ത് എത്തിച്ചത്. വർഷങ്ങളെടുത്ത് വിവിധ മോഡ്യൂളുകളായി കൂട്ടിച്ചേർത്ത് നിർമിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പവും ഏകദേശം 430000 കിലോഗ്രാം ഭാരവുമുണ്ട്. ബഹിരാകാശത്ത് മനുഷ്യരുണ്ടാക്കിയ ഏറ്റവും വലിയ നിർമിതിയാണിത്. 1998-ല്‍ വിക്ഷേപിച്ച നിലയത്തില്‍ 2000 മുതല്‍ സ്ഥിരമായ മനുഷ്യ സാന്നിധ്യമുണ്ട്. യഥാർത്ഥത്തില്‍ 15 വർഷം വരെ പ്രവർത്തിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. 2028 ല്‍ ബഹിരാകാശ നിലയത്തിലെ പ്രവർത്തനങ്ങള്‍ അവസാനിപ്പിക്കാനാണ് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ തീരുമാനം. 2030 വരെ പ്രവർത്തിക്കാനുള്ള ആരോഗ്യം നിലയത്തിനുണ്ടെന്നും അതുവരെ പ്രവർത്തനം തുടരാനുമാണ് നാസയുടെ പദ്ധതി