അജ്മീര്‍ ഷരീഫ് ദര്‍ഗയിലേക്ക് ‘ചാദര്‍’ നല്‍കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി
മുംബൈ: അജ്മീര്‍ ഷരീഫ് ദര്‍ഗയിലേക്ക് ‘ചാദര്‍’ നല്‍കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. അജ്മീറിലെ ദര്‍ഗ ഖ്വാജ മൊയ്നുദ്ദീന്‍ ചിഷ്തിയില്‍ സമര്‍പ്പിക്കാനുള്ള ചാദര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകുന്നേരം 6 മണിക്ക് കൈമാറും. തുടര്‍ന്ന് ഖ്വാജ മൊയ്നുദ്ദീന്‍ ചിഷ്തിയുടെ ഉര്‍സ് സമയത്ത് ദേവാലയത്തില്‍ ചാദര്‍ സമര്‍പ്പിക്കും.പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി ഇത് 10 തവണയാണ് അജ്മീര്‍ ഷരീഫ് ദര്‍ഗയില്‍ ചാദര്‍ സമര്‍പ്പിക്കുന്നത്.കഴിഞ്ഞ വര്‍ഷം, 812-ാമത് ഉര്‍സില്‍ അദ്ദേഹത്തിന് വേണ്ടി അന്നത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ജമാല്‍ സിദ്ദിഖിയും ചേര്‍ന്നാണ് ‘ചാദര്‍’ സമര്‍പ്പിച്ചത്. രാജസ്ഥാനിലെ ആദരണീയമായ അജ്മീര്‍ ഷരീഫ് ദര്‍ഗ യഥാര്‍ത്ഥത്തില്‍ ശിവന്റെ ക്ഷേത്രമാണെന്ന് അവകാശപ്പെടുന്ന ഹിന്ദു സേനയുടെ ഹര്‍ജി രാജസ്ഥാന്‍ കോടതി സ്വീകരിച്ച് ഒരു മാസത്തിന് ശേഷമാണ് ഈ ചടങ്ങ്.കഴിഞ്ഞ വര്‍ഷം നവംബര്‍ 27 ന് അജ്മീറിലെ പ്രാദേശിക കോടതി മൊയ്നുദ്ദീന്‍ ചിഷ്തിയുടെ ദര്‍ഗയില്‍ ശിവക്ഷേത്രം ഉണ്ടെന്ന് അവകാശപ്പെട്ട സിവില്‍ കേസില്‍ മൂന്ന് കക്ഷികള്‍ക്ക് നോട്ടിസ് നല്‍കാന്‍ ഉത്തരവിട്ടതോടെയാണ് അജ്മീര്‍ ഷരീഫ് ദര്‍ഗ വിവാദമായത്. അജ്മീര്‍ ദര്‍ഗയ്ക്ക് താഴെ ക്ഷേത്രമുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് അജ്മീര്‍ ഷരീഫ് ദര്‍ഗ കമ്മിറ്റി ഡിസംബര്‍ 20ന് അജ്മീറിലെ മുന്‍സിഫ് കോടതിയില്‍ അഞ്ച് പേജുള്ള അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ ജനുവരി 24ന് വാദം കേള്‍ക്കാന്‍ കാത്തിരിക്കെയാണ് ചാദര്‍ സമര്‍പ്പണം.