മനു ഭാക്കറിനും ഖേല്‍രത്ന; മലയാളി താരം സജൻ പ്രകാശിന് അര്‍ജുന, പുരസ്‌കാര വിതരണം 17ന്;
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേല്‍രത്ന പുരസ്‌കാരത്തിന്റെ ഈ വർഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. ഷൂട്ടിംഗില്‍ രണ്ട് ഒളിമ്ബിക്‌സ് മെഡല്‍ സ്വന്തമാക്കിയ മനു ഭാക്കർ, ലോക ചെസ് ചാമ്ബ്യൻ ഡി ഗുകേഷ്, ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരാലിമ്ബ്യൻ പ്രവീണ്‍ കുമാർ എന്നീ നാല് കായികതാരങ്ങള്‍ക്കാണ് ഖേല്‍രത്‌ന പുരസ്‌കാരം. മലയാളി നീന്തല്‍ താരം സജൻ പ്രകാശിന് അർജുന അവാർഡും നല്‍കും. സജൻ പ്രകാശ് ഉള്‍പ്പെടെ 32 പേർക്കാണ് അർജുന അവാർഡ്. അല്‍പ്പ സമയങ്ങള്‍ക്ക് മുമ്ബാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഈ മാസം 17ന് ഡല്‍ഹി രാഷ്‌ട്രപതി ഭവനില്‍ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങില്‍ ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കി ആദരിക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു. ഖേല്‍രത്ന പുരസ്‌കാരത്തിനായുള്ള നാമനിർദേശ പട്ടികയില്‍ ആദ്യം മനു ബാക്കറിന്റെ പേര് ഇല്ലായിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. സൂക്ഷ്‌മവും കൃത്യവുമായ പരിശോധനയ്‌ക്ക് ശേഷമാണ് കായിക താരങ്ങളെ പുരസ്‌കാര ജേതാക്കളായി പ്രഖ്യാപിച്ചതെന്നും കായിക മന്ത്രാലയത്തിന്റെ പ്രസ്‌താവനയില്‍ പറയുന്നു.