ഷംസുദ്ദിൻ ജബാര്‍ ജനക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചുകയറ്റിയത് ഇസ്ലാമിക് സ്റ്റേറ്റിന്റെ കൊടികെട്ടിയ ട്രക്ക്; അമേരിക്കയില്‍ ഭീകരാക്രമണം നടത്തിയത് മുൻ സൈനിക ഉദ്യോഗസ്ഥൻ.
വാഷിങ്ടണ്‍: അമേരിക്കയില്‍ പുതുവത്സരാഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുൻ സൈനിക ഉദ്യോഗസ്ഥനായ ഷംസുദ്ദിൻ ജബാർ എന്നയാളാണ് ഭീകരാക്രണം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നാല്‍പ്പത്തിരണ്ടുകാരനായ ഇയാളെ പൊലീസ് വെടിവെച്ച് കൊന്നു. ലൂസിയാന സംസ്ഥാനത്തെ ന്യൂ ഓർലിയൻസില്‍ പുതുവർഷാഘോഷങ്ങളില്‍ പങ്കെടുക്കുന്ന ജനക്കൂട്ടത്തിനിടയിലേക്ക് ഇയാള്‍ ട്രക്ക് ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തില്‍ 15 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അമേരിക്കൻ പൗരനായ ഇയാള്‍ മുൻ സൈനിക ഉദ്യോഗസ്ഥൻ കൂടിയായിരുന്നുവെന്നു എഫ്ബിഐ അറിയിച്ചു. ഇയാളുടെ വാഹനത്തില്‍ ഐഎസ് പതാക ഉണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹൂസ്റ്റണില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റായ ജബാർ സൈന്യത്തില്‍ ഐടി സ്പെഷ്യലിസ്റ്റായാണ് സേവനമനുഷ്ഠിച്ചിരുന്നത്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ഇയാള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോകള്‍ എഫ്ബിഐ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ സാമ്ബത്തിക പ്രതിസന്ധി നേരിട്ടിരുന്നു എന്നും പൊലീസ് വ്യക്തമാക്കുന്നു. 2022ല്‍ രണ്ടാം ഭാര്യയില്‍ നിന്നും ജബാർ വിവാഹമോചനം നേടിയിരുന്നു. സാമ്ബത്തിക പ്രശ്‌നങ്ങളാണു വിവാഹ മോചനത്തിനു വഴിയൊരുക്കിയതെന്നാണ് നിഗമനം. 2002ല്‍ മോഷണത്തിനും 2005ല്‍ അസാധുവായ ലൈസൻസുമായി വാഹനമോടിച്ചതിനും ജബാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.