വയനാട് പുനരധിവാസം: 750 കോടിയുടെ പദ്ധതി വിവാദ കമ്ബനി ഊരാളുങ്കലിന്; ചുമതല നല്‍കിയത് ടെന്‍ഡര്‍ പോലുമില്ലാതെ

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് വീടു നിര്‍മിച്ചു നല്കാനുള്ള 750 കോടിയുടെ പദ്ധതി, സിപിഎം നേതാക്കള്‍ നേതൃത്വം നല്കുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക്.പല തരം വിവാദങ്ങളില്‍ പെട്ട് ഉഴലുന്ന സ്ഥാപനത്തിന് തികച്ചും ഏകപക്ഷീയമായി കരാര്‍ നല്കിയത് ദുരഹമാണ്. പാര്‍ട്ടിക്ക് പണം ലഭ്യമാക്കാനുള്ള വളഞ്ഞ വഴിയാണിതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇത്രയും വലിയ പദ്ധതി ഏറ്റെടുക്കാനുള്ള ശേഷി ഇവര്‍ക്കുണ്ടോയെന്നും സംശയമുണ്ട്. 750 കോടിമുടക്കി രണ്ട് ടൗണ്‍ഷിപ്പുകളാണ് പണിയുന്നത്. രണ്ടിന്റെയും നിര്‍മാണച്ചുമതല ഊരാളുങ്കലിനാണ്. നിര്‍മാണത്തിന്റെ മേല്‍നോട്ടം കിഫ്ബിയുടെ നേതൃത്വത്തിലുള്ള കിഫ്‌കോണ്‍ എന്ന ഏജന്‍സിക്കായിരിക്കും. നേരത്തെയും സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്ക് ടെന്‍ഡര്‍ ഇല്ലാതെ ഊരാളുങ്കലിന് കോടികളുടെ കരാര്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയിട്ടുണ്ട്. ടെന്‍ഡറില്ലാതെയുള്ള കരാറുകളെ സിഎജി ശക്തമായി എതിര്‍ത്തിട്ടും ഇത് നിര്‍ബാധം തുടരുകയാണ്. പിണറായി സര്‍ക്കാരിന്റെ കാലത്ത് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് വഴിവിട്ട നിരവധി സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 12.5 കോടിയുടെ ജോലികളാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെന്‍ഡറില്ലാതെ കൈമാറിയത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരായിരുന്ന എ.കെ. ബാലന്റെയും കെ.കെ. ശൈലജയുടേയും ഓഫീസ് നവീകരിച്ചതിന് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നില്ല. ലോക കേരളസഭക്ക് സൗകര്യമൊരുക്കാന്‍ നിയമസഭയില്‍ 1.85 കോടിയുടെ നവീകരണം നടത്തിയപ്പോഴും കരാര്‍ നല്കിയത് ഊരാളുങ്കലിനായിരുന്നു. വിവിധ ജില്ലകളിലെ ബസ് സ്റ്റാന്‍ഡുകള്‍, മിനിസ്‌റ്റേഡിയങ്ങള്‍ എന്നിവയുടെ നിര്‍മാണം,ഗസ്റ്റ് ഹൗസുകളുടെ നവീകരണം എന്നിവക്കെല്ലാം ടെന്‍ഡറില്ലാതെ ഊരാളുങ്കല്‍ കരാര്‍ നേടി. പുറത്തുവന്ന കണക്കിനേക്കാള്‍ നിരവധി ഇരട്ടിയുടെ കരാര്‍ ജോലികള്‍ ഊരാളുങ്കല്‍ ഏറ്റെടുത്തിട്ടുണ്ട്. അടിയന്തരസാഹചര്യം, വിദഗ്ധജോലിയുടെ ആവശ്യകത എന്നിവയാണ് ടെന്‍ഡര്‍ വിളിക്കാത്തതിന് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ അടിയന്തരസാഹചര്യമില്ലാത്ത നിരവധി ജോലികളും ടെന്‍ഡറില്ലാതെ ഊരാളുങ്കലിന് ലഭിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *