ഇന്ത്യയോടുള്ള ബന്ധം സൗകര്യം പോലെ, യഥാര്‍ത്ഥ സുഹൃത്ത് ചൈനയെന്ന് ബംഗ്ലാദേശ് സൈനിക മേധാവി
ധാക്ക: വികസന കാര്യത്തില്‍ ചൈനയാണ് തങ്ങളുടെ യഥാര്‍ത്ഥ പങ്കാളിയെന്ന് ബംഗ്ലാദേശ് സൈനിക മേധാവി ജനറല്‍ വക്കര്‍-ഉസ്-സമാന്‍. ഇന്ത്യയുമായുള്ള ബന്ധം ‘കൊടുക്കലും വാങ്ങലും’ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് ദിനപത്രമായ പ്രോതോം അലോയോട് സംസാരിക്കവെ ആയിരുന്നു സമാന്റെ പ്രതികരണം. അതേസമയം ഇന്ത്യ ഒരു പ്രധാന അയല്‍രാജ്യമായതിനാല്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരു നടപടിയും സ്വീകരിക്കില്ല. എന്നാല്‍ ബന്ധങ്ങള്‍ ന്യായാധിഷ്ഠിതമാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങള്‍ പല തരത്തില്‍ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യയും നമ്മളില്‍ നിന്ന് പ്രയോജനം നേടുന്നു. അവരുടെ ധാരാളം ആളുകള്‍ ബംഗ്ലാദേശില്‍ ഔദ്യോഗികമായും അനൗപചാരികമായും ജോലി ചെയ്യുന്നു. ഈ രാജ്യത്ത് നിന്ന് നിരവധി ആളുകള്‍ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് പോകുന്നു,’ സമാന്‍ ചൂണ്ടിക്കാട്ടി.ഇന്ത്യയില്‍ നിന്ന് നിരവധി ഉല്‍പ്പന്നങ്ങള്‍ ബംഗ്ലാദശ് വാങ്ങുന്നുണ്ട് എന്നും അതിനാല്‍ ഇതൊരു കൊടുക്കല്‍ വാങ്ങല്‍ ബന്ധമാണ് എന്നും സമാന്‍ പറഞ്ഞു. രാജ്യങ്ങള്‍ പരസ്പരം നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുമ്ബോള്‍ നല്ല ബന്ധങ്ങള്‍ തുല്യതയില്‍ മാത്രം അധിഷ്ഠിതമായിരിക്കണം. ഇന്ത്യ ബംഗ്ലാദേശില്‍ ആധിപത്യം സ്ഥാപിക്കുന്നുവെന്നോ നമ്മുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ എന്തെങ്കിലും ചെയ്യുന്നുവെന്നോ ആളുകള്‍ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് പലായനം ചെയ്ത മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇപ്പോഴും രാജ്യത്ത് തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ധാക്കയിലെ ഇന്റര്‍നാഷണല്‍ ക്രൈം ട്രിബ്യൂണലില്‍ വിചാരണ നേരിടാന്‍ ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് യൂനസിന്റെ ഭരണകൂടം കഴിഞ്ഞയാഴ്ച ഇന്ത്യയ്ക്ക് ഔദ്യോഗിക നോട്ടീസ് നല്‍കിയിരുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും എല്ലാ ന്യൂനപക്ഷങ്ങളുടെയും ക്ഷേമം ഉറപ്പാക്കണം എന്നതാണ് ഇന്ത്യയുടെ ആവശ്യം. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള വിമത ഗ്രൂപ്പുകളെ പുതിയ ഭരണകൂടം പ്രോത്സാഹിപ്പിക്കില്ലെന്നും സമാന്‍ വ്യക്തമാക്കി. ഹസീനയുടെ കീഴില്‍ ഭരണപരമായ പിന്തുണ ലഭിച്ച ഇന്ത്യയില്‍ നിന്നുള്ള ഈ ഗ്രൂപ്പുകള്‍ക്കെതിരെ ബംഗ്ലാദേശ് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചൈന ബംഗ്ലാദേശിന്റെ വികസന പങ്കാളിയാണ് എന്നും അദ്ദേഹം പറഞ്ഞു.ബംഗ്ലാദേശ് സായുധ സേനയില്‍ ചൈനീസ് ആയുധങ്ങളുടെ ഉപയോഗത്തെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. എല്ലാവരുമായും സൗഹൃദം, ആരോടും ശത്രുതയില്ല എന്നതാണ് നമ്മുടെ വിദേശനയം എന്നും സമാന്‍ പറഞ്ഞു. ‘ചൈന നമ്മുടെ വികസന പങ്കാളിയാണ്. അവര്‍ക്ക് ബംഗ്ലാദേശില്‍ ധാരാളം നിക്ഷേപമുണ്ട്. അതിനാല്‍, ചൈന ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്.നമ്മള്‍ പല ചൈനീസ് ആയുധങ്ങളും ഉപയോഗിക്കുന്നു. അവരുടെ ആയുധങ്ങള്‍ താരതമ്യേന വിലകുറഞ്ഞതാണ്, ”സമാന്‍ പറഞ്ഞു. അതിനിടെ ബംഗ്ലാദേശിന്റെ വിദേശനയത്തെ ചൈന പിന്തുണയ്ക്കുമെന്ന് ബംഗ്ലാദേശിലെ ചൈനീസ് അംബാസഡര്‍ യാവോ വെന്‍ വ്യക്തമാക്കി.