“ഇന്ന് നായര്‍ വിഭാഗത്തിനു വേണ്ടി പ്രവര്‍ത്തിക്കും, പിന്നെ ഹിന്ദുക്കള്‍ക്ക് വേണ്ടി, പിന്നെ രാഷ്‌ട്രത്തിനു വേണ്ടി, സര്‍വ്വ സമുദായങ്ങള്‍ക്കു വേണ്ടി”;മന്നത്ത് പത്മനാഭൻ.
കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാന പരിശ്രമങ്ങളില്‍ പ്രധാന പങ്കുവഹിച്ച മഹാത്മാക്കളില്‍ ഒരാളായ മന്നത്ത് പദ്മനാഭൻ 1878 ജനുവരി 2 ന് ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ ആണ് ജനിച്ചത്.സ്വാതന്ത്ര്യ സമരനായകൻ ശ്രീ ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ച സർവ്വെന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയില്‍ നിന്നും ആശയം ഉള്‍ക്കൊണ്ട് 1090 തുലാം 15 ന് (1914 ഒക്ടോബർ 31) മന്നത്ത് ഭവനത്തിന്റെ പൂമുഖത്ത് വച്ച് അമ്മ പാർവ്വതി അമ്മ കൊളുത്തിയ നിലവിളക്കിന്റെ മുന്നില്‍ വച്ച് പ്രതിജ്ഞ ചൊല്ലി ‘നായർ സമാജ ഭൃത്യജന സംഘം ‘ ആരംഭിച്ചു. 1915 ല്‍ ഇത് ‘നായർ സർവ്വീസ് സൊസൈറ്റിയായി’ പുനർനാമകരണം ചെയ്യപ്പെട്ടു. അന്ധവിശ്വാസവും അനാചാരവും ആഢംബരഭ്രമവും കാലത്തിന് പറ്റാത്ത മരുമക്കത്തായവും കൊണ്ട് അധപതനത്തിന്റെ അടിത്തട്ടിലേക്ക് പോയ സമുദായത്തെ അതിന്റെ പഴയ പ്രഭാവത്തിലേക്ക് കൊണ്ട് വരാൻ മന്നത്തിന് കഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ച് കൊണ്ടും ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തു കൊണ്ടും സാമൂഹ്യ നവോത്ഥാനത്തിന് തുടക്കം കുറിച്ചു. ഭാരത കേസരി മന്നത്ത് പത്മനാഭൻ എന്ന പേര് കേള്‍ക്കുമ്ബോള്‍ ആദ്യം ഓർമ്മയില്‍ വരുന്നത് കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം തന്നെയാണ്. വിവേകാനന്ദ സ്മാരക സമിതിയുടെ ആദ്യ അധ്യക്ഷനായിരുന്നു മന്നം. ജാതി വിവേചനം അവസാനിപ്പിച്ച് ഹിന്ദു സമൂഹം ഒരുമിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു ശ്രീ മന്നത്ത് പത്മനാഭൻ . ഹിന്ദുമഹാ മണ്ഡലീ രൂപീകരണത്തിനായി കൂടിയ യോഗത്തില്‍ അദ്ദേഹത്തിന്റെ പ്രഖ്യാപനം ഇതായിരുന്നു. “താനിനി മന്നത്ത് പത്മനാഭൻ നായരല്ല വെറും മന്നത്ത് പത്മനാഭൻ മാത്രമായിരിക്കും.”തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡണ്ട് കൂടിയായിരുന്നു ശ്രീ മന്നത്ത് പത്മനാഭൻ.സനാതനമായ ഹൈന്ദവധർമ്മം ജാതിയേയോ ജാതി അടിസ്ഥാനമാക്കിയുള്ള ഉച്ചനീചത്വങ്ങളേയൊ അംഗീകരിക്കുന്നില്ലെന്നും ഹൈന്ദവ വിശ്വാസികള്‍ക്കുണ്ടായ സകല അധ:പതനത്തിന്റെ യും കാരണം ജാതി വ്യത്യാസമാണെന്നും അദ്ദേഹം ഉറക്കെ വിളിച്ച് പറഞ്ഞു.“ഇന്ന് നായർ വിഭാഗത്തിനു വേണ്ടി ഞാൻ പ്രവർത്തിക്കും പിന്നെ ഹിന്ദുക്കള്‍ക്ക് വേണ്ടിയായിരിക്കും, പിന്നെ രാഷ്‌ട്രത്തിനു വേണ്ടിയും, സർവ്വ സമുദായങ്ങള്‍ക്കു വേണ്ടിയുമായിരിക്കും എന്റെ പ്രവൃത്തിപഥം” എന്ന് പറയുക മാത്രമല്ല പ്രവർത്തിക്കുകയും ചെയ്ത ആ നവോത്ഥാന നായകൻ 1970 ഫെബ്രുവരി 25 ബുധനാഴ്ച പകല്‍ 11.45 ന് വിഷ്ണുപാദം പൂകി. പൂജ്യത്തില്‍ നിന്ന് പൂജ്യപാദ പദവിയിലേക്ക് എത്തിയ മഹാനായിരുന്നു ശ്രീ മന്നത്ത് പത്മനാഭൻ.