കാല്‍വഴുതി റിബണ്‍ കെട്ടിയ സ്റ്റാൻഡിനൊപ്പം ഉമ താഴേയ്ക്ക്, താനും വീഴേണ്ടതായിരുന്നുവെന്ന് സജി ചെറിയാൻ; ശക്തമായ നടപടി
കൊച്ചി: കലൂരില്‍ ഉമ തോമസ് എംഎല്‍എയ്ക്കുണ്ടായ അപകടം സുരക്ഷാവീഴ്ച മൂലം ഉണ്ടായതെന്ന് മന്ത്രി സജി ചെറിയാൻ. സംഭവത്തില്‍ സർക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. വേദിയുടെ മുൻനിരയില്‍ കസേരയിട്ടത് അപകടകരമായെന്നും വേദിയില്‍ നിന്ന് താനും വീഴേണ്ടതായിരുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. ഉമ തോമസ് വേദിയില്‍ നിന്ന് 15 അടി താഴ്ചയിലേക്ക് വീഴുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് റെക്കോർഡ് നൃത്തപരിപാടിക്ക് വിഐപികള്‍ക്കായി ഒരുക്കിയ വേദിയിലായിരുന്നു അപകടം സംഭവിച്ചത്. വേദിയില്‍ സ്ഥലമില്ലായിരുന്നുവെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിൻനിരയില്‍ നിന്ന ഉമ തോമസ് മുൻനിരയിലേക്ക് വരുന്നത് വീഡിയോയില്‍ കാണാം. ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് എഴുന്നേല്‍ക്കുകയായിരുന്നു. വേദിയില്‍ നിന്ന ഒരാളെ മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് എംഎല്‍എ കാല്‍വഴുതി റിബണ്‍ കെട്ടിയ സ്റ്റാന്റിഡിനൊപ്പം താഴേയ്ക്ക് വീണത്. തൊട്ടടുത്ത കസേരയില്‍ സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയും സജി ചെറിയാനും ഉണ്ടായിരുന്നു. ഇരുവരും നോക്കിനില്‍ക്കെയായിരുന്നു അപകടം.