കൈയില്‍ ടാറ്റൂ പതിച്ചത് പണിയായി: എ.എസ്.ഐ നിയമനം റദ്ദാക്കി സി.ഐ.എസ്.എഫ്, തീരുമാനം ശരിവെച്ച്‌ കോടതി.

ന്യൂഡല്‍ഹി: ദേഹത്ത് ടാറ്റൂ പതിച്ചെന്ന കാരണത്താല്‍ എ.എസ്.ഐ നിയമനം റദ്ദാക്കിയ സി.ഐ.എസ്.എഫിന്‍റെ തീരുമാനം ശരിവെച്ച്‌ ഡല്‍ഹി ഹൈകോടതി.ഇടത് കൈയിലും നെഞ്ചിലും ടാറ്റൂ പതിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി സി.ഐ.എസ്.എഫ് ജീവനക്കാരന്‍റെ എ.എസ്.ഐ പോസ്റ്റിലേക്കുള്ള പ്രമോഷൻ തടയപ്പെട്ടിരുന്നു. ഇതിനെതിരെ ജീവനക്കാരൻ സമർപ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. ഗെഡേല ചന്ദ്രശേഖര റാവു എന്ന സി.ഐ.എസ്.എഫ് ജീവനക്കാരനാണ് ഹരജി നല്‍കിയത്. എ.എസ്.ഐ പദവിയിലേക്കുള്ള പ്രമോഷന് വേണ്ടി ഇയാള്‍ വകുപ്പുതല പരീക്ഷ പാസ്സായെങ്കിലും ടാറ്റൂ പതിപ്പിച്ചത് കാരണം അയോഗ്യനാക്കിയിരുന്നു. ടാറ്റൂ ഒഴിവാക്കി ആരോഗ്യ പരിശോധന നടത്താൻ അവസരം നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും സി.ഐ.എസ്.എഫ് ഇത് അനുവദിച്ചില്ല. 2021ലെ മാർഗനിർദേശങ്ങളില്‍ ടാറ്റൂ പാടില്ലെന്ന് കൃത്യമായി നിർദേശിക്കുന്നുണ്ടെന്ന് സി.ഐ.എസ്.എഫ് വ്യക്തമാക്കി. ഇതിനെതിരെയാണ് ചന്ദ്രശേഖര റാവു ഹൈകോടതിയെ സമീപിച്ചത്. ഇടത് കൈയുടെ പുറംവശത്തും നെഞ്ചിലുമാണ് ഇയാള്‍ ടാറ്റൂ പതിച്ചിരുന്നത്. എന്നാല്‍, ഇടത് കൈയുടെ ഉള്‍വശത്ത് ടാറ്റൂ പതിക്കുന്നത് അനുവദനീയമാണെന്നും പുറംവശത്തേത് അനുവദനീയമല്ലെന്നും സി.ഐ.എസ്.എഫ് നിലപാടെടുത്തു. സി.ഐ.എസ്.എഫില്‍ നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഹരജിക്കാരന് ഇക്കാര്യത്തില്‍ ബോധ്യമുണ്ടാവേണ്ടതായിരുന്നെന്നും ഇവർ കോടതിയെ അറിയിച്ചു. തുടർന്ന്, സുപ്രീംകോടതിയുടെ മറ്റൊരു വിധി കൂടി പരാമർശിച്ചുകൊണ്ടാണ് ഹൈകോടതി ഉദ്യോഗാർഥിയുടെ ഹരജി തള്ളിയത്. വകുപ്പുതല പരീക്ഷ നടത്തിയുള്ള പ്രമോഷനുകളില്‍, ഇതേ പദവിയിലേക്കുള്ള നിയമന മാർഗനിർദേശങ്ങളില്‍ ഇളവ് അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെന്ന നിലക്ക് കൈയുടെ പുറംവശത്ത് ടാറ്റൂ പതിപ്പിക്കുന്നതിന് അനുവാദമില്ലെന്ന് ഹർജിക്കാരൻ മനസ്സിലാക്കേണ്ടതായിരുന്നു. സായുധസേനകളിലെ കർശനമായ മെഡിക്കല്‍ സ്റ്റാൻഡേർഡുകള്‍ അനുസരിക്കാൻ എല്ലാ ജീവനക്കാർക്കും ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.

Sharing

Leave your comment

Your email address will not be published. Required fields are marked *