ആരാണ് പാകിസ്ഥാൻ താലിബാൻ? രണ്ട് കടുത്ത ഇസ്ളാമിക രാജ്യങ്ങള്‍ തമ്മിലെ ശത്രുതയ്ക്ക് കാരണം ;
മിസൈലാക്രമണങ്ങളും മറ്റുമായി പരസ്‌പരം പോരാടുകയാണ് രണ്ട് ഇസ്ളാമിക രാജ്യങ്ങള്‍. അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഒളിത്താവളങ്ങളിലേയ്ക്ക് കഴിഞ്ഞദിവസം പാകിസ്ഥാൻ തൊടുത്തുവിട്ട മിസൈലാക്രമണങ്ങളില്‍ നിരവധി പേർ കൊല്ലപ്പെടുകയും താലിബാൻ കേന്ദ്രങ്ങള്‍ തകർക്കപ്പെടുകയും ചെയ്തിരുന്നു. പാക് അതിർത്തിയായ പക്‌തികയിലാണ് ആക്രമണങ്ങള്‍ നടന്നത്. അഫ്‌ഗാനിലെ പാക് പ്രത്യേക പ്രതിനിധിയായ മൊഹമ്മദ് സാദിഖ് ഉഭയകക്ഷി ചർച്ചകള്‍ക്കായി കാബൂള്‍ സന്ദർശിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം.പാകിസ്ഥാൻ താലിബാൻ 1990കളുടെ തുടക്കത്തില്‍ സ്ഥാപിതമായ ഒരു സുന്നി ഇസ്ലാമിക ദേശീയവാദ, പഷ്തൂണ്‍ അനുകൂല പ്രസ്ഥാനമാണ് താലിബാൻ. 1996 മുതല്‍ 2001വരെ താലിബാന്റെ ഭരണത്തിന് കീഴിലായിരുന്നു അഫ്‌ഗാൻ. കർഷകരും അഫ്‌ഗാനിലെയും പാകിസ്ഥാനിലെയും മദ്രസകളില്‍ ഇസ്ളാം പഠിക്കുന്നവരുമായിരുന്നു സ്ഥാപക അംഗങ്ങള്‍. പാകിസ്ഥാൻ സൈന്യത്തിനെതിരായി 2007ല്‍ രൂപീകരിച്ച തീവ്രവാദ ശൃംഖലകളുടെ സഖ്യമാണ് തെഹ്‌രീക്-ഇ താലിബാൻ പാകിസ്ഥാൻ (ടിടിപി) അഥവാ പാകിസ്ഥാൻ താലിബാൻ. പാകിസ്ഥാനിലെ ഫെഡറല്‍ ഭരണത്തിലുള്ള ഗോത്രവർഗ മേഖലകളിലും പാകിസ്ഥാനിലെ പാക്തുൻഖ്വ പ്രവിശ്യയിലും ഇസ്ളാമാബാദിന്റെ സ്വാധീനം ഇല്ലാതാക്കുകയാണ് ടിടിപിയുടെ പ്രധാന ലക്ഷ്യം. പാകിസ്ഥാനിലുടനീളം ശരിയത്ത് നടപ്പിലാക്കുക, അഫ്‌ഗാനിസ്ഥാനില്‍ നിന്ന് സഖ്യസേനയെ പുറത്താക്കുക, പാക് സർക്കാരിനെ അട്ടിമറിക്കുന്നതിനായി പാകിസ്ഥാനില്‍ ഒരു ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കുക തുടങ്ങിയവയാണ് ടിടിപിയുടെ മറ്റ് ലക്ഷ്യങ്ങള്‍. അല്‍ ഖ്വയ്‌ദയുടെ മുതിർന്ന നേതാക്കളുമായും ടിടിപി അടുത്ത ബന്ധം പുലർത്തിയിരുന്നു. ബയ്‌ത്തുള്ള മെഹ്‌സൂദ് ആണ് ടിടിപിയുടെ ആദ്യ നേതാവ്. 2009ല്‍ മെഹ്‌സൂദ് മരണപ്പെട്ടതിന് പിന്നാലെ ഹക്കീമുള്ള മെഹ്‌സൂദ് പിൻഗാമിയായി ചുമതലയേറ്റു. ഹക്കീമിന്റെ മരണത്തിന് പിന്നാലെ 2013ല്‍ മുല്ല ഫസ്‌ലുല്ല സംഘത്തലവനായി ചുമതലയേറ്റു. ഫസ്‌ലുല്ല കടുത്ത പാശ്ചാത്യ, ഇസ്ളാമാബാദ് വിരുദ്ധനാണ്. 2012ല്‍ മലാല യൂസഫ്‌സായ് ആക്രമണത്തിനിരയായത് ഫസ്‌ലുല്ലയുടെ ഉത്തരവിന്മേലാണ്. യുഎൻ റിപ്പോർട്ട് പ്രകാരം 6,500ഓളം പേരാണ് ടിടിപിയില്‍ പ്രവർത്തിക്കുന്നത്. നാറ്റോയുടെയും യുഎസിന്റെയും പിന്തുണ താലിബാൻ അഫ്‌ഗാനില്‍ ഭരണം പിടിച്ചടക്കിയതിനുശേഷം അത്യാധുനിക ആയുധങ്ങള്‍ ഉള്‍പ്പെടെ നാറ്റോ താലിബാന് കൈമാറിയതായി യുഎൻ ആരോപിക്കുന്നു. സുരക്ഷാസേനാംഗങ്ങള്‍ കൊല്ലപ്പെടുന്നത് വർദ്ധിക്കുകയാണെന്നും ടിടിപിയുടെ കൈകളിലെ യുഎസ് ആയുധങ്ങളാണ് ഇതിന് പിന്നിലെന്നും പാകിസ്ഥാൻ ആരോപിക്കുന്നു. എം16, എം4 ഉള്‍പ്പെടെയുള്ള യുഎസ് ആയുധങ്ങള്‍ ഈവർഷമാദ്യം നടന്ന ആക്രമണത്തിനിടെ പാക് രഹസ്യാന്വേഷണ വിഭാഗം പിടിച്ചെടുത്തതായാണ് ആരോപണത്തില്‍ യുഎസ് പ്രതികരിച്ചത്. ടിടിപിയുടെയും പാകിസ്ഥാന്റെയും ശത്രുതയുടെ ചരിത്രം 2023ല്‍ പാകിസ്ഥാൻ താലിബാൻ പേശവാറിലെ പൊലീസ് ആസ്ഥാനത്ത് നടത്തിയ ആക്രമണത്തില്‍ 80ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരിയിലെ കറാച്ചി ആക്രമണത്തില്‍ അഞ്ച് പാക് സുരക്ഷാസേനാംഗങ്ങും കൊല്ലപ്പെട്ടു. 2016ല്‍ ഖൈബർ പഖ്തൂൻഖ്വയില്‍ പാകിസ്ഥാൻ സൈന്യം കലാപ വിരുദ്ധ ശ്രമങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെ ടിടിപി ഗോത്ര മേഖലയില്‍ നിന്ന് പുറത്തായി. അതേസമയം, ടിടിപിയുടെ ബദ്ധവൈരിയായ പാകിസ്ഥാൻ താലിബാനെ പലപ്പോഴും പിന്തുണച്ചിരുന്നു. 2021ല്‍ താലിബാൻ അഫ്‌ഗാൻ പിടിച്ചടക്കിയത് അന്നത്തെ പാക് പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ സ്വാഗതം ചെയ്തിരുന്നു. ഖമാർ ജാവേദ് ബജ്‌വയുടെ നേതൃത്വത്തിലെ പാകിസ്ഥാനി ഹൈക്കമാൻഡ് ടിടിപിയുടെ ചില ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി മുതിർന്ന ടിടിപി നേതാക്കളെ ഉള്‍പ്പെടെ പാക് തടവറകളില്‍ നിന്ന് മോചിപ്പിച്ചിരുന്നു. അഫ്‌ഗാനില്‍ താലിബാനില്‍ ഭരണം പിടിച്ചടക്കി ഒരുവർഷം പിന്നിട്ടതിന് പിന്നാലെ പാകിസ്ഥാനുനേരെയുള്ള ആക്രമങ്ങള്‍ 51 ശതമാനം വർദ്ധിച്ചതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതില്‍ 75 ശതമാനവും ഖൈബർ പഖ്തൂൻഖ്വ കേന്ദ്രീകരിച്ചുള്ളതാണ്. ടിടിപിയുടെ അന്താരാഷ്ട്ര ടാർജറ്റുകള്‍ ടിടിപിയുടെ മുഖ്യ ടാർജറ്റുകളില്‍ ഒന്നാണ് ലോകശക്തികളില്‍ ഒന്നായ യുഎസ്. യുഎസിനെ ആക്രമിക്കുമെന്ന് 2008ല്‍ ടിടിപി പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. 2010ല്‍ ടൈംസ് സ്‌ക്വയറില്‍ നടന്ന ആക്രമണത്തില്‍ ടിടിപി ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഉസാമ ബിൻ ലാദന്റെ മരണത്തിന് പ്രതികാരമായി അമേരിക്കയെയും യൂറോപ്പിനെയും ആക്രമിക്കുമെന്ന് 2011ല്‍ ടിടിപി വക്താവ് പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലുള്ള ഇടപെടലിന് യുകെയെ ആക്രമിക്കുമെന്ന് 2012ല്‍ ടിടിപി പ്രഖ്യാപിച്ചിട്ടുണ്ട്.