മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് രണ്ട് ടൗണ്‍ഷിപ്പുകള്‍, 1000 sqft വീടുകള്‍, കരാര്‍ ഊരാളുങ്കലിന്;

തിരുവനന്തപുരം; മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി രണ്ട് ടൗണ്‍ഷിപ്പ് പദ്ധതികള്‍ പ്രഖ്യാപിച്ച്‌ സർക്കാർ.ഹാരിസണ്‍ മലയാളത്തിന്റെ നെടുമ്ബാല എസ്റ്റേറ്റിലെ 58.5 ഹെക്ടർ ഭൂമിയും കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 48.96 ഹെക്ടർ ഭൂമിയിലുമാണ് മോഡല്‍ ടൗണ്‍ഷിപ് പദ്ധതി നിലവില്‍ വരുക. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കി. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അഞ്ച് സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടിയിലുള്ള വീടുകളാണ് നിർമിക്കുക. നെടുമ്ബാല എസ്റ്റേറ്റില്‍ പത്ത് സെന്റ് സ്ഥലത്തായിരിക്കും വീടുകള്‍ നിർമിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.സ്കൂള്‍, ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രം. വാണിജ്യ കെട്ടിടങ്ങള്‍, അംഗൻവാടി, മൃഗാശുപത്രി, മാർക്കറ്റ്, സ്പോർട്സ് ക്ലബ്, ലൈബ്രറി ഉള്‍പ്പടെയുള്ള സൗകര്യങ്ങളോടു കൂടിയ ടൗണ്‍ഷിപ്പ് നിർമിക്കാനാണ് പദ്ധതി. 750 കോടിയാണ് നിർമാണ ചിലവ്. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന സ്ഥലത്തിന് എല്ലാ തരത്തിലുള്ള ഉടമസ്ഥാവകാശമുണ്ടാവുമെങ്കിലും ഈ സ്ഥലം മറിച്ചുവില്‍ക്കുന്നത് ഉടൻ പ്രോത്സാഹിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വീടുകളുടെ ഡിസൈനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. സുസ്ഥിര നിർമാണ രീതിയിലാകും ടൗണ്‍ഷിപ്പിൻറെ നിർമാണം. രണ്ട് നില കെട്ടുന്നതിനുള്ള സൗകര്യം കൂടി വെച്ചുകൊണ്ടാണ് തറ പണിയുക. ടൗണ്‍ഷിപ്പിന്റെ രൂപരേഖയുടെ വീഡിയോ വാർത്താസമ്മേളനത്തില്‍ പ്രദർശിപ്പിച്ചു. വീടുവെച്ച്‌ നല്‍കുക മാത്രമല്ല, എല്ലാ രീതിയിലും ദുരന്തത്തെ അതിജീവിച്ച്‌ ജീവിതം മുന്നോട്ട് കൊണ്ടുപോവാനുള്ള ഉപജീവനമാർഗം ഉള്‍പ്പടെയുള്ള പുനരധിവാസം യാഥാർത്ഥ്യമാക്കുകയാണ് ഉദ്ദേശമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *