ഒരു വയസ് പ്രായം, നൂറ് കിലോയിലധികം ഭാരം; റഷ്യയില്‍ നിന്ന് കണ്ടെത്തിയത് അൻപതിനായിരം വര്‍ഷത്തോളം പഴക്കമുള്ള കുഞ്ഞൻ മാമത്തിന്റെ അഴുകാത്ത ശരീരം;
വംശനാശം സംഭവിച്ച ജീവികളുടെ അത്യപൂർവശേഖരമുള്ള മേഖലയാണ് റഷ്യയിലെ സൈബീരിയയിലെ പെർമാഫ്രോസ്റ്റ് മേഖല. ഇവിടെ നിന്ന് പുരാതന കാലത്ത് ജീവിച്ചിരുന്ന കടുവകളും, ചെന്നായ്ക്കളും മുതല്‍ മാമത്തുകള്‍ വരെയുള്ള ജീവികളുടെ കേട് വരാത്ത ശരീരങ്ങള്‍ ഇപ്പോഴും ലഭിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെയില്‍ തന്നെ പെർമാഫ്രോസ്റ്റില്‍ നിന്ന് ഇത്തരത്തിലുള്ള മൂന്ന് ജീവികളുടെ ശരീരങ്ങളാണ് വീണ്ടെടുത്തത്. ഇതില്‍ ഏറ്റവും ഒടുവില്‍ കിട്ടിയതാണ് അൻപതിനായിരം വർഷത്തോളം പഴക്കമുള്ള കുഞ്ഞൻ മാമത്തിന്റെ ശരീരം. ഫെർമാഫ്രോസ്റ്റിനെ ഭൂമിയിലെ മറ്റ് മേഖലകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ കാലാവസ്ഥയാണ്. ഭൂമിയിലെ മറ്റ് മേഖലകളില്‍ നിന്ന് സാധാരണ ലഭിക്കുന്നത് ജീവികളുടെ ഫോസിലുകളാണ്. ഫോസിലുകള്‍ ലഭിച്ചാല്‍ അതിന്റെ അസ്ഥികളും മറ്റ് അവശിഷ്ടങ്ങളും പഠനവിധേയമാക്കിയ ശേഷമാകും ജീവിയുടെ രൂപം മനസ്സിലാക്കാനാകുക. എന്നാല്‍ പെർമാഫ്രോസ്റ്റില്‍ ശരീരങ്ങള്‍ തണുപ്പില്‍ മരവിച്ച് ദ്രവിക്കാതെ തന്നെ തുടരും. അതിനാല്‍ തന്നെ മരിച്ച സമയത്തെ രൂപത്തില്‍ നിന്ന് വലിയ മാറ്റങ്ങള്‍ ഇല്ലാതെയാണ് ഈ മേഖലയിലെ ജീവികളുടെ ശേഷിപ്പുകള്‍ ലഭിക്കുക. യാന എന്നത് സൈബീരിയയിലെ ഒരു നദിയാണ്. റഷ്യയുടെ മധ്യഭാഗത്ത് നിന്നും കിഴക്ക് ഭാഗത്തു നിന്നും ഒഴുകിയെത്തുന്ന വിവിധ നദികള്‍ സംഗമിച്ചാണ് യാന നദി രൂപം കൊള്ളുന്നത്. തുടർന്ന് വടക്കോട്ട് ഒഴുകുന്ന നദി സൈബീരിയൻ കടലില്‍ അവസാനിക്കുന്നു. പൂർണമായും സൈബീരിയയിലെ പെർമാഫ്രോസ്റ്റിലൂടെ ഒഴുകുന്ന ഈ നദിയുടെ തീരത്ത് നിന്നാണ് ഈ കുഞ്ഞ് മാമത്തിന്റെ ശരീരം കണ്ടത്തിയത്. സൈബീരിയയില്‍ നിന്ന് കണ്ടെത്തിയവയില്‍ ഏറ്റവും സംരക്ഷിതമായ രീതിയില്‍ ലഭിച്ച ശരീരം കൂടിയാണിത്. യാനയുടെ ശരീരം കണ്ടെത്തിയ നദീതടം മാമത്തുകളുടെ ശരീരങ്ങള്‍ മുൻപും ലഭിച്ചിട്ടുള്ള പ്രദേശം കൂടിയാണ്. യാനയുടെ ശരീരം കണ്ടെത്തുമ്ബോള്‍ നൂറ് കിലോയിലധികം ഭാരമുണ്ടായിരുന്നു. നാലടിയിലേറെ ഉയരവും ഏഴടിയോളം നീളവും യാനയ്ക്ക് ഉണ്ടായിരുന്നു. ഇതില്‍ നിന്നും മരിക്കുന്ന സമയത്ത് യാനയ്ക്ക് ഒരു വയസ് മാത്രം പ്രായമാണ് ഉണ്ടായിരുന്നതെന്നും ഗവേഷകർ കണക്ക് കൂട്ടുന്നു. സമാനമായ രീതിയില്‍ സംരക്ഷിക്കപ്പെട്ട ആറ് മാമത്തുകളെ മാത്രമാണ് ഇതുവരെ ലോകത്ത് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ അഞ്ചും കണ്ടെത്തിയത് റഷ്യയിലെ സൈബീരിയൻ മേഖലയില്‍ നിന്ന് തന്നെയാണ്. ഒന്ന് ലഭിച്ചത് വടക്കൻ കാനഡയില്‍ നിന്നും. കൃത്യസമയത്ത് കൃത്യസ്ഥലത്ത് എത്തിച്ചേർന്നതിലൂടെയാണ് യാനയുടെ ശരീരം സുരക്ഷിതമായി വീണ്ടെടുക്കാൻ കഴിഞ്ഞതെന്ന് ഗവേഷകർ വിശദീകരിക്കുന്നു. കണ്ടെത്തിയ സമയത്ത് യാനയുടെ ശരീരം തണുപ്പിന്റെ മരവിപ്പില്‍ നിന്ന് പുറത്ത് കടക്കാൻ തുടങ്ങിയിരുന്നു. അതായത് അല്‍പം കൂടി താമസിച്ചിരുന്നുവെങ്കില്‍ ശരീരം അഴുകാൻ തുടങ്ങിയിരുന്നേനേ എന്നർഥം. ശരീരത്തിന്റെ ഭാഗങ്ങള്‍ അടർന്ന് പോകാതിരിക്കാൻ യാനയെ കണ്ടെത്തിയ കിടങ്ങില്‍ നിന്ന് നേരിട്ട് സ്ട്രക്ചറിലേക്ക് മാറ്റിയാണ് ഗവേഷണ കേന്ദ്രത്തിലേക്ക് എത്തിച്ചത്. റഷ്യൻ ഗവേഷകരാണ് യാനയെ കണ്ടെത്തിയതും ഇപ്പോള്‍ പഠനവിധേയമാക്കുന്നതും. ഇപ്പോള്‍ യാനയുടെ മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അവർ. ശരീരം കൂടുതല്‍ പുറത്തേക്ക് വന്നിരുന്നുവെങ്കില്‍ പ്രാദേശികമായുള്ള ജീവികള്‍ തന്നെ ഈ ശരീരത്തിന്റെ അംശങ്ങള്‍ തിന്നാൻ തുടങ്ങിയേനെയെന്ന് ഗവേഷകർ പറയുന്നു. കണ്ടെത്തിയ സമയത്ത് തന്നെ യാനയുടെ കാലിന്റെ ഭാഗങ്ങള്‍ പക്ഷികള്‍ കുറച്ചൊക്കെ കൊത്തിയെടുത്തിരുന്നു. നിലവില്‍ റഷ്യയിലെ നോർത്ത് ഈസ്റ്റേണ്‍ ഫെഡറല്‍ സർവകാശാലയിലാണ് യാനയുടെ ശരീരമുള്ളത്. കൂട്ടത്തിനൊപ്പം സഞ്ചരിക്കവെ യാന നദിക്കരിയിലെ ചതുപ്പില്‍ അകപ്പെട്ടിരിക്കാമെന്നും ഇതാണ് മരണകാരണമെന്നുമാണ് ഇപ്പോഴുള്ള നിഗമനം. പെര്‍മാഫ്രോസ്റ്റ് എന്നത് ആര്‍ട്ടിക്കിലും തൊട്ടടുത്ത് കിടക്കുന്ന മേഖലകളിലും കാണപ്പെടുന്ന സവിശേഷ ഭൂപ്രകൃതിയാണ്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി മരവിച്ച് കിടക്കുന്ന ഭൂവിഭാഗം. മഞ്ഞും മണ്ണും കൂടിക്കുഴഞ്ഞ് കിടക്കുന്ന ഈ മേഖലകള്‍ കാനഡ മുതല്‍ സൈബീരിയ വരെയുള്ള വടക്കന്‍ ധ്രുവത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലാണ് കാണാനാകുക. എന്നാല്‍ ആഗോളതാപനില വർധിക്കുന്നതോടെ ഈ ഭൂമേഖലയും മാറുകയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഈ മാറ്റങ്ങള്‍ അനുദിനം കൂടുതല്‍ വ്യക്തമായി വരികയാണ്. ആഗോളതാപനത്തെ തുടര്‍ന്ന് മഞ്ഞ് ഉരുകുന്നതോടെ മേഖലയിലെ മണ്‍തിട്ടകള്‍ ദുര്‍ബലമായി ഇടിയുന്നതാണ് ഈ മേഖലയുടെ നിലനില്‍പ്പിനെ തന്നെ ഭീഷണിയിലാക്കുന്നത്. ഇങ്ങനെ മഞ്ഞുരുകുന്നതിലൂടെ ആയിരക്കണക്കിന് വർഷങ്ങളായി മറഞ്ഞ് കിടന്നിരുന്നു ജീവികളുടെ അവശിഷ്ടങ്ങള്‍ പുറത്തേക്ക് വരുന്നതും, അത് ഗവേഷകർക്ക് ലഭ്യമാകുന്നതും. ഇങ്ങനെ ലഭ്യമാകുന്ന ശരീരങ്ങളിലെ ഡിഎൻഎ ഉപയോഗിച്ച് ഗുഹാസിംഹങ്ങളും, മാമത്തുകളും പോലുള്ള മണ്‍മറഞ്ഞ് പോയ ജീവികളെ തിരികെ കൊണ്ടുവരാനുള്ള ശ്രമവും ഗവേഷകർ നടത്തുന്നുണ്ട്. പെര്‍മാഫ്രോസ്റ്റുകള്‍ ഉരുകുന്നതിലൂടെ ചത്തടിഞ്ഞ മൃഗങ്ങളുടെയും മറ്റും അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തേയ്ക്ക് വരുന്ന മീഥൈന്‍ ഉള്‍പ്പടെയുള്ള വാതകങ്ങള്‍ ആഗോളതാപനത്തിന് ആക്കം കൂട്ടുന്നുണ്ട്. ഇത്തരം വാതകങ്ങള്‍ക്കൊപ്പം തന്നെ ഈ മേഖലയില്‍ മറഞ്ഞ് കിടന്നിരുന്ന വൈറസുകളും, ബാക്ടീരിയകളും പോലുള്ള അതി സൂക്ഷ്മ ജീവികളും പുറത്തേക്ക് വരികയാണ്. ഇങ്ങനെയുള്ള വൈറസുകളും ബാക്റ്റീരിയകളും ഭൂമിയിലെ ജീവജാലങ്ങളെ എങ്ങനെ ബാധിക്കുമെന്നുള്ളത് ഒരു ചോദ്യ ചിഹ്നമായി ഇപ്പോഴും നിലനില്‍ക്കുകയാണ്.