‘ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ദുര്‍വിധി നിങ്ങള്‍ക്കുമുണ്ടാകും’; ഹൂതികള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍;
യെമനിലെ ഹൂതി വിമതർക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍. റോക്കറ്റ് ആക്രമണങ്ങള്‍ തുടർന്നാല്‍ ഹമാസിന്റെയും ഹിസ്ബുള്ളയുടെയും അതേ ദുർവിധിയുണ്ടാകുമെന്നാണ് ഭീഷണി. ഐക്യരാഷ്ട്ര സഭയിലെ ഇസ്രയേല്‍ അംബാസിഡർ ഡാനി ഡാനൻ ആണ് ഇറാൻ പിന്തുണയുള്ള ഹൂതികള്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം തിരിച്ചടിക്കുമെന്ന് അറിയിച്ചത്. ഡാനന്റെ മുന്നറിയിപ്പ് വന്നതിനു പിന്നാലെ യെമനില്‍ നിന്നും തൊടുത്ത ഒരു മിസൈല്‍ നിഷ്പ്രഭമാക്കിയതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലെ ബെൻ ഗുറിയോണ്‍ വിമാനത്താവളവും ദക്ഷിണ ജെറുസലേമിലെ വൈദ്യുതി നിലയവും ലക്ഷ്യമാക്കിയായിരുന്നു ഹൂതി ആക്രമണമെന്ന് സൈനിക വക്താവ് യഹ്യാ സാരീ പറഞ്ഞു. ഹൈപ്പർസോണിക്ക് ബാലിസ്റ്റിക് മിസൈലാണ് ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചത്. ഹൂതികളെ, കഴിഞ്ഞ ഒരു വർഷമായി മിഡില്‍ ഈസ്റ്റില്‍ സംഭവിച്ചതെന്താണെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ശരി, ഞങ്ങളെ നശിപ്പിക്കാൻ ശ്രമിച്ച ഹമാസിനും ഹിസ്ബുള്ളയ്ക്കും അസദിനും എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ എന്നെ അനുവദിക്കൂ. ഇത് നിങ്ങള്‍ക്കുള്ള അവസാന മുന്നറിയിപ്പാണ്. ഇതൊരു ഭീഷണിയല്ല, വാഗ്ദാനമാണ്. അവരുടെ അതേ ദയനീയമായ വിധി നിങ്ങളും പങ്കിടും”, ഡാനൻ പറഞ്ഞു. ഇസ്രയേല്‍ തങ്ങളുടെ ജനങ്ങളെ പ്രതിരോധിക്കുമെന്നും ഡാനി ഡാനൻ കൂട്ടിച്ചേർത്തു.