2025 ആദ്യമെത്തുന്നത് ഇവിടെ, അവസാനം എത്തുന്നത് 24 മണിക്കൂര്‍ കഴിഞ്ഞ് , ആഘോഷങ്ങളിങ്ങനെ;
പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനുള്ള ഒരുക്കത്തിലാണ് ലോകം.വലിയ ആഘോഷങ്ങളോടെയാണ് വിവിധ രാജ്യങ്ങള്‍ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നത്.എന്നാല്‍ ഓരോ രാജ്യങ്ങളിലും ഓരോ സമയങ്ങളിലാണ് പുതുവര്‍ഷം എത്തുന്നത്. കിരിബാത്തി റിപ്പബ്ലിക്കില്‍ സ്ഥിതി ചെയ്യുന്ന കിരിതിമാതി ദ്വീപിലാണ് ലോകത്തില്‍ ആദ്യം പുതുവര്‍ഷം പിറക്കുക. ക്രിസ്മസ് ദ്വീപ് എന്നും ഇതിന് പേരുണ്ട്. ക്രിസ്മസ് ദ്വീപിന് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ന്യൂസിലാന്‍ഡിന്റെ ഭാഗമായ ടോംഗ, ചാതം ദ്വീപുകളില്‍ വലിയ ആഘോഷമാണ് പുതുവര്‍ഷപ്പിറവി. മറുവശത്ത്, ലോകത്തിന്റെ അങ്ങേയറ്റത്ത് യുഎസിനോട് ചേര്‍ന്ന് കിടക്കുന്ന ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപിലും ഹൗലാന്‍ഡ് ദ്വീപിലുമാണ് പുതുവര്‍ഷം ഏറ്റവും അവസാനം എത്തുന്നത്. ഈ ദ്വീപുകളുടെയും ക്രിസ്മസ് ദ്വീപിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലം ഏകദേശം 26 മണിക്കൂറിന്റെ ഇടവേളയിലാണ് ഇവയില്‍ പുതുവര്‍ഷം പിറക്കുന്നതെന്ന കൗതുകകരമായ വസ്തുത കൂടിയുണ്ട്. സിഡ്നിയിലെ പ്രശസ്തമായ ഹാര്‍ബര്‍ കരിമരുന്ന് പ്രകടനം, ടോക്കിയോയിലെ ടെംപിള്‍ ബെല്‍ ചടങ്ങുകള്‍, ന്യൂയോര്‍ക്കില്‍ നിന്നുള്ള ടൈംസ് സ്‌ക്വയര്‍ ബോള്‍ ഡ്രോപ് തുടങ്ങിയവയെല്ലാം പുതുവര്‍ഷാഘോഷങ്ങളാണ്.