ലാഭത്തിന് പെട്രോളും ഡീസലുമടിക്കാൻ മാഹിയിലേയ്ക്ക് പോകുന്നവര്‍ക്ക് വൻ തിരിച്ചടി, നാളെ മുതല്‍ പ്രാബല്യത്തില്‍;
മാഹി: കുറഞ്ഞ നിരക്കില്‍ പെട്രോളും ഡീസലുമടിക്കാൻ മാഹിയിലേയ്ക്ക് വാഹനവുമായി പോകുന്നവർക്ക് വൻ തിരിച്ചടി. ജനുവരി ഒന്നുമുതല്‍ മാഹിയില്‍ ഇന്ധനവില ലിറ്ററിന് മൂന്നര രൂപയോളം വർദ്ധിക്കും. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ പരിഷ്‌കരിച്ച മൂല്യവർദ്ധിത നികുതിയുടെ (വാറ്റ്) ഭാഗമായാണ് വില കൂടുന്നത്. ലെഫ്‌റ്റനന്റ് ഗവർണർ കെ കൈലാഷ്‌നാഥനാണ് കഴിഞ്ഞ വെള്ളിയാഴ്‌ച തീരുമാനം പ്രഖ്യാപിച്ചത്.പുതുച്ചേരിയില്‍ പുതുവർഷത്തിലാണ് ഇന്ധനത്തിനുള്ള വാറ്റ് വർദ്ധിപ്പിക്കുന്നത്. പെട്രോളിന് 2.44 ശതമാനവും ഡീസലിന് 2.57 ശതമാനവുമാണ് വാറ്റ് ഉയരുന്നത്. മാഹിയിലെ പെട്രോള്‍ നികുതി 13.32 ശതമാനത്തില്‍ നിന്ന് 15.74 ശതമാനമായും ഉയരും. ഡീസല്‍ നികുതി 6.91 ശതമാനത്തില്‍ നിന്ന് 9.52 ശതമാനമായാണ് വർദ്ധിക്കുക. പുതുച്ചേരിയില്‍ ഓരോ മേഖലയിലും വ്യത്യസ്തമായാണ് ഇന്ധനവില ഉയരുന്നത്. ഇതില്‍ മാഹിയിലാണ് ഏറ്റവും വില ഉയരുന്നതെന്നാണ് വിവരം. 2021ലാണ് ഇതിന് മുൻപ് പുതുച്ചേരിയില്‍ വാറ്റ് വർദ്ധനവുണ്ടായത്. കേരളത്തിലെ പെട്രോളിന് ലിറ്ററിന് 105 രൂപയായിരിക്കെ മാഹിയിലെ നിരക്ക് 92 രൂപയാണ്. 13.93 പൈസയാണ് ലാഭം. അതിനാല്‍ തന്നെ കേരളത്തില്‍ നിന്നടക്കം നിരവധി പേരാണ് ഇന്ധനമടിക്കാൻ മാഹിയിലെത്തുന്നത്. ഇതിനാണ് ഇപ്പോള്‍ തിരിച്ചടിയാവുന്നത്. കൃത്യമായ വിലവർദ്ധനവ് എത്രയാണെന്ന് ഇന്ന് അർദ്ധരാത്രിയോടെയാവും അറിയാൻ സാധിക്കുക. ഇന്ധനവില കൂടുന്നതോടെ മാഹിയിലെ പെട്രോളിനും ഡീസലിനും ആവശ്യക്കാർ കുറയുമോയെന്നതിലും ആശങ്ക ഉയരുന്നുണ്ട്.