‘സാബുവിന് മാനസിക പ്രശ്‌നമുണ്ടായിരുന്നോയെന്ന് പരിശോധിക്കണം’; കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകനെ അധിക്ഷേപിച്ച് എംഎം മണി
ഇടുക്കി: നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് കട്ടപ്പന സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ആത്മഹത്യ ചെയ്ത വ്യാപാരിയായ സാബു തോമസിനെതിരെ അധിക്ഷേപ പരാമർശവുമായി എംഎം മണി എംഎല്‍എ.’സാബുവിന് മാനസിക പ്രശ്‌നമുണ്ടായിരുന്നോയെന്ന് പരിശോധിക്കണം’; കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകനെ അധിക്ഷേപിച്ച് എംഎം മണി സാബുവിന് മാനസിക പ്രശ്‌നമുണ്ടായിരുന്നോയെന്ന് പരിശോധിക്കണമെന്നാണ് മണി പറഞ്ഞത്. സാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കട്ടപ്പനയില്‍ നടത്തിയ വിശദീകരണ യോഗത്തിലാണ് എംഎല്‍എയുടെ വിവാദപരാമർശം. സാബുവിന്റെ മരണത്തില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ മരണത്തില്‍ ഞങ്ങള്‍ക്കോ ഞങ്ങളുടെ ബോർഡിനോ ബോർഡ് പ്രസിഡന്റിനോ യാതൊരു പങ്കുമില്ല. അതിന് തക്കതായ ഒരു പ്രവൃത്തിയും ഞങ്ങള്‍ ചെയ്തിട്ടില്ല. ഇതെല്ലാം പറഞ്ഞ് വഴിയേപോകുന്ന വയ്യാവേലി ഞങ്ങളുടെ തലയില്‍ കെട്ടിവച്ച് അതിന്റെ പാപഭാരം മുഴുവൻ ഞങ്ങളെ ഏല്‍പ്പിക്കാൻ ആരും ശ്രമിക്കേണ്ട. അങ്ങനെയൊന്നും വീഴുന്ന പ്രസ്ഥാനമല്ല സിപിഎം. മാനമിടിഞ്ഞ് വന്നാലും തടയാമെന്ന മനോഭാവമാണ് ഞങ്ങള്‍ക്ക്. ഞങ്ങള്‍ക്ക് ഒരു പങ്കുമില്ല. സാബുവിന് മറ്റെന്തെങ്കിലും മാനസിക പ്രശ്‌നമുണ്ടോ, ചികിത്സ ചെയ്തിരുന്നോ, അതിന് ഡോക്‌ടറെ സമീപിച്ചിരുന്നോ എന്നുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണ്. അല്ലാതെ ഞങ്ങളുടെ മെക്കിട്ട് കേറാൻ വന്നാല്‍ ഞങ്ങളുടെ അടുത്ത് ചെലവാകില്ല’- എന്നായിരുന്നു എംഎം മണിയുടെ വാക്കുകള്‍. കഴിഞ്ഞ ഡിസംബർ 20നാണ് കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്ബില്‍ സാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാബുവിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ച ആത്മഹത്യാകുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറി റെജിയും ജീവനക്കാരായ ബിനോയും ഷിജുവുമാണെന്ന് എഴുതിയിരുന്നു. കൂടാതെ സൊസൈറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി കുടുംബവും രംഗത്തെത്തിയിരുന്നു. പിന്നാലെ ബാങ്ക് മുൻ പ്രസിഡന്റും സി.പി.എം മുൻ ഏരിയ സെക്രട്ടറിയുമായ വി.ആർ. സജി സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു.