യു പ്രതിഭ എംഎല്‍എയുടെ മകനെ കഞ്ചാവ് കേസില്‍ പിടികൂടിയതിന് പിന്നാലെ എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ക്ക് സ്ഥലം മാറ്റം;

ആലപ്പുഴ: കായംകുളം എം എല്‍ എ യു പ്രതിഭയുടെ മകനെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തത്തിനു പിന്നാലെ എക്‌സൈസ് ഓഫീസർക്കെതിരെ പ്രതികാര നടപടി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ ജയരാജിനെയാണ് അടിയന്തിരമായി സ്ഥലം മാറ്റിയത്. മലപ്പുറത്തേയ്‌ക്കാണ് സ്ഥലംമാറ്റം.കൊല്ലം സ്വദേശിയായ പി കെ ജയരാജന്‍ ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതല ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതേയുള്ളു. ഇതിനിടെയാണ് സ്ഥലം മാറ്റിയത്. അദ്ദേഹം വിരമിക്കാൻ ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മതിയായ കാരണങ്ങളില്ലാതെയുള്ള സ്ഥലം മാറ്റം പ്രതികാര നടപടിയെന്നാണ് വിലയിരുത്തുന്നത്. ചുമതലയേറ്റതിന് പിന്നാലെ ലഹരി കേസുകളില്‍ നിരവധി പേരെ പി.കെ ജയരാജ് അറസ്റ്റ് ചെയ്തിരുന്നു. ബിനാമി കള്ളുഷാപ്പുകള്‍ക്കെതിരെയും അനധികൃത മദ്യവില്‍പ്പനയ്‌ക്കെതിരെയും അദ്ദേഹം കർശന നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകനെ കഞ്ചാവ് കൈവശം വെച്ചതിന് ഒന്‍പതാം പ്രതിയാക്കി എക്‌സൈസ് കേസെടുത്തത്. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വെച്ചതിനുമാണ് കേസ്.ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രം ചുമത്തിയ കനിവിനെ അപ്പോള്‍ തന്നെ ജാമ്യത്തില്‍ വിട്ടു. തകഴിപാലത്തിന് താഴെ നിന്നാണ് കനിവിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്.കനിവ് ഉള്‍പ്പെടെയുള്ള ഒൻപതംഗ സംഘം അവിടെ ലഹരി ഉപയോഗിക്കുകയായിരുന്നു. ഇതിനിടെ ഇവിടെയെത്തിയ ഉദ്യോഗസ്ഥർ സംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മകന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്ക് ലൈവിലൂടെ യു പ്രതിഭ എംഎല്‍എ രംഗത്തെത്തിയിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *