ഗസയില്‍ വീണ്ടും ‘രക്തസാക്ഷ്യ ഓപ്പറേഷന്‍’ നടത്തി ഹമാസ്;
ഗസ സിറ്റി: ഗസയില്‍ വീണ്ടും ‘രക്തസാക്ഷ്യ ഓപ്പറേഷന്‍’ നടത്തി ഹമാസ്. ജബലിയ കാംപിന് സമീപമാണ് അല്‍ ഖസ്സം ബ്രിഗേഡിന്റെ പ്രവര്‍ത്തകന്‍ ഓപ്പറേഷന്‍ നടത്തിയത്.സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബെല്‍റ്റ് ധരിച്ചാണ് ആക്രമണം നടത്തിയത്. ഇതില്‍ രണ്ടു ഇസ്രായേലി സൈനികര്‍ ഇല്ലാതായി. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതോടെ ഇസ്രായേലി സൈന്യം സ്ഥലം വിട്ടു. ഡിസംബറില്‍ ഇത് രണ്ടാം തവണയാണ് ഹമാസ് ‘രക്തസാക്ഷ്യ ഓപ്പറേഷന്‍’ നടത്തുന്നത്. അല്‍ ഖുദ്‌സ് ബ്രിഗേഡ് ഒരു ‘രക്തസാക്ഷ്യ ഓപ്പറേഷനും’ നടത്തി. താല്‍ അല്‍ സത്താര്‍ പ്രദേശത്ത് രണ്ട് ഇസ്രായേലി സൈനികരെ സ്‌നൈപ്പര്‍ തോക്കുകള്‍ ഉപയോഗിച്ചും അല്‍ ഖസ്സം ബ്രിഗേഡ് ഇല്ലാതാക്കിയിട്ടുണ്ട്. ബെയ്ത്ത് ഹാനൂന്‍ പ്രദേശത്ത് ഒരു ഇസ്രായേലി സൈനികവാഹനത്തെ അല്‍ ഖുദ്‌സ് ബ്രിഗേഡ് തകര്‍ത്തു. ഗസയെ ചുറ്റിവളഞ്ഞ് ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേല്‍ നടപ്പാക്കുന്ന ജനറല്‍ പ്ലാന്‍ പരാജയപ്പെടുന്നതിന്റെ സൂചനകളും പുറത്തുവന്നു തുടങ്ങി. ബെയ്ത്ത് ഹനൂന്‍ പ്രദേശത്ത് നിന്ന് അഞ്ച് ദീര്‍ഘദൂര മിസൈലുകള്‍ അല്‍ഖസ്സം ബ്രിഗേഡും അല്‍ ഖുദ്‌സ് ബ്രിഗേഡും സംയുക്തമായി വിട്ടതാണ് ഇതിന് തെളിവായി പറയുന്നത്. ഗസയില്‍ നിന്ന് വളരെ അകലെയുള്ള ജെറുസലേമിലേക്കാണ് ഒരു മിസൈല്‍ എത്തിയത്. ഗസ അധിനിവേശം തുടങ്ങിയപ്പോള്‍ ഇസ്രായേല്‍ ആദ്യം പിടിച്ച പ്രദേശങ്ങളിലൊന്നാണ് ബെയ്ത്ത് ഹനൂന്‍. അവിടെ നിന്നെല്ലാം ഹമാസിനെയും മറ്റു പ്രതിരോധപ്രസ്ഥാനങ്ങളെയും ഇല്ലാതാക്കിയെന്നാണ് ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നത്.