പുതയ്ക്കാൻ പോലും തുണിയില്ല, തല ഐസ് കട്ടി പോലെയായി,’ ഗാസയില്‍ ഒരു കുഞ്ഞുകൂടി തണുത്തു മരിച്ചു;
ജെനിൻ: ഗാസയില്‍ 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് തണുത്തു മരിച്ചു. കൊടുംതണുപ്പും മഴയും കൂടി വരുന്ന ഗാസയില്‍ തണുപ്പ് കൊണ്ട് മാത്രം മരിക്കുന്ന കുട്ടികളുടെ എണ്ണം ഇതോടെ 5 ആയി.തണുപ്പ് കൂടുമ്ബോള്‍ ശരീരത്തിനുണ്ടാവുന്ന ഹൈപ്പോതെർമിയ എന്ന അവസ്ഥ ഉണ്ടായതാണ് മരണ കാരണം. തണുപ്പിനെ എതിർക്കാനായി മതിയായ സജ്ജീകരണങ്ങള്‍ ഉണ്ടാകാതെ വരുമ്ബോഴാണ് ഹൈപ്പോതെർമിയ ഉണ്ടാകുന്നത്. മാസം തികയാതെ ജനിച്ച ഇരട്ട കുട്ടികളിലെ ഒരു കുട്ടിയാണ് തണുപ്പ് കാരണം മരിച്ചത്. കുട്ടിയുടെ തല തണുത്ത് ഐസ് കട്ടി പോലെയായിരുന്നുവെന്നും ചൂട് നല്‍കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ലായെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. രണ്ടാമത്തെ കുട്ടിയും ഹൈപ്പോതെർമിയ ബാധിച്ച നിരീക്ഷണത്തിലാണ്. ഗാസയിലെ ആശുപത്രികളില്‍ പലതും ഭാഗികമായി മാത്രം പ്രവർത്തിക്കുന്നതിനാല്‍ കുട്ടികളെ എല്ലാം ഇവിടെ ചികിത്സിക്കുന്നതും സാധ്യമല്ല. .15 മാസങ്ങളോളമായി യുദ്ധം നടക്കുന്ന ഗാസയില്‍ വെടിവെപ്പ് മൂലം വീടുകളും കെട്ടിടങ്ങളും തകർന്നതിനാല്‍ ടെൻ്റുകളിലാണ് ജനങ്ങള്‍ താമസിക്കുന്നത്. അടച്ചുറപ്പില്ലാത്ത ഈ പാർപ്പിടങ്ങളില്‍ പുതപ്പുകള്‍ ഇല്ലാതെയാണ് ആളുകള്‍ കഴിയുന്നത്. രാത്രിയില്‍ താപനില പതിവായി 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാകുന്നതിനാല്‍ അപകട സാധ്യതയും ഏറുകയാണ്. ദിവസവും 5 മുതല്‍ 6 വരെ കുഞ്ഞുങ്ങളുടെ ഹൈപ്പോതെർമിയ കേസുകളാണ് ആശുപത്രികളില്‍ എത്തുന്നത്. നിലവില്‍ ഭക്ഷണം മരുന്നുകള്‍ ശീതകാല ആവശ്യസാധനങ്ങള്‍ എന്നിവയെല്ലാം ഗാസയില്‍ എത്തിക്കുന്നത് ഇസ്രയേല്‍ തടഞ്ഞിരികുകയാണ്. തണുപ്പ് കൂടുമ്ബോള്‍ പുതയ്ക്കാനായുള്ള വസത്രങ്ങള്‍ ലഭിക്കാതെ വരുന്നത് ഉള്‍പ്പടെ അപകട സാഹചര്യത്തിൻ്റെ ഗൗരവം വർധിപ്പിക്കുകയാണ്.