മൂന്നു മാസത്തെ ഇന്റേണ്‍ഷിപ്പ്; ട്രെയിനിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ നിയമനം;നമ്മുടെ നാട്ടില്‍ കള്ളന്മാര്‍ക്കും ഒരു കമ്ബനി.

ലഖ്നൗ: മാസശമ്പളത്തിന് കള്ളന്മാരെ നിയമിച്ച്‌ മോഷണം നടത്തുന്ന സംഘം പിടിയില്‍. ഝാർഖണ്ഡ് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന മനോജ് മണ്ഡല്‍ (35) എന്നയാളുടെ നേതൃത്വത്തിലാണ് മോഷണ സ്ഥാപനം പ്രവർത്തിക്കുന്നത്. ഈ സ്ഥാപനത്തിലെ ജോലിക്കാരായ മോഷ്ടാക്കള്‍ക്ക് മാസശമ്ബളത്തിന് പുറമേ സൗജന്യ ഭക്ഷണവും താമസവും യാത്രാ അലവൻസും ഉള്‍പ്പെടെ നല്‍കുന്നുണ്ട്. രാജ്യത്ത് ആദ്യമായാണ് മോഷണത്തിനായി ഒരു സ്ഥാപനം പ്രവർത്തിക്കുന്നത് കണ്ടെത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലെ ഖൊരക്പുർ റെയില്‍വേ പോലീസ് വെള്ളിയാഴ്ച്ച മൂന്നു പേരെ പിടികൂടിയതോടെയാണ് രാജ്യത്ത് മോഷണം നടത്താൻ പ്രതിമാസ ശമ്ബളവും മറ്റ് ആനുകൂല്യങ്ങലും നല്‍കി ഒരു സ്ഥാപനം പ്രവർത്തിക്കുന്ന വിവരം പുറംലോകം അറിയുന്നത്. ഖൊരക്പുർ റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. ഗൊരഖ്പുർ റെയില്‍വേ പോലീസ് എസ്.പി. സന്ദീപ് കുമാർ മീണയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. മോഷ്ടാക്കളുടെ നേതാവ് മനോജ് മണ്ഡല്‍, പത്തൊൻപതുകാരനായ കരണ്‍ കുമാർ, മനോജിന്റെ ഇളയ സഹോദരനായ പതിനഞ്ചുകാരൻ എന്നിവരാണ് പിടിയിലായത്. ഇരുന്നൂറോളം സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാഴ്ച്ചയോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. പിടിക്കപ്പെടുമ്ബോള്‍ ഇവരുടെ കൈയില്‍ പത്തുലക്ഷത്തോളം രൂപ വിലവരുന്ന 44 ആൻഡ്രോയിഡ് ഫോണുകളും തോക്ക്, കത്തി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമുണ്ടായിരുന്നു. മൊബൈല്‍ ഫോണുകളാണ് ഗ്യാങ്ങിന്റെ പ്രധാന മോഷണ ഇനം. മോഷണത്തിലെ പ്രാഗല്ഭ്യത്തിനനുസരിച്ചാണ് ശമ്ബളം. എന്നാല്‍ എല്ലാവർക്കും സൗജന്യ ഭക്ഷണം ലഭിക്കും. മനോജാണ് ഗ്യാങ്ങിന്റെ നേതാവ്. ഇയാളുടെ നേതൃത്വത്തിലാണ് നിയമനം നടത്തുക. മോഷ്ടിക്കാൻ തത്പരരായ ആളുകള്‍ക്ക് ഗ്യാങ്ങില്‍ ചേരാം. തുടർന്ന് മനോജിന്റെ നേതൃത്വത്തില്‍ മൂന്നുമാസത്തെ ചിട്ടയായ പരിശീലനം. ട്രെയിനിങ് കാലയളവില്‍ ചെറിയ ചെറിയ മോഷണങ്ങള്‍ നടത്താൻ നിർദേശിക്കും. ഇതില്‍ വിജയിക്കുന്നവരെ നിശ്ചിത ശമ്ബളം അടിസ്ഥാനത്തില്‍ ഗ്യാങ്ങില്‍ സ്ഥിരപ്പെടുത്തും. എല്ലാവരും ഒരിടത്തുതന്നെ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാനും എളുപ്പത്തില്‍ പിടിക്കപ്പെടാതിരിക്കാനുമായി ഓരോരുത്തർക്കും വ്യത്യസ്ത സ്‌പോട്ട് നിർദേശിച്ചു നല്‍കും. അവിടെയായിരിക്കണം അവർ മോഷണം നടത്തേണ്ടത്. ഇതിനായി ട്രാവല്‍ അലവൻസും വേണമെങ്കില്‍ താമസസൗകര്യവും ചെയ്തുനല്‍കും. ഗ്യാങ്ങിലെ രണ്ടുപേർക്ക് എല്ലാ മാസവും 15,000 രൂപ ശമ്ബളവും ട്രാവല്‍ അലവൻസും താമസസൗകര്യവും നല്‍കാറുള്ളതായി മനോജ് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.മാർക്കറ്റുകളും റെയില്‍വേ സ്‌റ്റേഷനുകളുമൊക്കെയാണ് മിക്കവാറും സ്‌പോട്ട് ആയി നല്‍കുക. വളരെ വിലകൂടിയ വസ്ത്രങ്ങള്‍ ധരിക്കുന്നവരും നന്നായി ഹിന്ദി സംസാരിക്കുന്നവരുമായതിനാല്‍ കണ്ടാല്‍ വളരെ മാന്യരാണെന്നാണ് തോന്നുക. അതിനാല്‍ മോഷണം നടന്നുകഴിഞ്ഞെന്ന് അറിഞ്ഞാല്‍ത്തന്നെ ഇവർക്കെതിരേ വിരല്‍ ചൂണ്ടാനുള്ള സാധ്യത കുറവാണ്. യാത്രയ്ക്കായി സ്വന്തം വണ്ടി ഉപയോഗിക്കില്ല. ട്രെയിനുകളോ ബസ്സുകളോ ആണ് ദൗത്യത്തിന് പുറപ്പെടുമ്ബോള്‍ സ്ഥിരമായി ആശ്രയിക്കാറ്. മൊബൈലുകള്‍ മോഷ്ടിച്ചതിനുശേഷം ഒരു കാർട്ടലിനു കൈമാറി അതിർത്തി കടത്തി ബംഗ്ലാദേശിലോ നേപ്പാളിലോ എത്തിക്കും. മോഷ്ടിച്ച ഫോണുകള്‍ ട്രാക്ക് ചെയ്യാനോ സംഘത്തെ പിടികൂടുന്നതിലേക്ക് എത്താതിരിക്കാനോ ആണ് ഈ തന്ത്രം പ്രയോഗിക്കുന്നത്. സ്വന്തം നാട്ടിലെ കുറച്ച്‌ യുവാക്കളെവെച്ചാണ് മനോജ് ഈ മോഷണ പരിപാടി ആരംഭിച്ചത്.ഗ്യാങ്ങിന് ട്രെയിൻ ടിക്കറ്റുകള്‍ പോലും റിസർവ് ചെയ്തിരുന്നതായി പോലീസ് പറയുന്നു. സംശയം ഒഴിവാക്കാനായി ബോഗികള്‍ മാറി മാറിയാണ് യാത്രകള്‍. ഇത്തരത്തില്‍ മോഷ്ടിച്ച ഫോണുകളുടെ വിപണി വിലയെത്രയെന്ന് ഓണ്‍ലൈനില്‍ പരതും. തുടർന്ന് യഥാർഥ വലയില്‍നിന്ന് 30-40 ശതമാനം ഡിസ്‌കൗണ്ട് നല്‍കി വില്‍ക്കും. റൂം വാടകയ്‌ക്കെടുത്ത് കൂട്ടമായും ചില ഓപ്പറേഷനുകള്‍ നടത്തിയിട്ടുണ്ട്. കൂട്ടത്തില്‍ ഒരാളെ ഓട്ടോ സ്റ്റാൻഡിലോ മറ്റോ നിർത്തും. മോഷ്ടിച്ച മുതലുകള്‍ അതിവേഗം ഇയാളുടെ കൈകളിലെത്തിക്കും. ഉടൻതന്നെ ഇയാള്‍ അതുമായി മുങ്ങും. പശ്ചിമബംഗാള്‍ വഴിയാണ് ബംഗ്ലാദേശിലേക്ക് കടത്തുക. പ്രാദേശിക കടത്തുകാർ മുഖേനെ നേപ്പാളിലേക്കും കടത്തി ഉയർന്ന ലാഭം കൊയ്യും.

Sharing

Leave your comment

Your email address will not be published. Required fields are marked *