32 വര്‍ഷത്തെ പ്രവാസം, കോടികളുടെ സ്വത്ത്; ഇപ്പോള്‍ അനാഥാലയത്തില്‍

തൃശ്ശൂർ: 59-കാരനായ രമേഷ് മേനോന്റെ ജീവിതത്തിന് സിനിമാക്കഥകളെ വെല്ലുന്ന വഴിത്തിരിവുകളുണ്ട്. ലക്ഷങ്ങള്‍ ശമ്ബളം വാങ്ങിയിരുന്ന പ്രവാസിയില്‍നിന്ന് അനാഥാലയത്തിലെത്തിയതുവരെയുള്ള ജീവിത കഥ അവിശ്വസനീയമായി തോന്നും.ഒരു കണ്ണിനു മാത്രം അല്പം കാഴ്ചയുള്ള, പ്രമേഹം കാരണം ശരീരം പാതി തളർന്ന രമേഷ് മസ്കറ്റ്, ദുബായ്, ഷാർജ തുടങ്ങിയ സ്ഥലങ്ങളില്‍ 32 വർഷം നല്ല നിലയില്‍ ജോലി ചെയ്തിരുന്നു. നോർത്ത് പറവൂർ ചേന്ദമംഗലം സ്വദേശിയാണ്. ഇപ്പോള്‍ കുറ്റിപ്പുറത്തിനടുത്ത കുമ്ബിടിയില്‍ സർക്കാർ നിയന്ത്രിത അനാഥാലയത്തിലാണ്.ഷാർജയില്‍ ജോലി ചെയ്യുന്നതിനിടെ പ്രമേഹമുള്‍പ്പെടെയുള്ള അസുഖങ്ങള്‍ ബാധിച്ച്‌ ഒൻപതു മാസത്തോളം ചികിത്സ േതടി. 2016-ല്‍ െഎ.സി.യു.വില്‍ കിടക്കുമ്ബോള്‍ മകൻ കല്യാണ്‍ രമേഷ് കാണാൻ എത്തിയതാണ് അനാഥാലയത്തിലേക്കുള്ള യാത്രയ്ക്ക് വഴിയിട്ടത്. തുടർചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ സ്വത്ത് തന്റെ പേരിലേക്ക് എഴുതിത്തരണമെന്നായിരുന്നു ഏക മകന്റെ ആവശ്യം. ഷാർജയിലെ ഇന്ത്യൻ എംബസി വഴി സ്വത്തുക്കളുടെ അവകാശം പവർ ഒാഫ് അറ്റോണിയായി മകന്റെ പേരില്‍ നല്‍കി-2016 സെപ്റ്റംബർ ആറിന്.രോഗത്തില്‍നിന്ന് ചെറിയ മുക്തി കിട്ടിയതോടെ കൂട്ടുകാരുടെ സഹായത്തോടെ നാട്ടിലെത്തി. നെടുമ്ബാശ്ശേരിയിലെ വിമാനത്താവളത്തില്‍ വന്നിറങ്ങിയ രമേഷ് മേനോനെ മകൻ വീട്ടിലേക്കല്ല കൊണ്ടുപോയത്. കൊടുങ്ങല്ലൂരിലെ ഹോട്ടലിലേക്കാണ്. ഹോട്ടലിലാകുമ്ബോള്‍ നല്ല താമസവും ഭക്ഷണവും കിട്ടുമെന്നാണ് കാരണമായി പറഞ്ഞത്. നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ മരുന്ന് മുടങ്ങി. ഒാർമ നശിച്ചു.ഒാർമ വന്നപ്പോള്‍ കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ തെക്കേനടയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. ഒരുപാടുപേർ ചുറ്റും കൂടിനില്‍ക്കുന്നു. അവർ ചോദിച്ചു-ആരാണ്. രമേഷ് മേനോൻ തിരികെ ചോദിച്ചു- ആരാണ്. ലോഡ്ജുകാർ തിരിച്ചറിഞ്ഞു. സുമുഖനായ ഒരു യുവാവ് രമേഷ് മേനോനെ ക്ഷേത്രത്തിനുസമീപം ഇരുത്തി പോകുന്നത് ചിലർ കണ്ടിരുന്നു. നാട്ടുകാർ സംഘടിച്ച്‌ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കി.മനുഷ്യാവകാശ കമ്മിഷൻ ചെയർമാന്റെ നിർദേശപ്രകാരം ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രിബ്യൂണല്‍, മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമപ്രകാരം രമേഷ് മേനോന് സംരക്ഷണം നല്‍കണമെന്ന് കാണിച്ച്‌ മകന് ഉത്തരവ് നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. മന്ത്രിമാർ പങ്കെടുത്ത ഇരിങ്ങാലക്കുടയിലെ അദാലത്തില്‍ രമേഷ് മേനോന്റെ പരാതി എത്തിയതോടെ മകന്റെ പേരില്‍ പോലീസ് കേസെടുത്തു. അറസ്റ്റ് െചയ്യാനുള്ള നീക്കത്തിനിടെ മകൻ ഹൈക്കോടതിയില്‍നിന്ന് സ്റ്റേ നേടി.ഇതിനെതിരേ രമേഷ് മേനോൻ നല്‍കിയ ഹർജിയില്‍ സ്റ്റേ പിൻവലിച്ച്‌ ഹൈക്കോടതി 2024 ഫെബ്രുവരി 29-ന് ഉത്തരവിട്ടു. മകനെ ഹാജരാക്കണമെന്ന് ഇരിങ്ങാലക്കുട സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ 2024 ഏപ്രില്‍ ആറിലെ ഉത്തരവുമുണ്ട്. പട്ടാമ്ബി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം പട്ടാമ്ബി പോലീസ് 2024 സെപ്റ്റംബർ 13-ന് കേസെടുത്തിട്ടുണ്ട്. മകനെ കണ്ടെത്താനാകുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *