ഭൂമിയുടെ അന്തരീക്ഷം കടന്നും പോകും,ചൈനയുടെ ആറാം തലമുറ യുദ്ധവിമാനം തയ്യാര്‍, ഞെട്ടി ലോകം;
അമേരിക്ക ഉള്‍പ്പെടെയുള്ള വൻശക്തി രാജ്യങ്ങള്‍ ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകവെ അക്കാര്യത്തില്‍ ചൈന ഏറെ മുന്നിലെത്തിയെന്ന് റിപ്പോർട്ടുകള്‍. സ്വന്തമായി വികസിപ്പിച്ച ആറാം തലമുറ യുദ്ധവിമാനത്തിന്റെ പരീക്ഷണ പറക്കല്‍ ചൈന നടത്തിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍ പറയുന്നത്. പ്രതിരോധ വാർത്തകള്‍ പങ്കുവെക്കുന്ന ക്ലാഷ് റിപ്പോർട്ട് എന്ന എക്സ് അക്കൗണ്ടിലാണ് ഇതിന്റെ വിവരങ്ങള്‍ പോസ്റ്റ് ചെയ്തത്. ചൈനയുടെ ആറാം തലമുറ യുദ്ധവിമാനത്തിന് നിലവിലെ യുദ്ധവിമാനങ്ങളേക്കാള്‍ ഏറെ ഉയരത്തില്‍ പറക്കാനാകുമെന്നാണ് റിപ്പോർട്ടുകള്‍. വേണ്ടിവന്നാല്‍ ഭൂമിയുടെ അന്തരീക്ഷം മറികടന്ന് പോകാനും തിരികെ എത്താനും ശേഷിയുള്ള യുദ്ധവിമാനമാണ് ചൈനയുടേതെന്നാണ് പ്രചരിക്കുന്ന വിവരങ്ങള്‍. എന്നാല്‍ ഇതില്‍ എത്രമാത്രം സത്യമുണ്ടെന്നതില്‍ സ്ഥിരീകരണങ്ങളില്ല.അമേരിക്കയുടെ എൻഗാഡ്, ജപ്പാൻ, ഇറ്റലി, യുകെ എന്നിവരുടെ സംയുക്ത സംരംഭമായ ജിക്യാപ്, ഫ്രാൻസ്- ജർമനി സംയുക്ത സംരംഭമായ എഫ്സിഎ തുടങ്ങിയ ആറാം തലമുറ യുദ്ധവിമാനങ്ങള്‍ കണ്‍സെപ്റ്റ് മോഡലില്‍ മാത്രമായൊതുങ്ങി നില്‍ക്കവേയാണ് ചൈന ഇക്കാര്യത്തില്‍ മുന്നിലെത്തിയതെന്നതാണ് ശ്രദ്ധേയം. ഹൈപ്പർസോണിക് മിസൈലുകള്‍ വഹിക്കാനുള്ള ശേഷി, ആർട്ടിഫിഷല്‍ ഇന്റലിജൻസ്, നിലവിലെ അഞ്ചാംതലമുറ യുദ്ധവിമാനങ്ങളിലെ റഡാറുകള്‍ക്ക് പോലും കണ്ടെത്താൻ സാധിക്കാത്ത സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ തുടങ്ങിയവയാണ് ആറാം തലമുറ യുദ്ധവിമാനങ്ങളില്‍ പ്രതീക്ഷിക്കുന്നത്. മാത്രമല്ല വളരെ ദൂരത്തുനിന്നുള്ള ആക്രമണ സാധ്യതകള്‍ നേരത്തെ കണ്ടെത്താൻ സാധിക്കുമെന്നതും വ്യോമയുദ്ധത്തില്‍ ഇതിലെ പൈലറ്റിന് മേല്‍ക്കൈ നല്‍കും. ഡ്രോണുകളെ ഒപ്പം പ്രവർത്തിപ്പിക്കാനുള്ള സവിശേഷതകളും അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളുമൊക്കെ ആറാം തലമുറ വിമാനങ്ങള്‍ക്കുണ്ടാകുമെന്നാണ് വിലയിരുത്തല്‍.ചൈന ഇക്കാര്യത്തില്‍ തങ്ങളുടെ പദ്ധതി യാഥാർഥ്യമാക്കിയതോടെ പാശ്ചാത്യ രാജ്യങ്ങള്‍ അവരുടെ പദ്ധതികളും വേഗത്തിലാക്കിയേക്കും. ആറാംതലമുറ സ്വന്തമായി വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇതോടെ ചൈന മാറിയിരിക്കുകയാണ്. നിലവില്‍ നടന്നത് വിമാനത്തിന്റെ ഹൈ ആള്‍ട്ടിട്യൂഡ് ഫ്ലൈയിങ് ടെസ്റ്റാണ്. വിമാനത്തിന്റെ റേഞ്ചും സ്ഥിരതയുമാണ് നിലവില്‍ പരിശോധിച്ചത്. അഞ്ചുവർഷത്തിനുള്ളില്‍ ആറാംതലമുറ യുദ്ധവിമാനം ചൈനീസ് സൈന്യത്തിന്റെ ഭാഗമാകുമെന്നാണ് വിവരങ്ങള്‍.