ട്രെയിനിന്റെ ചക്രങ്ങള്‍ക്ക് സമീപമുള്ള ചെറിയ പ്ലാറ്റ്‌ഫോമില്‍ ഒളിച്ചിരുന്ന യുവാവ് യാത്ര ചെയ്തത് 290 കിലോമീറ്റര്‍, ആര്‍പിഎഫ് പിടികൂടിയാളെ ചോദ്യം ചെയ്തു വരുന്നു.
ഇറ്റാര്‍സിയില്‍ നിന്ന് ജബല്‍പൂരിലേക്ക് 290 കിലോമീറ്റര്‍ ട്രെയിനിന്റെ ചക്രങ്ങള്‍ക്ക് സമീപം പറ്റിപ്പിടിച്ചുകൊണ്ട് യാത്ര ചെയ്ത ആളെ പിടികൂടി റെയില്‍വേ പോലീസ്.മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഞെട്ടിക്കുന്ന സംഭവത്തില്‍, വ്യാഴാഴ്ച ദനാപൂര്‍ എക്സ്പ്രസിന്റെ കോച്ചിനടിയിലായി ഒരാള്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ദേശീയ മാധ്യമമായ ഫ്രീ പ്രസ് ജേണലിലാണ് ഈ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ട്രെയിനിന്റെ കോച്ചിനു താഴെ അപകടകരമായി ചക്രങ്ങള്‍ക്ക് സമീപം പറ്റിപ്പിടിച്ചുകൊണ്ട് അദ്ദേഹം ഇറ്റാര്‍സിയില്‍ നിന്ന് ജബല്‍പൂരിലേക്ക് 290 കിലോമീറ്റര്‍ സഞ്ചരിച്ചുവെന്നാണ് ആര്‍പിഎഫിന്റെ സംശയം. ജബല്‍പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ക്യാരേജ് ആന്‍ഡ് വാഗണ്‍ (സി ആന്‍ഡ് ഡബ്ല്യു) വിഭാഗം ജീവനക്കാര്‍ നടത്തിയ റോളിംഗ് ടെസ്റ്റിലാണ് അസാധാരണമായ കണ്ടെത്തല്‍. അവര്‍ ഒരു സാധാരണ അണ്ടര്‍ ഗിയര്‍ പരിശോധന നടത്തുന്നതിനിടെയാണ് ട്രെയിനിന്റെ എസ് 4 കോച്ചിന് താഴെ അപകടാവസ്ഥയില്‍ കിടക്കുന്ന ആളെ കണ്ടത്. റെയില്‍വേ ജീവനക്കാര്‍ അവരുടെ സ്റ്റാന്‍ഡേര്‍ഡ് അണ്ടര്‍ ഗിയര്‍ പരിശോധന നടത്തുകയായിരുന്നു, ഞെട്ടിക്കുന്ന കണ്ടെത്തല്‍. കോച്ചിന് താഴെയുള്ള ട്രോളിയില്‍ ആളെ കണ്ടെത്തി. ട്രെയിനിനടിയില്‍ നിന്ന് ഇയാളെ ബലം പ്രയോഗിച്ച് പുറത്താക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അജ്ഞാതനായ ഇയാള്‍ ഇറ്റാര്‍സിയില്‍ ട്രെയിനില്‍ കയറിയതായി സമ്മതിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) ഉദ്യോഗസ്ഥരെ ഉടന്‍ സംഭവസ്ഥലത്തേക്ക് എത്തുകയും ആളെ കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുന്നതായി വ്യക്തമാക്കി. ചോദ്യം ചെയ്യലില്‍ ടിക്കറ്റിന് പണമില്ലെന്ന് ഇയാള്‍ പറഞ്ഞു. അതിനാലാണ് ഇത്തരത്തില്‍ യാത്ര ചെയ്തതെന്ന് അവന്‍ പറഞ്ഞു.മദ്യലഹരിയിലായ ആളെ ട്രെയിനിന്റെ അടിയില്‍ നിന്ന് നീക്കം ചെയ്യുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ. തീവണ്ടിയുടെ ട്രോളിയില്‍ ഇത്രയും അപകടകരമായ ഒരു പൊസിഷനിലേക്ക് അയാള്‍ എങ്ങനെയാണ് എത്തിയതെന്ന് വ്യക്തമല്ല. ആര്‍പിഎഫ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഞെട്ടിക്കുന്ന വീഡിയോ വ്യാപകമായ ശ്രദ്ധ ആകര്‍ഷിച്ചു, പലരും ആ മനുഷ്യന്റെ ധീരവും അത്യന്തം അപകടകരവുമായ യാത്രയെക്കുറിച്ച് അവിശ്വാസം പ്രകടിപ്പിച്ചു. ഇത്തരം അശ്രദ്ധമായ പ്രവൃത്തികള്‍ യാത്രക്കാര്‍ക്കും റെയില്‍വേ ജീവനക്കാര്‍ക്കും ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് റെയില്‍വേ ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചു.