മുൻ പ്രധാനമന്ത്രി ഡോ. മന്‍മോഹൻ സിംഗിന്റെ സംസ്‌കാരം നാളെ രാവിലെ പത്തിന്; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉച്ചവരെ അവധി
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ സംസ്‌കാരം നാളെ രാവിലെ പത്തുമണിക്ക്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരചടങ്ങുകള്‍ നടക്കുക. മുന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തോട് അനുബന്ധിച്ച് നാളെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പകുതി ദിവസം അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മികച്ച രാഷ്ട്ര തന്ത്രജ്ഞനെയും സാമ്ബത്തിക വിദഗ്ധനെയുമാണെന്ന് നഷ്ടമായതെന്ന് മന്ത്രിസഭാ യോഗത്തിന്റെ അനുശോചന പ്രമേയത്തില്‍ പറയുന്നു. നിര്യാണത്തില്‍ അനുശോചിച്ച് കേന്ദ്രമന്ത്രിസഭാ യോഗം രണ്ട് മിനിറ്റ് നേരം മൗനം ആചരിച്ചു. മന്‍മോഹന്‍ സിങിന്റെ ജീവിതം വരുംതലമുറയ്ക്ക് പാഠം; പരിഷ്‌കരണങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും: നരേന്ദ്ര മോദി നാളെ രാവിലെ പത്തമണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. രാവിലെ എട്ടരയോടെ മൃതദേഹം ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. ഒന്‍പതരയ്ക്ക് വിലാപയാത്രയായി സംസ്‌കാര സ്ഥലത്തേക്ക് കൊണ്ടുപോകും. സംസ്‌കാര സ്ഥലം കുടുംബവുമായി ആലോചിച്ച് എവിടെയാണെന്ന് പിന്നീട് അറിയിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ മരണം രാജ്യത്തിന് വലിയ നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ എളിയ പശ്ചാത്തലത്തില്‍ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി പദംവരെ എത്തിയ അദ്ദേഹത്തിന്റെ വളര്‍ച്ച വരും തലമുറയ്ക്ക് പാഠമാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയില്‍ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഏറെ ഇടപെടലുകള്‍ മന്‍മോഹന്‍ സിങ് നടത്തിയതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മികച്ച പാര്‍ലമെന്റേറീയനായ മന്‍മോഹന്‍ സിങിന്റെ ജീവിതം സത്യസന്ധതയുടെയും ലാളിത്യത്തിന്റെയും പ്രതീകമാണെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തനായി മന്‍മോഹന്‍സിങ് നടത്തിയ പരിഷ്‌കരണങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. ദാരിദ്ര്യത്തോട് പോരാടി ഒരാള്‍ക്ക് എങ്ങനെ അത്യുന്നതിയിലെത്താന്‍ കഴിയുമെന്നതിന്റെ പാഠമാണ് മന്‍മോഹന്റെ ജീവിതം. ഇത് ഭാവിതലമുറയ്ക്കും പ്രചോദനമാകമെന്നും മോദി പറഞ്ഞു. വെള്ളിയാഴ്ച രാവിലെ മന്‍മോഹന്‍ സിങിന്റെ വസതിയിലെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അന്ത്യാഞ്ജി അര്‍പ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യ മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നഡ്ഡ എന്നിവരും മന്‍മോഹന്‍ സിങ്ങിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്നലെ രാത്രി 9.51ന് ആയിരുന്നു അന്ത്യം. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹം ഇന്നലെ വൈകിട്ട് ഏഴേമുക്കാലോടെ വസതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.