മൊസാംബിഖ് ജയിലിലെ കലാപം; 33 പേര്‍ കൊല്ലപ്പെട്ടു, 6000 പേര്‍ ജയില്‍ ചാടി
മപൂടോ; ക്രിസ്മസ് ദിനത്തില്‍ മൊസാംബിഖ് തലസ്ഥാനം മപൂടോയിലെ ജയിലില്‍ ഉണ്ടായ കലാപത്തില്‍ 33 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. കലാപത്തിന്റെ 6000 പേർ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ രക്ഷപ്പെട്ടവരില്‍ 150 പേരെ കണ്ടെത്തിയതായി മൊസാംബിക്കിലെ പൊലീസ് ജനറല്‍ കമാൻഡർ ബെർണാർഡിനോ റാഫേല്‍ പറഞ്ഞു. മറ്റ് രണ്ട് ജയിലുകളില്‍ നിന്നും തടവുകാർ ജയില്‍ ചാടാനുള്ള ശ്രമങ്ങള്‍ നടത്തി. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ വ്യക്തമല്ല.ഒക്ടോബറിലെ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ജയിലിന് പുറത്ത് നടന്ന പ്രതിഷേധമാണ് കലാപത്തിലേക്ക് നയിച്ചതെന്ന് ജനറല്‍ കമാൻഡർ ബെർണാർഡിനോ റാഫേല്‍ പറഞ്ഞു. നിയമമന്ത്രി ഹെലീന കിഡ ഇതിനെ എതിർത്ത് രംഗത്തെത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൊസാംബിഖില്‍ ആഭ്യന്തര കലാപം നിലനിന്നിരുന്നു.ദീർഘകാലമായി മൊസാംബിഖ് ഭരിക്കുന്ന പാർടിയായ ഫ്രെലിമോയുടെ വിജയം സുപ്രീംകോടതി തിങ്കളാഴ്ച സ്ഥിരീകരിച്ചതോടെ വോട്ടില്‍ കൃത്രിമം നടന്നതായി പ്രതിപക്ഷ പാർട്ടികള്‍ ഉന്നയിക്കുകയും ഇത് രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. സുപ്രീംകോടതിയുടെ തീരുമാനത്തിന് ശേഷം രാജ്യത്തുണ്ടായ കലാപത്തില്‍ 21 പേരെങ്കിലും കൊല്ലപ്പെട്ടതായി മൊസാംബിക് ആഭ്യന്തര മന്ത്രി പറഞ്ഞു.