
ക്രിസ്മസ് ആഘോഷത്തില്‍ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ; വേദിയില്‍ കയറി ഹനുമാന്‍ ചാലിസ ചൊല്ലി
പ്രാദേശികം
റോത്തക്ക്: ഹരിയാനയില്‍ മതപരിവര്‍ത്തനം ആരോപിച്ച് വിഎച്ച്‌പിയും ബജ്‌രംഗദളും ചേര്‍ന്ന് ക്രിസ്മസ് ആഘോഷം പൊളിച്ചു.
സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്ന് പോലീസ് ഇടപെടുകയും ക്രിസ്മസ് ആഘോഷം ഒഴിവാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. റോത്തക്കിലെ ധര്‍മ്മശാലയിലായിരുന്നു പരിപാടി. പരിപാടി നടക്കുന്ന വേദിയിലേക്ക് വിഎച്ച്‌പി പ്രവര്‍ത്തകര്‍ സംഘടിച്ച് പ്രതിഷേധവുമായി എത്തുകയും വേദിയിലേക്ക് ചാടിക്കയറി ഹനുമാന്‍ ചാലിസ ചൊല്ലുകയും പരിപാടി പിന്നീട് സംഘാടകര്‍ക്ക് ഉപേക്ഷിക്കേണ്ടതായി വരികയും ചെയ്തു.പരിപാടിയില്‍ മതപരിവര്‍ത്തനം നടക്കുന്നെന്നാണ് ആരോപണം. റസ്‌ളിംഗ് താരം ഗ്രേറ്റ് കാലി ആയിരുന്നു പരിപാടിയുടെ മുഖ്യാതിഥി. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ പരിപാടിയില്‍ പങ്കെടുക്കാതെ അദ്ദേഹം താമസിച്ച ഹോട്ടലില്‍ നിന്നു തന്നെ മടങ്ങുകയും ചെയ്തു. പിന്നീട് പോലീസ് സംഭവത്തില്‍ ഇടപെടുകയും സമാധാനത്തിന് വേണ്ടി പരിപാടി ഉപേക്ഷിക്കാന്‍ സംഘാടകരോട് ആവശ്യപ്പെടുകയും ചെയ്തു. ബജ്‌രംഗദളിന്റെ മഹന്ത് സ്വാമി അനുഭൂത് സൂര്യവംശിയായിരുന്നു പ്രതിഷേധം നയിച്ചത്. ക്രിസ്മസ് ആഘോഷങ്ങള്‍ പള്ളിക്കുളളില്‍ മാത്രം മതിയെന്നും പുറത്തു വേണ്ടെന്നും ഇവര്‍ പറഞ്ഞു. എല്ലാവര്‍ക്കും അവനവന്റെ വിശ്വാസം ആഘോഷിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ പരിപാടിയുടെ മറവില്‍ മതപരിവര്‍ത്തനം വേണ്ടെന്ന് അവര്‍ പറഞ്ഞു. സംഘാടകര്‍ പണവും രോഗശാന്തി ശുശ്രൂഷയും വാഗ്ദാനം ചെയ്ത് ആള്‍ക്കാരെ മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയാണെന്ന് ആരോപിച്ചു. അതേസമയം ഈ ആരോപണം പരിപാടിയുടെ സംഘാടകര്‍ തള്ളി. പരിപാടി ക്രിസ്തുവിന്റെ നാമത്തില്‍ എല്ലാ ദുരിതങ്ങളെയും ഇല്ലാതാക്കി എല്ലാവരിലും സന്തോഷവും പ്രതീക്ഷയും വളര്‍ത്തുകയാണ് ലക്ഷ്യമിടുന്നതെന്നും ഇവിടെ മതപരിവര്‍ത്തനം നടത്തുന്നില്ലെന്നുമാണ് സംഘാടകരുടെ മറുപടി.