സ്റ്റുഡന്റ് വിസയെടുത്ത് കാനഡയില്‍ പോയ പലര്‍ക്കും പണികിട്ടി; നടന്നത് മനുഷ്യക്കടത്ത്, ഇതുവരെ 35000പേരെ കടത്തിയെന്ന് ഇ.ഡി

മുംബയ്: ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് സ്റ്റുഡന്റ് വിസയുടെ മറവില്‍ മനുഷ്യക്കടത്ത് നടത്തുന്നതായി ഇഡി. യുഎസ് – കാനഡ അതിർത്തിയില്‍ കൊടുംശൈത്യത്തില്‍ മനുഷ്യക്കടത്തുകാർ ഉപേക്ഷിച്ച ഗുജറാത്തി കുടുംബം മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിടെയാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.2022 ജനുവരി 19നാണ് കൊടും ശൈത്യത്തില്‍ നാലംഗ കുടുംബം മരവിച്ച്‌ മരിച്ച വാർത്ത പുറത്തുവരുന്നത്. ജഗദീഷ് പട്ടേല്‍ (39), ഭാര്യ വൈശാലി (35), ഇവരുടെ 11 വയസുകാരിയായ മകള്‍, മൂന്നു വയസുകാരനായ മകനുമാണ് അനധികൃതമായി യുഎസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മരിച്ചത്. കനത്ത മഞ്ഞുവീഴ്ചക്കിടെ മനുഷ്യക്കടത്തുകാർ ഇവരെ അതിർത്തിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ കേസില്‍ പ്രതികളായ ഏജന്റുമാർക്കെതിരെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസുണ്ട്. ഇതില്‍ നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.കാനഡയിലെ 260 കോളേജുകള്‍ ഉള്‍പ്പെടുന്ന മനുഷ്യക്കടത്തുകാരുടെ ഒരു അന്താരാഷ്ട്ര സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുവെന്നാണ് ഇഡി കണ്ടെത്തിയത്. സ്റ്റുഡന്റ് വിസ വഴി ഇന്ത്യൻ പൗരന്മാരെ കാനഡ വഴി യുഎസില്‍ എത്തിക്കുമെന്നാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. ഇതിനായി 55 മുതല്‍ 60 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. വിസക്ക് അപേക്ഷിക്കുന്നവർ കാനഡയില്‍ എത്തിക്കഴിഞ്ഞാല്‍, കോളേജുകളില്‍ ചേരുന്നതിന് പകരം യുഎസ് – കാനഡ അതിർത്തി കടക്കുന്നു. പിന്നീട്, കോളേജുകളില്‍ അടച്ച ഫീസ് വ്യക്തികളുടെ അക്കൗണ്ടിലേക്ക് ലഭിക്കുന്നുവെന്നാണ് ഇഡി പറയുന്നത്.ഡിസംബർ 10 മുതല്‍ 19 വരെ മുംബയ്, നാഗ്‌പൂർ, ഗാന്ധിനഗർ, വഡോദര എന്നിവിടങ്ങളിലെ എട്ട് കേന്ദ്രങ്ങളില്‍ ഇഡി നടത്തിയ റെയ്‌ഡില്‍ മുംബയും നാഗ്‌പൂരും ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് ഏജന്റുമാർ മുഖേന പ്രതിവർഷം 35,000ത്തോളം ആളുകള്‍ അനധികൃതമായി വിദേശത്ത് കുടിയേറുന്നതായി കണ്ടെത്തി. ഗുജറാത്തില്‍ 1,700ഓളം ഏജന്റുമാരും ഇന്ത്യയിലുടനീളം 3,500ത്തോളം പേരും ഈ സംഘത്തിലുണ്ട്. ഇതില്‍ 800ലധികം പേരും നിലവില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സജീവമാണ്.പരിശോധനയിലൂടെ 19 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങള്‍ ഇഡി മരവിപ്പിക്കുകയും, രണ്ട് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും കുറ്റകരമായ രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പരിശോധനയില്‍ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *