46 ജീവനുകള്‍ക്ക് പകരം ചോദിക്കും; അതിര്‍ത്തി ലക്ഷ്യമിട്ട് അഫ്ഗാൻ സൈന്യത്തിന്റെ മുന്നേറ്റം; പരിഭ്രാന്തിയില്‍ പാകിസ്താൻ
കാബൂള്‍: വ്യോമാക്രമണത്തില്‍ പാകിസ്താനോട് പകരം ചോദിക്കാൻ അഫ്ഗാനിസ്ഥാൻ. പാകിസ്താനിലേക്ക് അഫ്ഗാൻ സൈന്യം നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകള്‍. കഴിഞ്ഞ ദിവസം അഫ്ഗാനില്‍ പാകിസ്താൻ നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണത്തില്‍ 46 പേരാണ് കൊല്ലപ്പെട്ടത്.താലിബാൻ സൈനിക വക്താവാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിച്ചത്. 15,000 താലിബാൻ സൈനികരാണ് പാക് അതിർത്തി ലക്ഷ്യമിട്ട് നീങ്ങുന്നത്. മിർ അലി ബോർഡർ വഴി തിരിച്ചടിയ്ക്കാനാണ് നിലവില്‍ അഫ്ഗാൻ പദ്ധതിയിടുന്നത്. അതേസമയം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അഫ്ഗാൻ സേനയെ പ്രതിരോധിക്കാൻ പാകിസ്താൻ സൈന്യം തയ്യാറെടുക്കുന്നുണ്ട്.അഫ്ഗാനിലെ ബർമല്‍ ജില്ലയിലെ നാലിടങ്ങളില്‍ ആയിരുന്നു പാകിസ്താന്റെ വ്യോമാക്രമണം. സംഭവത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് ഏറ്റവും കൂടുതല്‍ ജീവൻ നഷ്ടമായത്. ഈ വർഷം അഫ്ഗാനിസ്ഥാൻ നടത്തുന്ന രണ്ടാമത്തെ ആക്രമണം ആയിരുന്നു ഇത്.ആക്രമണത്തിന് പിന്നാലെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം രംഗത്ത് എത്തിയിരുന്നു. നികൃഷ്ടമായ ആക്രമണം എന്നായിരുന്നു പ്രതിരോധമന്ത്രാലയം ഇതിനെക്കുറിച്ച് പ്രതികരിച്ചത്. പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ആണെന്ന് പാകിസ്താൻ കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തിയ്ക്ക് ഇസ്ലാമിക രാഷ്ട്രം മറുനല്‍കാതിരിക്കില്ല. സ്വന്തം രാജ്യത്തിന്റെ സുരക്ഷകാത്ത് സൂക്ഷിക്കാൻ തങ്ങള്‍ക്ക് ഉത്തരവാദിത്വം ഉണ്ടെന്നും പ്രതിരോധമന്ത്രാലയം പ്രതികരിച്ചിരുന്നു. 2021 ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാൻ അധികാരത്തില്‍ എത്തിയതിന് പിന്നാലെയാണ് പാക്- അഫ്ഗാൻ അതിർത്തിയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.