“‘ഓള്‍ പാസ്’ CUT!! തോറ്റാല്‍ ഇനി അവിടെ കിടക്കും; നിയമം മാറി മക്കളെ..”
ന്യൂഡല്‍ഹി: സ്കൂള്‍ വിദ്യാഭ്യാസത്തില്‍ നിർണായക മാറ്റം വരുത്തി കേന്ദ്രസർക്കാർ. ഓള്‍ പാസ് സമ്ബ്രദായത്തിനാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഇതിനായി നോ-ഡിറ്റൻഷൻ നയത്തില്‍ സർക്കാർ മാറ്റം വരുത്തി. ഇതുപ്രകാരം 5, 8 ക്ലാസുകളിലെ വിദ്യാർത്ഥികള്‍ ഓള്‍ പാസിന് കീഴില്‍ വരില്ല. അതിനാല്‍ വാർഷിക പരീക്ഷയില്‍ പരാജയപ്പെടുന്ന കുട്ടികള്‍ക്ക് രണ്ട് മാസത്തിനകം വീണ്ടും പരീക്ഷ എഴുതാനുള്ള അവസരം ലഭിക്കും. ഇതിലും പരാജയപ്പെട്ടാല്‍ വാർഷിക പരീക്ഷയില്‍ തോറ്റതായി തന്നെ വിലയിരുത്തും. അടുത്ത ക്ലാസിലേക്ക് പ്രമോട്ട് ചെയ്യപ്പെടുകയില്ല. അതേസമയം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നതുവരെ ഒരു വിദ്യാർത്ഥിയേയും ഒരു സ്കൂളില്‍ നിന്നും പുറത്താക്കാൻ കഴിയില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം കുട്ടികള്‍ക്ക് നല്‍കുന്ന 2010ലെ നിയമത്തിലാണ് നിലവില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. കുട്ടികളുടെ പഠനഫലം മെച്ചപ്പെടുത്താൻ ഭേദഗതി സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് പുതിയ മാറ്റം. കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍, സൈനിക സ്കൂളുകള്‍ എന്നിവയടക്കം കേന്ദ്രസർക്കാരിന് കീഴിലുള്ള മൂവായിരത്തിലധികം സ്കൂളുകള്‍ക്ക് ഭേദഗതി ബാധകമാകും.സ്കൂള്‍ വിദ്യാഭ്യാസമെന്നത് സംസ്ഥാനത്തിന്റെ വിഷയമായതിനാല്‍ ഭേദഗതി നടപ്പിലാക്കണമോ വേണ്ടയോ എന്നതില്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും തീരുമാനമെടുക്കാനുള്ള വിവേചനാധികാരമുണ്ട്. 16 സംസ്ഥാനങ്ങളിലെയും ഡല്‍ഹി ഉള്‍പ്പടെ 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും സർക്കാരുകള്‍ 5, 8 ക്ലാസുകള്‍ക്ക് നോ-ഡിറ്റൻഷൻ നയം നേരത്തെ നിർത്തലാക്കിയിരുന്നു. ഹരിയാനയും പുതുച്ചേരിയും ഇതുവരെ നിലപാടറിയിച്ചിട്ടില്ല. ശേഷിക്കുന്ന സംസ്ഥാനങ്ങള്‍ നോ-ഡിറ്റൻഷൻ നയവുമായി മുന്നോട്ട് പോവുകയാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ അധികൃതർ വ്യക്തമാക്കി.നോ-ഡിറ്റൻഷൻ നയം അനുസരിച്ച്, 5, 8 ക്ലാസുകളുടെ വാർഷിക പരീക്ഷയില്‍ വിദ്യാർത്ഥികള്‍ പരാജയപ്പെട്ടാലും, അതേ ക്ലാസില്‍ അവരെ തടഞ്ഞുവയ്‌ക്കാൻ അനുവദിക്കില്ല. പരീക്ഷയില്‍ തോറ്റ വിദ്യാർത്ഥിയേയും അടുത്ത ക്ലാസിലേക്ക് പ്രമോട്ടുചെയ്യുന്നതാണ് നോ-ഡിറ്റൻഷൻ നയം അഥവാ ‘ഓള്‍ പാസ്’. ഈ നിയമം 8-ാം ക്ലാസ് വരെ ബാധകമായിരുന്നു. എന്നാല്‍ 2010ലെ നിയമത്തില്‍ ഭേദഗതി വരുത്തിയ സാഹചര്യത്തില്‍ വാർഷിക പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ വിദ്യാർത്ഥികളെ തടഞ്ഞുവയ്‌ക്കാമെന്ന് സാരം.