“ഗള്‍ഫിലെ എത്ര കൊതിപ്പിക്കുന്ന ജോലി ആയാലും ചാടിക്കേറി ഓകെ പറയരുതേ, അപകടം ഒളിഞ്ഞിരിക്കുന്നുണ്ടാവാം”
അബുദാബി: യുഎഇയില്‍ ഒരു ജോലിക്കായി ശ്രമിക്കുന്ന ധാരാളം പേരെ നമുക്ക് കാണാൻ സാധിക്കും. ഗള്‍ഫിലെ സ്ഥാപനങ്ങളില്‍ ജോലിക്കായി അപേക്ഷിച്ച് കാത്തിരിക്കുന്നവരും അനേകമാണ്.എന്നാല്‍ സ്വപ്‌നതുല്യമായ ജോബ് ഓഫർ ലഭിച്ചാലും അതില്‍ ഒപ്പ് വയ്ക്കുന്നതിന് മുൻപായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.ജോലിയുടെ സ്വഭാവം, തൊഴില്‍ ദാതാവും തൊഴിലാളിയും തമ്മിലെ ധാരണകള്‍ എന്നിവയ്ക്ക് അനുസൃതമായി യുഎഇയില്‍ തൊഴില്‍ കരാറുകള്‍ വ്യത്യാസപ്പെടുന്നു. കരാർ ഒപ്പിട്ടുകഴിഞ്ഞാല്‍, ഓഫർ ലെറ്റർ നിബന്ധനകളില്‍ വരുത്തുന്ന ഏതൊരു മാറ്റത്തിനും ജീവനക്കാരന്റെ സമ്മതം ആവശ്യമാണ്. കൂടാതെ നിയമപരമായ ചട്ടങ്ങള്‍ പാലിക്കുകയും വേണം.യുഎഇയിലെ ഏതൊരു എമിറേറ്റിലും തൊഴില്‍ ചെയ്യുന്നതിനായി ഔദ്യോഗികമായ ഒരു ജോബ് ഓഫർ ലഭിക്കണം. മാത്രമല്ല കരാറില്‍ ഒപ്പിടുകയും വർക്ക് പെർമിറ്റ്, റെസിഡൻസി വിസ എന്നിവ ലഭിക്കുകയും വേണം. ജോബ് ഓഫറില്‍ തൊഴിലിനെക്കുറിച്ചും യുഎഇ തൊഴില്‍ നിയമങ്ങളെക്കുറിച്ചും വ്യക്തമാക്കണം. തൊഴിലില്‍ പ്രവേശിക്കുന്നതിന് മുൻപായി തൊഴില്‍ ദാതാവും തൊഴിലാളിയും കരാറില്‍ ഒപ്പുവയ്ക്കണം. ഒപ്പിട്ടുകഴിഞ്ഞാല്‍ അത് നിയമപരമായി തൊഴില്‍ കരാറായി മാറും. 2016ലെ തൊഴില്‍ നിയമപ്രകാരം തൊഴിലാളിയുടെ സമ്മതമില്ലാതെ കരാറില്‍ മാറ്റങ്ങള്‍ വരുത്താൻ സാധിക്കില്ല. കരാർ നിയമപരമായി മാറുന്നതിനാല്‍ നിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും.തൊഴിലാളി ഓഫർ ലെറ്റർ വായിച്ചുവെന്നും അതിലെ നിബന്ധനകള്‍ മനസിലാക്കിയെന്നും ഉറപ്പ് വരുത്തേണ്ടത് തൊഴിലുടമയുടെ കടമയാണ്. ഒപ്പിടുന്നതിന് മുൻപ് തൊഴിലാളി കരാർ മുഴുവൻ വായിച്ചുമനസിലാക്കിയിട്ടില്ലെന്ന് തെളിഞ്ഞാല്‍ ഹ്യൂമൻ റിസോഴ്‌സ് ആന്റ് എമിറാറ്റിസേഷൻ വകുപ്പില്‍ (മൊഹ്‌റെ) തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് തൊഴില്‍ ദാതാവിന് 20,000 ദിർഹം വരെ പിഴ ലഭിക്കാം.യുഎഇയിലുള്ള തൊഴിലാളിയാണെങ്കില്‍, മൊഹ്‌റെയില്‍ നിന്ന് തൊഴിലിന് പ്രാഥമിക അനുമതി ലഭിക്കുന്നതിന് മുൻപുതന്നെ തൊഴിലാളി ഓഫർ ലെറ്ററില്‍ ഒപ്പിടേണ്ടതുണ്ട്. ഓഫർ ലെറ്ററില്‍ ഒപ്പിട്ടുകഴിഞ്ഞാല്‍, അതിന്റെ ഒരു പകർപ്പ് മൊഹ്‌റെയ്ക്ക് സമർപ്പിക്കുകയും അവരുടെ സിസ്റ്റത്തില്‍ സൂക്ഷിക്കുകയും ചെയ്യും. ഈ ഓഫർ ലെറ്ററിലെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് തൊഴിലാളിക്ക് വർക്ക് പെർമിറ്റ് നല്‍കുന്നത്.റിക്രൂട്ട്‌മെന്റ് സമയത്ത് വാഗ്ദാനം ചെയ്ത തൊഴില്‍ തന്നെയാണോ കരാറില്‍ പറഞ്ഞിരിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. വിസ തരംതിരിവ് ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. എംപ്ളോയ്‌മെന്റ് എൻട്രി പെർമിറ്റില്‍ തൊഴിലാളി യുഎഇയിലെത്തിക്കഴിഞ്ഞ് 14 ദിവസത്തിനകം ഒപ്പിട്ട കരാർ തൊഴിലുടമ മൊഹ്‌റെയില്‍ സമർപ്പിക്കണം. രാജ്യത്ത് ആദ്യമേ എത്തിക്കഴിഞ്ഞെങ്കില്‍ വിസ സ്റ്റാറ്റസില്‍ മാറ്റമുണ്ടായി കഴിഞ്ഞയുടൻ കരാർ സമർപ്പിക്കണം.കരാറില്‍ തൊഴില്‍ വേതനം, ആനുകൂല്യങ്ങള്‍, ബോണസ് തുടങ്ങിയവയെക്കുറിച്ച് പരാമർശമുണ്ടോയെന്ന് പരിശോധിക്കണം. വേതനം വാർഷിക നിരക്കിലാണോ മാസത്തിലാണോ നല്‍കിയിരിക്കുന്നതെന്നും പരിശോധിക്കണം. യുഎഇ തൊഴില്‍ നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ള തൊഴില്‍ സമയമാണോ കരാറില്‍ പരാമർശിച്ചിട്ടുള്ളതെന്നും മനസിലാക്കണം. നിയമം അനുസരിച്ച്, സ്വകാര്യ മേഖലയിലെ സാധാരണ ജോലി സമയം പ്രതിദിനം എട്ട് മണിക്കൂർ അല്ലെങ്കില്‍ ആഴ്ചയില്‍ 48 മണിക്കൂർ ആണ്. ചില സാമ്ബത്തിക മേഖലകള്‍ക്കോ ചില വിഭാഗത്തിലുള്ള തൊഴിലാളികള്‍ക്കോ ഇത് കൂടുകയോ കുറയ്ക്കുകയോ ചെയ്യാം.ഒന്നില്‍ കൂടുതല്‍ തൊഴില്‍ ദാതാക്കള്‍ക്കുവേണ്ടി ജോലി ചെയ്യുകയാണെങ്കില്‍ കരാറില്‍ പരാമർശിക്കുന്നതിലും കൂടുതല്‍ സമയം ജോലി ചെയ്യേണ്ടതില്ല. ദൂരെയുള്ള സ്ഥലത്തുനിന്നാണ് തൊഴിലാളി ജോലി ചെയ്യുന്നതെങ്കില്‍ തൊഴില്‍ ദാതാവ് തൊഴില്‍ സമയം അതിനനുസൃതമായി ക്രമീകരിക്കേണ്ടതുണ്ട്. ജോലിക്കിടെ ഒരു മണിക്കൂർ ഇടവേള നല്‍കേണ്ടതുണ്ട്. മാത്രമല്ല, ഒരുദിവസം അഞ്ച് മണിക്കൂറിലധികം ഇടവേളയില്ലാതെ തൊഴിലാളിയെ ജോലി ചെയ്യിപ്പിക്കാനും പാടില്ല.അധിക സമയം (ഓവർ ടൈം) ജോലി പ്രതിദിനം രണ്ടുമണിക്കൂറില്‍ കൂടുതലാകാൻ പാടില്ല. ഓരോ അധികമണിക്കൂറിനും വേതനത്തിന്റെ 25 ശതമാനം അധികം നല്‍കണം. രാത്രി പത്തിനും പുലർച്ചെ നാലിനും ഇടയിലാണ് ഓവർ ടൈം എങ്കില്‍ വേതനത്തിന്റെ 50 ശതമാനമാണ് അധികമായി നല്‍കേണ്ടത്. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവർക്ക് ഇത് ബാധകമല്ല.ഒരുവർഷത്തെ സർവീസ് പൂർത്തിയാക്കിയവർക്ക് ശമ്ബളത്തോടെ 30 ദിവസത്തെ അവധിക്ക് അർഹനാണ്. ആറുമാസത്തെ സർവീസ് പൂർത്തിയാക്കിയവർക്ക് മാസത്തില്‍ രണ്ടുദിവസത്തെ ലീവ് അനുവദിക്കണം. നിയമപ്രകാരം, ജീവനക്കാരൻ തന്റെ വാർഷിക അവധി രണ്ട് വർഷത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നതില്‍ നിന്ന് തൊഴിലുടമയ്ക്ക് തടയാൻ കഴിയില്ല. പിരിച്ചുവിടുമ്ബോള്‍, ഏതെങ്കിലും വാർഷിക അവധികള്‍ അടിസ്ഥാന ശമ്ബളത്തില്‍ മാത്രമേ കണക്കാക്കാൻ പാടുള്ളൂ. പാർട്ട് ടൈം തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ മണിക്കൂറിനെ അടിസ്ഥാനമാക്കിയായിരിക്കും അവധി അനുവദിക്കുക.സേവന ദൈർഘ്യത്തെ അടിസ്ഥാനമാക്കിയുള്ള ഗ്രാറ്റുവിറ്റി പേയ്‌മെന്റുകളെക്കുറിച്ച് കരാറില്‍ പരാമർശമുണ്ടോയെന്നും പരിശോധിക്കണം. കരാറില്‍ വിരമിക്കല്‍, പെൻഷൻ തുടങ്ങിയവയ്ക്കുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുക.ജോലിയില്‍ നിന്ന് വിരമിക്കുന്ന സമയത്തെ നോട്ടീസ് പിരീഡിനെക്കുറിച്ച് കരാറില്‍ പരാമർശമുണ്ടോയെന്ന് പരിശോധിക്കണം. 30 മുതല്‍ 90 ദിവസം വരെയാണ് സാധാരണയായി നോട്ടീസ് പിരീഡ്.യുഎഇയില്‍ സാധാരണ ആറുമാസമാണ് പ്രൊബേഷൻ കാലാവധി. ഈ കാലാവധിക്കുശേഷം പിരിച്ചുവിടുകയാണെങ്കില്‍ വ്യക്തമായ കാരണം നല്‍കേണ്ടതായുണ്ട്. പ്രൊബേഷൻ കാലാവധി കഴിഞ്ഞും ജോലിയില്‍ തുടരുകയാണെങ്കില്‍ ആ കാലാവധി സർവീസിന്റെ ഭാഗമായി കണക്കാക്കണം.2016ലെ നിയമപ്രകാരം അറബി, ഇംഗ്ളീഷ് എന്നിവയ്ക്ക് പുറമെ മൂന്നാമതൊരു ഭാഷ കൂടി ജോബ് ഓഫറിലും കരാറിലും ഉള്‍പ്പെടുത്തിയിരിക്കണം. ബംഗാളി, ചൈനീസ്, ദാരി, ഹിന്ദി, മലയാളം, നേപ്പാളീസ്, സിംഹളീസ്, തമിഴ്, ഉറുദു എന്നിവയില്‍ നിന്ന് തൊഴിലാളിക്ക് മൂന്നാം ഭാഷ തിരഞ്ഞെടുക്കാവുന്നതാണ്.