റോഹിങ്ക്യകളുടെ ചോര മണക്കുന്ന അരാക്കന്‍ ആര്‍മി ;
മ്യാന്മറില് നിന്ന് കുറച്ചുകാലമായി ഉയര്ന്നു കേള്ക്കുന്ന പേരാണ് അരാക്കന് ആർമി . ബംഗ്ലാദേശ് മ്യാന്മർ അതിർത്തിയില് ഏതാനും ദിവസങ്ങളായി തുടരുന്ന സംഘര്ഷങ്ങളാണ് അരാക്കനെ വീണ്ടും മാധ്യമ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. മ്യാന്മറിലെ റാഖൈന് സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന തീവ്ര ബുദ്ധിസ്റ്റ് വംശീയ സായുധ സംഘടനയാണിത്. നേരത്തെ അരാക്കന് സംസ്ഥാനം എന്നാണ് റാഖൈന് അറിയപ്പെട്ടിരുന്നത്. അരാക്കന് ജനതയുടെ സ്വയം ഭരണം സ്ഥാപിക്കുക എന്നതാണ് ഈ ഭീകരഗ്രൂപ്പിന്റെ ലക്ഷ്യം. 2009 ഏപ്രിലില് സ്ഥാപിതമായ, യുനൈറ്റഡ് ലീഗ് ഓഫ് അരാക്കന്റെ (ULA) സൈനിക വിഭാഗമാണിത്. മ്യാന്മര് സര്ക്കാരില് നിന്ന് കൂടുതല് സ്വയംഭരണവും അരാക്കന് ജനതയുടെ പരമാധികാരവും ലക്ഷ്യംവച്ച് ഭീകരപ്രവര്ത്തനങ്ങള് നടത്തിക്കൊണ്ടിരിക്കുന്ന ഗ്രൂപ്പാണിത്. അരാക്കന് ജനതയുടെ പരമാധികാരമാണ് ലക്ഷ്യമെന്നും തങ്ങള് അരാക്കന്റെ തന്നെ ഭാഗമായ റോഹിങ്ക്യന് ജനതയ്ക്ക് എതിരല്ലെന്നും പറയുന്നുണ്ടെങ്കിലും അരാക്കന് സൈന്യത്തിന് മേഖലയില് സ്വാധീനം ലഭിച്ചതോടെ അവരും മ്യാന്മര് പട്ടാളത്തെപ്പോലെ റോഹിങ്ക്യന് മുസ് ലിംകളെ വേട്ടയാടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സൈന്യത്തിന്റെ കൂട്ടക്കൊലയും അക്രമവും ഭയന്ന് 2017ഓടെ റാഖൈനില് നിന്നു ലക്ഷക്കണക്കിന് റോഹിങ്ക്യകള്ക്കാണ് ബംഗ്ലാദേശിലേക്ക് ജീവനും കൊണ്ടോടേണ്ടിവന്നത്. മ്യാന്മറിന്റെ സൈന്യത്താല് ദീര്ഘകാലമായി പീഡിപ്പിക്കപ്പെട്ട റോഹിങ്ക്യന് മുസ്ലിംകള് ഇപ്പോള് അരാക്കന് സൈന്യത്തില് നിന്ന് പുതിയ ഭീഷണികള് നേരിടുകയാണെന്ന് ഫ്രീ റോഹിങ്ക്യ കോയലിഷന്റെ സഹസ്ഥാപകനായ നെയ് സാന് എല്വിന് വ്യക്തമാക്കിയിരുന്നു. ഇപ്പോള് റാഖൈന് പ്രവിശ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും അരാക്കന് ആര്മിയുടെ അധീനതയിലാണ്. തങ്ങള് പിടിച്ചെടുത്ത സ്ഥലങ്ങളില് നിന്നെല്ലാം റോഹിങ്ക്യകളെ അവര് പുറത്താക്കുകയും ചെയ്തു. അരാക്കന് സൈന്യത്തെ മ്യാന്മര് ഭരണകൂടം നേരത്തെ തന്നെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ പട്ടാള ഭരണത്തിന് കീഴിലുള്ള സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന് കൗണ്സിലും അരാക്കനെ ഭീകരവാദ സംഘടനയായാണ് കണക്കാക്കുന്നത്.തൊഴില് തേടി ചൈനീസ് അതിര്ത്തി കടന്ന റാഖൈന് നിവാസികളായ തേരാവാദ ബുദ്ധമതക്കാരുടെ സൃഷ്ടിയായ അരാക്കന് ആര്മി വളരെപെട്ടെന്നാണ് ശക്തിപ്രാപിച്ചത്. മേഖലയിലെ ദാരിദ്ര്യവും ഭരകൂടത്തിന്റെ അവഗണനയും മൂലമുണ്ടായ ജനരോഷം തങ്ങളുടെ വളര്ച്ചയ്ക്കും വിഭവസമാഹരണത്തിനും ഇവര് ഇന്ധനമാക്കി. മ്യാന്മര് ചൈന അതിര്ത്തിയിലെ വിമതസേനകളുമായി ബന്ധമുണ്ടായിരുന്നവരാണ് എ.എ എന്ന ചുരുക്കപ്പേരില് അറിയപ്പെടുന്ന അരാക്കന് ആര്മിക്ക് നേതൃത്വം നല്കുന്നവരിലേറെയും. ഡ്രോണും ആര്ട്ടിലറിയും ഉള്പ്പെടെയുള്ള ആധുനിക ആയുധങ്ങള് സ്വന്തമാക്കാന് ഇത് അരാക്കന് സഹായകമായി. ഗറില്ല യുദ്ധമുറയിലെ പ്രാവീണ്യവും അരാക്കന് പര്വതനിരകള്, അഥവാ റാഖൈന് യോമ ഉള്ക്കൊള്ളുന്ന മേഖലയിലെ ഭൂപ്രകൃതിയും ഇവരുടെ മുന്നേറ്റത്തിന് കരുത്തുപകര്ന്നു. 2021ല് സര്ക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തതിനെ തുടര്ന്നുണ്ടായ ജനകീയപ്രക്ഷോഭങ്ങളും അരാക്കന് സൈന്യത്തിന് സ്വാധീനം വര്ധിപ്പിക്കാന് വഴിയൊരുക്കി. തെരഞ്ഞെടുക്കപ്പെട്ട പുതിയ പാര്ലമെന്റ് അധികാരത്തിലേറുന്നതിന് തൊട്ടുമുമ്ബാണ് തെരഞ്ഞെടുപ്പില് വ്യാപകമായ അഴിമതിയും ക്രമക്കേടും ആരോപിച്ച് പട്ടാളം അട്ടിമറിയിലൂടെ ഭരണം പിടിച്ചടക്കിയത്. തെരഞ്ഞെടുപ്പില് വന്ഭൂരിപക്ഷം നേടിയ ഓങ് സാന് സ്യൂചിയുടെ നേതൃത്വത്തിലുള്ള നാഷനല് ലീഗ് ഫോര് ഡെമോക്രസി (എന്.എല്.ഡി) നേതാക്കളെയെല്ലാം ജയിലിലടച്ചു. ഇതോടെ രാജ്യത്ത് പ്രതിഷേധങ്ങള് പടരുകയും വ്യത്യസ്ത വംശീയ, രാഷ്ട്രീയ പശ്ചാത്തലങ്ങളിലുള്ളവര് ഒരുമിച്ച് തെരുവിലിറങ്ങുകയും ചെയ്തു. പട്ടാള ഭരണകൂടം പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമര്ത്തി. ആയിരക്കണക്കിന് പ്രതിഷേധക്കാര് കൊല്ലപ്പെട്ടു. പതിനായിരങ്ങള് ജയിലിലാവുകയോ ഒളിവില് പോകാന് നിര്ബന്ധിതരാവുകയോ ചെയ്തു. അരാക്കന് ആര്മി അടക്കമുള്ള വിമതസേനകള് ഇത് ഭംഗിയായി ഉപയോഗിക്കുകയും ജനാധിപത്യം പുനഃസ്ഥാപിക്കാന് സമരം ചെയ്യുന്ന സംഘടനകളുമായി കൈകോര്ക്കുകയും ചെയ്തു. ഇവരൊരുമിച്ച് പീപ്പിള്സ് ഡിഫന്സ് ഫോഴ്സസ് (പി.ഡി.എഫ്) എന്ന സഖ്യമുണ്ടാക്കി. യന്ത്രത്തോക്കുകളും വ്യോമാക്രമണങ്ങളുമായി സൈന്യം ഇവരെ നേരിട്ടതോടെ മ്യന്മര് സമ്ബൂര്ണമായ ആഭ്യന്തരയുദ്ധത്തിലമര്ന്നു. ഇതിനിടയില് റാഖൈന് പ്രവിശ്യയുള്പ്പെടെയുള്ള പ്രദേശങ്ങള് അരാക്കന് സൈന്യം തങ്ങളുടെ നിയന്ത്രണത്തിന് കീഴിലാക്കി.വിദേശത്തേക്കും വ്യാപിക്കുന്ന ഭീഷണി.ഇപ്പോള് മ്യാന്മറിന് മാത്രമല്ല, ബംഗ്ലാദേശിന് കൂടി ഭീഷണിയായിക്കൊണ്ടിരിക്കുകയാണ് അരാക്കന് ആര്മി. ബംഗ്ലാദേശ് അതിര്ത്തിയില് മ്യാന്മര് സര്ക്കാരിന്റെ കീഴിലുണ്ടായിരുന്ന അവസാന പട്ടണമായിരുന്ന മൗങ്ഡോ കൂടി അരാക്കന് പിടിച്ചതാണ് പുതിയ ബംഗ്ലാദേശ് സര്ക്കാരിന് തലവേദനയായിരിക്കുന്നത്. മ്യാന്മര് പട്ടാളത്തിന്റെ വ്യോമാക്രമണങ്ങളുള്പ്പെടെ മറികടന്നായിരുന്നു അരാക്കന്റെ മുന്നേറ്റം. ഇതോടെ, ബംഗ്ലാദേശ് അതിര്ത്തിയിലെ മ്യാന്മറിന്റെ 271 കിലോമീറ്ററോളം ഭാഗം അരാക്കന് സൈന്യത്തിന്റെ കൈവശമായെന്നാണ് റിപ്പോര്ട്ട്. അതീവ തന്ത്രപ്രധാന കേന്ദ്രമായ മൗങ്ഡോ മ്യാന്മര് പട്ടാളമായ ടാറ്റ്മാഡോയില് നിന്ന് അരാക്കന് സൈന്യം പിടിച്ചെടുത്തത് ബംഗ്ലാദേശിലേക്ക് കൂടി അരാക്കന്റെ ആക്രമണം വ്യാപിക്കാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. നിലവില് ബംഗ്ലാദേശ് മ്യാന്മര് അതിര്ത്തിയിലെ ബംഗ്ലദേശ് പ്രദേശമായ ടെക്നാഫ് മേഖലയുടെ ചില ഭാഗങ്ങള് വരെ പിടിച്ചെടുത്ത് ബംഗ്ലാദേശിലെ ഏക പവിഴ ദ്വീപ് ആയ സെന്റ് മാര്ട്ടിന്സ് ദ്വീപിന് തൊട്ടടുത്ത് വരെ അരാക്കന് ആര്മി എത്തിയിട്ടുണ്ടെന്നാണ് വിവരം. മ്യാന്മറുമായുള്ള വ്യാപാരം ടെക്നാഫ് തുറമുഖം വഴിയാണ് ബംഗ്ലാദേശ് നടത്തിക്കൊണ്ടിരുന്നത്.അരാക്കന് സൈന്യം ഇന്ത്യയുടെ സഹായത്തോടെയാണ് പ്രവര്ത്തിക്കുന്നതെന്ന പ്രചാരണങ്ങളും നടക്കുന്നുണ്ട്. എക്കാലവും മ്യാന്മറിലെ പ്രശ്നങ്ങളില് ഇടപെടാറുള്ള ചൈനയുടെ അപ്രമാദിത്യം ഇല്ലാതാക്കുന്നതിന് അരാക്കന് സേനയെ സ്വന്തം പക്ഷത്ത് നിര്ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന് സര്ക്കാര് അരാക്കന് സേനയ്ക്ക് സഹായം നല്കുന്നതെന്നാണ് മ്യാന്മര് സൈന്യം ആരോപിക്കുന്നത്. ഇന്ത്യ അരാക്കന് സേനയ്ക്ക് ആയുധങ്ങളും രഹസ്യവിവരങ്ങളും കൈമാറുകയും പരിശീലനം നല്കുകയും ചെയ്യുന്നുണ്ടെന്നും ഇവര് പറയുന്നു. വിമത സേനകള്ക്ക് സൗകര്യം ചെയ്ത് കൊടുത്തും സമാധാനപ്രക്രിയക്ക് മുന്കൈയെടുത്തുമെല്ലാം മ്യാന്മറിലെ വിഷയങ്ങളില് ചൈന സജീവമായ ഇടപെടലാണ് എല്ലാകാലത്തും നടത്തിയത്. ഇങ്ങിനെ മ്യാന്മറിലെ സൈനിക സര്ക്കാറിലും വിമത സംഘങ്ങളിലും ചൈന നേടിക്കൊണ്ടിരിക്കുന്ന മേല്ക്കൈ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ അരാക്കനെ സഹായിക്കുന്നതെന്നാണ് മ്യാന്മര് സൈന്യത്തിന്റെ ആരോപണം. പാകിസ്ഥാനോട് കൂടുതല് അടുപ്പം കാണിക്കുകയും ഇന്ത്യയുമായി അത്ര നല്ല സ്വരത്തിലല്ലാതെ മുന്നോട്ടുപോവുകയും ചെയ്യുന്ന പുതിയ ബംഗ്ലാദേശ് സര്ക്കാരിനെ നിലക്കുനിര്ത്താന് ഇന്ത്യ അരാക്കനെ ഉപയോഗിക്കുമോ എന്ന സംശയമുന്നയിക്കുന്നവരുമുണ്ട്. ബംഗ്ലാദേശ് അതിര്ത്തിയില് ഇന്ത്യക്കു കൂടി അതീവ പ്രധാന്യമുള്ള സ്ഥലങ്ങള് വരുതിയിലാക്കാന് ഇന്ത്യന് വിദേശ രഹസ്യാന്വേഷണ സംഘമായ റോ (റിസേര്ച്ച് ആന്ഡ് അനാലിസിസ് വിംഗ്) ആണ് അരാക്കന് സഹായം നല്കുന്നതെന്നും അത് ഇന്ത്യയുടെ കൂടി താല്പര്യമാണെന്നുമുള്ള ആരോപണവുമുയരുന്നുണ്ട്. മ്യാന്മറുമായി അതിര്ത്തി പങ്കിടുന്ന ഇന്ത്യയുടെ വടക്കു കിഴക്കന് സംസ്ഥാനങ്ങളിലെ അസ്ഥിരതയും ക്രമസമാധാന പ്രശ്നങ്ങളും ഉയര്ത്തുന്ന വെല്ലുവിളി രൂക്ഷമാവാതിരിക്കാന് അരാക്കന് പോലുള്ള ഗ്രൂപ്പുകളെ ഇന്ത്യ വരുതിയില് നിര്ത്താന് ശ്രമിക്കുകയാണെന്ന ആക്ഷേപവും നിലനില്ക്കുന്നുണ്ട്.ആക്ഷേപങ്ങളുന്നയിക്കുകയല്ലാതെ ഇതിനൊന്നും യാതൊരു തെളിവും നല്കാന് ഇത്തരത്തില് വാര്ത്തകള് പടച്ചുവിടുന്നവര്ക്ക് കഴിഞ്ഞിട്ടില്ല. മാസങ്ങള്ക്കുമുമ്ബ് മിസോറാമില്നിന്നുള്ള രാജ്യസഭാംഗം കെ. വന്ലാല്വേന അരാക്കന് സേനാ മേധാവികളെ കണ്ടതുള്പ്പെടെയുള്ള കാര്യങ്ങളാണ് ഇതിന് തെളിവായി ഇത്തരക്കാര് ചൂണ്ടിക്കാട്ടുന്നത്. എന്നാല്, റാഖൈന് പ്രവിശ്യ, മിസോറാം സംസ്ഥാനം, കൊല്ക്കത്ത തുറമുഖം തുടങ്ങിയവ ബന്ധപ്പിച്ചുള്ള 484 മില്യണ് യു.എസ് ഡോളര് പ്രൊജക്ടായ കലാടന് മള്ട്ടി മോഡല് ട്രാന്സിറ്റ് ട്രാൻസ്പോർട് പദ്ധതിയുടെ ഭാഗമായായിരുന്നു ഈ കൂടിക്കാഴ്ച എന്ന വസ്തുത കാണാതെയാണ് മ്യാന്മര് സൈന്യമുള്പ്പെടെ ഈ ആരോപണമുയര്ത്തുന്നതെന്നാണ് മറുവാദം. മാത്രവുമല്ല, മ്യാന്മറില് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നത് എക്കാലത്തെയും ഇന്ത്യയുടെ പ്രഖ്യാപിത നിലപാടുമാണ്. എന്തുതന്നെയായാലും അതിര്ത്തിയില് അരാക്കന് പുതിയ അരാജകത്വത്തിനും ഏറ്റുമുട്ടലുകള്ക്കുമാണ് വഴിതുറന്നിരിക്കുന്നതെന്ന കാര്യത്തില് സംശയമില്ല. ഇത് മ്യാന്മറിനും ബംഗ്ലാദേശിനും മാത്രമല്ല, ഭാവിയില് ഇന്ത്യക്കും അത്ര ഗുണകരമായിരിക്കില്ലെന്ന കാര്യം ഉറപ്പാണ്.