പ്രസിഡന്റ് പദവി നഷ്ടമായ പിന്നാലെ ഭാര്യ പിരിയുന്നു, അസദിന് കഷ്ടകാലം!!
മോസ്‌കോ: ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പ്രസിഡന്റ് പദവി നഷ്ടമായ സിറിയന്‍ ഭരണാധികാരി ബശ്ശാറുല്‍ അസദിന് മറ്റൊരു തിരിച്ചടി.ഭാര്യ അസ്മ അസദ് വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ചു എന്ന് പുതിയ റിപ്പോര്‍ട്ട്. നിലവില്‍ റഷ്യയില്‍ അഭയം തേടിയ അസദും കുടുംബവും മോസ്‌കോയില്‍ കഴിയുന്നു എന്നാണ് വിവരം. അസ്മ മോസ്‌കോയിലെ കോടതിയെ സമീപിച്ചു എന്നാണ് അറബ്, തുര്‍ക്കിഷ് മാധ്യമങ്ങളിലെ വാര്‍ത്ത.24 വര്‍ഷം പ്രസിഡന്റ് പദവി അലങ്കരിച്ച ബശ്ശാറുല്‍ അസദ് ഈ മാസം ആദ്യവാരത്തിലാണ് വിമതര്‍ പിടിക്കുമെന്ന് ഉറപ്പായ വേളയില്‍ സിറിയ വിട്ടത്. അസദിന് അഭയം നല്‍കിയെന്ന് പിന്നീട് റഷ്യ സ്ഥിരീകരിച്ചു. താന്‍ പോരാടുമായിരുന്നുവെന്നും റഷ്യയുടെ ആവശ്യം പരിഗണിച്ചാണ് രാജ്യം വിട്ടതെന്നും കഴിഞ്ഞ ദിവസം അസദ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. അസദിന്റെ ഭാര്യ അസ്മ ബ്രിട്ടനിലാണ് ജനിച്ചത്.അസ്മയുടെ സിറിയന്‍ വംശജരായ മാതാപിതാക്കള്‍ ബ്രിട്ടനിലേക്ക് കുടിയേറിയതായിരുന്നു. ലണ്ടനില്‍ ജനിച്ച അസ്മ തന്റെ 25ാം വയസിലാണ് സിറിയയിലേക്ക് താമസം മാറ്റിയത്. 2000ത്തില്‍ ആയിരുന്നു ഇത്. ഇതേ വര്‍ഷമാണ് ഹാഫിസുല്‍ അസദ് മരിച്ചതും മകന്‍ ബശ്ശാറുല്‍ അസദ് സിറിയയുടെ പ്രസിഡന്റായതും. ഈ വര്‍ഷം തന്നെ അസ്മയും അസദും തമ്മിലുള്ള വിവാഹം നടക്കുകയും ചെയ്തു..1971 മുതല്‍ 2000 വരെ ഹാഫിസുല്‍ അസദ് ഭരിച്ച സിറിയ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ബശ്ശാറുല്‍ അസദ് അധികാരമേറ്റ വേളയിലും സ്ഥിതി മറിച്ചായിരുന്നില്ല. 2011ലാണ് സര്‍ക്കാര്‍ വിരുദ്ധ വിപ്ലവം തുടങ്ങിയത്. ഈ മാസം ബശ്ശാറുല്‍ അസദ് രാജ്യവിട്ട് രക്ഷപ്പെടുകയും ചെയ്തു. റഷ്യയില്‍ കടുത്ത നിയന്ത്രണത്തിലാണ് അസദ് കഴിയുന്നത് എന്ന് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.അസദിന് അഭയം നല്‍കിയെങ്കിലും റഷ്യ അദ്ദേഹത്തിന്റെ ആസ്തികള്‍ മരവിപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം. മോസ്‌കോ വിട്ടുപോകാന്‍ സാധിക്കില്ല. രാഷ്ട്രീയമായ ഒരു പരിപാടികളിലും പങ്കെടുക്കാനും സാധിക്കില്ലത്രെ. പണവും ആസ്തികളും ഉപയോഗിക്കാന്‍ സാധിക്കാത്ത മട്ടാണ്. 270 കിലോ സ്വര്‍ണം, 200 കോടി ഡോളര്‍, 18 അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ അസദിന്റേതായി മോസ്‌കോയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അടച്ചിട്ട മുറിയില്‍ താമസിക്കുംപോലെയുള്ള ജീവിതമാകാം അസ്മയെ വിവാഹ മോചനത്തിന് പ്രേരിപ്പിക്കുന്നതെന്ന് സംശയിക്കുന്നു. മോസ്‌കോ കോടതിയില്‍ അവര്‍ വിവാഹ മോചന ഹര്‍ജി നല്‍കിയിട്ടുണ്ടെന്നാണ് വാര്‍ത്ത. മാത്രമല്ല, മോസ്‌കോ വിട്ടു പോകാനും തന്റെ ജന്മനാടായ ബ്രിട്ടനില്‍ താമസിക്കാനുള്ള ആഗ്രഹവും അസ്മ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രതികരണം കേട്ട ശേഷമാകും കോടതി അന്തിമ തീരുമാനം എടുക്കുക.സിറിയയുടെ ഭരണം പിടിച്ച വിമത നേതാവും ഹയാത്ത് തഹ്രീര്‍ അല്‍ ശാം അധ്യക്ഷനുമായ അബു മുഹമ്മദ് അല്‍ ജുലാനിയെ ഭീകരപട്ടികയില്‍ നേരത്തെ അമേരിക്ക ഉള്‍പ്പെടുത്തിയിരുന്നു. പുതിയ പശ്ചാത്തലത്തില്‍ ഇത് നീക്കിയിട്ടുണ്ട്. മാത്രമല്ല, അദ്ദേഹത്തിന്റെ തലക്കിട്ടിരുന്ന വില മരവിപ്പിക്കുകയും ചെയ്തു. ഇതെല്ലാം അസദിന് ഒരിക്കലും സിറിയയിലേക്ക് തിരിച്ചുവരവ് സാധ്യമല്ല എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. അസദിന്റെ സഹോദരന്‍ മാഹിറുല്‍ അസദിനും കുടുംബത്തിനും അഭയം നല്‍കാന്‍ തയ്യാറാകാത്ത റഷ്യന്‍ ഭരണകൂടം അവരെ വീട്ടുതടങ്കലില്‍ ആക്കിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.