
മുംബയ് ഭീകരാക്രമണം: തഹാവൂര്‍ റാണയ്ക്കെതിരെ യു.എസ് സര്‍ക്കാര്‍
വാഷിംഗ്ടണ്‍: മുംബയ് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവർത്തിച്ച പാകിസ്ഥാനി – കനേഡിയൻ ബിസിനസുകാരൻ തഹാവൂർ റാണയെ (63) ഇന്ത്യയ്ക്ക് കൈമാറുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളണമെന്ന് യു.എസ് സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.ഇക്കാര്യമുന്നയിക്കാൻ റാണയ്ക്ക് അർഹതയില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.ഇന്ത്യയ്ക്ക് കൈമാറാമെന്ന കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് നിലവില്‍ ലോസ് ആഞ്ചലസിലെ ജയിലിലുള്ള റാണ സുപ്രീംകോടതിയെ സമീപിച്ചത്. റാണ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ കൈമാറിയിരുന്നു. യു.എസ് – ഇന്ത്യ കുറ്റവാളി കൈമാറ്റ ഉടമ്ബടി പ്രകാരം റാണയെ കൈമാറാനാണ് ഒരുങ്ങുന്നത്. റാണയെ ഇന്ത്യക്ക് കൈമാറാൻ കഴിഞ്ഞ വർഷം മേയില്‍ കാലിഫോർണിയയിലെ കോടതിയും ഉത്തരവിട്ടിരുന്നു. ഇതിനെതിരെ റാണ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. ഈ വിധി ശരിവച്ചുകൊണ്ട് അപ്പീല്‍ കോടതി ഇക്കഴിഞ്ഞ ആഗസ്റ്റിലും ഉത്തരവിട്ടു. റാണയും യു.എസ് ഭീകരൻ ഡേവിഡ് ഹെഡ്ലിയും ലഷ്കറെ ത്വയ്ബ അടക്കമുള്ള പാക് ഭീകര സംഘടനകള്‍ക്കൊപ്പം ചേർന്ന് മുംബയ് ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പാക് വംശജനായ ഹെഡ്ലി നിലവില്‍ അമേരിക്കൻ ജയിലിലാണ്. 2008 നവംബർ 26ന് നടന്ന ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ഡെൻമാർക്കില് ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒരു കേസിലും ലഷ്കർ ഭീകരർക്ക് സഹായം നല്കിയ കേസിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റാണയെ 2013ല്‍ ഷിക്കാഗോ കോടതി 14 വർഷം തടവിന് വിധിച്ചിരുന്നു. മുംബയ് ഭീകരാക്രമണത്തിലെ പങ്ക് തെളിയാത്തതിനാല്‍ ആ കേസില്‍ ഇയാള്‍ക്ക് യു.എസ് കോടതി ശിക്ഷ നല്‍കിയില്ല. 2020 ജൂണില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജയില്‍ മോചിതനായ ഇയാളെ ഇന്ത്യയുടെ ആവശ്യപ്രകാരം യു.എസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.